ഗുരുവായൂർ ക്ഷേത്ര ഉത്സവം തുടങ്ങി

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് തുടക്കമായി. ഒന്നാം വിളക്ക് ദിവസമായ തിങ്കളാഴ്ച രാവിലെ ആനയില്ലാ ശീവേലി നടന്നു. കോവിഡ് പശ്ചാത്തലത്തിൽ കലാപരിപാടികൾ ഉൾപ്പെടെ ഒഴിവാക്കി ആചാര ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ക്ഷേത്ര ഉത്സവം. ഉച്ചയ്ക്ക് മൂന്നു മണിക്ക് ആനയോട്ടം നടക്കും. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം  ആചാര്യവരണം. തുടർന്ന് മുളയറയിൽ മുളയിടൽ ചടങ്ങ്. രാത്രി പൂയം നാളിൽ കൊടിയേറ്റ് നടക്കും. തുടർന്ന് അത്താഴപൂജക്ക് ശേഷം ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക്

എന്നിവ ഉണ്ടാകും. ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റവും അത്താഴപൂജയും കഴിയും വരെ ഭക്തജനങ്ങൾക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശന നിയന്ത്രണം ഉണ്ടാകും. പത്തു ദിവസത്തെ ഉത്സവം ഫെബ്രുവരി 23 ന് ആറാട്ടോടെ സമാപിക്കും.

ആനയോട്ട ചടങ്ങിൽ മൂന്ന് ആനകൾ മാത്രം

ഉത്സവത്തിൻ്റെ പ്രാരംഭമായി നടത്തുന്ന ആനയോട്ട ചടങ്ങിൽ മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ അനുമതി. തൃശ്ശൂർ ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച അനുമതി ദേവസ്വത്തിന് നൽകിയത്. തിങ്കളാഴ്ച മൂന്ന് മണിക്കാണ് ആനയോട്ടം.

രവികൃഷ്ണൻ, ദേവദാസ്, വിഷ്ണു എന്നീ ആനകളാണ് പങ്കെടുക്കുക. നേരത്തെ വിദഗ്ധ സമിതി തെരഞ്ഞെടുത്ത ആറ് ആനകളിൽ നിന്ന് ഇവയെ നറുക്കിട്ടെടുക്കുകയായിരുന്നു. ബ്രഹ്മകലശാഭിഷേക ചടങ്ങിനു ശേഷം ക്ഷേത്രം കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ആദ്യ നറുക്കെടുത്തു. തുടർന്ന് ഭരണ സമിതി അംഗം അഡ്വ. കെ.വി.മോഹന കൃഷ്ണനും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും രണ്ടും മൂന്നും നറുക്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *