വേണുവിൻ്റെ മൊബൈൽ ക്യാമറ തേടുന്നത് നഗരക്കാഴ്ച
ഫോട്ടോയെടുക്കാൻ വലിയ ക്യാമറയൊന്നും വേണ്ട, ഒരു മൊബൈൽ ഫോൺ മതിയെന്ന് വേണുവിൻ്റെ ചിത്രങ്ങൾ പറയും. നഗരക്കാഴ്ചകളും നഗരജീവിതവും മൊബൈൽ ഫോൺ കൊണ്ട് ഒപ്പിയെടുക്കുന്ന വേണുവിൻ്റെ ചിത്രങ്ങളുടെ ആസ്വാദകർ സുഹൃത്തുക്കൾ തന്നെയാണ്. മിക്കവാറും എല്ലാ ദിവസവും ഒരു ചിത്രം വേണു ഫേസ് ബുക്കിൽ
പോസ്റ്റ് ചെയ്യും. അതിന് ഇംഗ്ലീഷിൽ കൗതുകകരമായ ഒരു തലവാചകവും ഉണ്ടാകും. ഫോട്ടോ കണ്ടില്ലെങ്കിൽ സുഹൃത്തുക്കൾ അന്വേഷിക്കും – ‘എന്താ ഇന്ന് ചിത്രമൊന്നും ഇല്ലേയെന്ന്.’ കോഴിക്കോട് ചാലപ്പുറം
ആനോത്ത് വീട്ടില്‍ വേണു അച്ച്യുത് കുമാറിന് രാവിലെയുള്ള നഗരത്തിലെ നടത്തവും ഒപ്പം ഫോട്ടോയെടുക്കലും ജീവിതചര്യയുടെ ഭാഗമാണ്.
നഗരത്തിൽ രാവിലെ ഇര തേടിപ്പറക്കുന്ന പക്ഷികൾ മുതൽ ചുമടെടുക്കുന്ന തൊഴിലാളികൾ വരെ വേണുവിൻ്റെ ക്യാമറക്കണ്ണ് ഒപ്പിയെടുക്കും. ഹോട്ടൽ, പത്രവില്പനക്കാരൻ, ഉന്തുവണ്ടി തൊഴിലാളികൾ, ബലൂൺ വില്പനക്കാർ ഇങ്ങനെ പലരും ഫോട്ടോയ്ക്ക്
വിഷയമാകും. പഴയൊരു വീഴാറായ കെട്ടിടം മതി, വേണുവിൻ്റെ പ്രത്യേക ആങ്കിളിൽ ആ ചിത്രം ഭംഗിയാകും. ‘ക്യാമറയുള്ള മൊബൈൽ ഫോൺ ഇറങ്ങിയ കാലം മുതലേ ഞാൻ ഫോട്ടോ എടുക്കുന്നുണ്ട്. അടുത്ത കാലത്താണ് ഫേസ് ബുക്കിൽ ഇട്ടു തുടങ്ങിയത്. എല്ലാവരും നല്ല ചിത്രങ്ങളാണെന്ന്
അഭിപ്രായപ്പെടുന്നത് തന്നെ പ്രോത്സാഹനമാണ് ‘ – വേണു പറയുന്നു. “ദി ഹിന്ദു’ ദിനപ്പത്രത്തിലെ ‘കോട്ട് സ്‌നാപ്പിങ്’ എന്ന മത്സരത്തിൽ വേണുവിൻ്റെ ചിത്രങ്ങൾക്ക് പല തവണ സമ്മാനം കിട്ടിയിട്ടുണ്ട്. രാവിലെ കോഴിക്കോട്
ബീച്ചിൽ നടക്കാൻ പോയാൽ ചെറിയ ഇടറോഡുകളിലൂടെയും സഞ്ചരിക്കും. അപ്പോൾ പല കാഴ്ചകളും കണ്ണിൽപ്പെടും. ഇങ്ങനെ പല വഴികളിലൂടെയും നടക്കുന്നതു കൊണ്ട് നഗരത്തിൻ്റെ എല്ലാ ഉൾപ്രദേശങ്ങളും കണ്ടു കഴിഞ്ഞു. രാവിലത്തെ കാഴ്ചകളല്ല ഉച്ചയ്ക്ക്. ഉച്ചയ്ക്കത്തെ കാഴ്ചകളല്ല വൈകുന്നേരം. പ്രകൃതിയും മനുഷ്യജീവിതവും
മാറിക്കൊണ്ടേയിരിക്കും. അപ്പോൾ വ്യത്യസ്ത കൗതുക ചിത്രങ്ങളും കിട്ടും- വേണു പറയുന്നു. എവിടെ പോകുമ്പോഴും വേണുവിൻ്റെ കണ്ണുകൾ കൗതുക കാഴ്ചകൾ അന്വേഷിക്കും. വർണ്ണ ഭംഗിയുള്ള കാഴ്ചകൾ അപ്പോൾ തന്നെ ഫോണിലാക്കും. ഇടയ്ക്ക് യാത്രകൾ പോകാറുണ്ട്. കോഴിക്കോട് കടപ്പുറത്ത് കൊതുകുവല പുതപ്പിച്ച് മണ്ണിൽ കിടത്തിയുറക്കിയ
നാടോടികളായ ചെറിയ കുഞ്ഞുങ്ങളുടെ ചിത്രം ഹൃദയഭേദകമായിരുന്നു. ഇവരുടെ അമ്മമാർ കടപ്പുറത്ത് ബലൂൺ വിൽപ്പനയ്ക്ക് പോയിരിക്കുകയായിരുന്നു. ഈ ചിത്രം പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചാലപ്പുറം ഗണപത് ബോയ്സ് ഹൈസ്ക്കൂൾ, ഗുരുവായൂരപ്പൻ കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. ബി കോം
കഴിഞ്ഞ് കുറച്ചു കാലം ഷെയര്‍ ട്രേഡിംഗ് ബിസ്സിനസ്സ് രംഗത്ത് പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കോഴിക്കോട് മാതൃഭൂമിയിൽ ഫോട്ടോ കമ്പോസിങ്ങ് വിഭാഗത്തിൽ പ്രവർത്തിക്കുന്നു. പരേതരായ അഡ്വ.രാമൻകുട്ടിയുടെയും പാച്ചു വീട്ടിൽ ശാരദയുടെയും മകനാണ്. ഭാര്യ കെ. സുജ.