358 ടൺ മാലിന്യം നീക്കം ചെയ്തു ; ഇത് താമരശ്ശേരി മാതൃക

കുന്നിൻ മുകളിൽ ചുറ്റും ഹരിതഭംഗി പകരുന്ന മരങ്ങൾ. ഇതിനകത്ത് കാലങ്ങളായി തള്ളിയിരിക്കുന്ന മാലിന്യ കൂമ്പാരം. ഇത് പുഴുവരിച്ച് കാക്ക കൊത്തിവലിക്കുന്നതു കണ്ടാൽ കഷ്ടം തോന്നും. പക്ഷെ ആ കാഴ്ച ഇനിയില്ല. നാലര ഏക്കർ സ്ഥലത്തെ മാലിന്യം പഞ്ചായത്ത് മുൻകൈയെടുത്ത് നീക്കം ചെയ്തു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമ പഞ്ചായത്താണ് ഇങ്ങനെയൊരു മാതൃക കാട്ടിയത്. കെട്ടിക്കിടന്ന 358 ടൺ മാലിന്യമാണ് നീക്കിയത്. പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള

അമ്പലമുക്ക് പൂവറ എസ്റ്റേറ്റിനുള്ളിലെ ട്രഞ്ചിങ്ങ് ഗ്രൗണ്ടിൽ തള്ളിയ മാലിന്യമാണ് നീക്കിയത്. പുതിയ ഭരണ സമിതി നിലവിൽ വന്നതിന് ശേഷം ഗ്രാമ പഞ്ചായത്ത് “ഹരിതം സുന്ദരം താമരശ്ശേരി ” എന്ന പേരിൽ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരികയാണ്.

പദ്ധതി നടപ്പാക്കുമ്പോൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു മാലിന്യ പ്രശ്നം. നേരത്തെ താമരശ്ശേരി അങ്ങാടിയിൽ നിന്നും മറ്റും നീക്കം ചെയ്യുന്ന മാലിന്യങ്ങൾ അശാസ്ത്രീയമായി നാലര ഏക്കർ വരുന്ന ഈ സ്ഥലത്ത് നിക്ഷേപിക്കുന്ന രീതിയായിരുന്നു. ജില്ലാ ഹരിതകേരളം മിഷനും, ശുചിത്വ മിഷനും  പ്രശ്നം ചൂണ്ടിക്കാണിക്കുകയും താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഈ വിഷയത്തിൽ ഗൗരവമായി ഇടപെടാൻ തീരുമാനിക്കുകയും ചെയ്തു. തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറിയും
അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ശാരദാ മുരളീധരൻ കഴിഞ്ഞ ഏപ്രിലിൽ നടത്തിയ അവലോകനത്തിലും വിഷയം പരാമർശിക്കപ്പെട്ടു.

കൂട്ടിക്കലർത്തിയുള്ള മാലിന്യം നീക്കം ചെയ്യൽ വലിയ വെല്ലുവിളിയായിരുന്നു. ഗ്രാമപഞ്ചായത്ത് ഇതിനായി ടെണ്ടർ ക്ഷണിച്ചപ്പോൾ ഈ രംഗത്ത് പ്രവർത്തിക്കുന്ന ‘ഗ്രീൻ വേംസ് ‘ ഏജൻസി പ്രവർത്തി ഏറ്റെടുത്തു. മാലിന്യം പ്രാഥമിക തരംതിരിക്കൽ നടത്തി

ചാക്കുകളിൽ നിറച്ച് മാസങ്ങൾ കൊണ്ടാണ് പൂർണമായും നീക്കം ചെയ്തത്. കുന്നിൻ മുകളിലുള്ള ട്രെഞ്ചിംഗ് ഗ്രൗണ്ടിൽ ചെറിയ വണ്ടിയിൽ ഇവ താഴെ എത്തിച്ച്, പിന്നീട് വലിയ വണ്ടിയിൽ സിമന്റ് ഫാക്ടറിയിൽ കൊണ്ടുപോയി ഫർണസിൽ കത്തിക്കുന്നതിനാണ് ഈ മാലിന്യം ഉപയോഗിച്ചത്. ആ നിലയിൽ മറ്റെവിടെയും നിക്ഷേപിക്കാതെ  മാലിന്യം സംസ്കരിക്കാനായി. വിവിധ ഘട്ടങ്ങളിൽ ഹരിതകേരളം മിഷൻ മോണിറ്ററിംഗ് നടത്തി. 

ഗ്രീൻവേംസ് കോഴിക്കോടിൻ്റെ സഹകരണത്തോടെയാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിതം സുന്ദരം താമരശ്ശേരി പദ്ധതി നടപ്പിലാക്കുന്നത്. നാലര ഏക്കർ വരുന്ന ട്രഞ്ചിംങ്ങ് ഗ്രൗണ്ടിൻ്റെ മനോഹാരിത നില നിർത്തികൊണ്ട് മാലിന്യ സംസ്കരണത്തിന് പ്രത്യേക കോംപ്ലക്സ് പണിയുന്നതിന് രൂപ രേഖ തയ്യാറാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ എ.അരവിന്ദൻ എന്നിവർ പറഞ്ഞു.

ട്രഞ്ചിംങ്ങ് ഗ്രൗണ്ട് മാലിന്യം പൂർണ്ണമായി നീക്കം ചെയ്തതിൻ്റെ ആഘോഷം കേക്ക് മുറിച്ച്  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്

വൈസ് പ്രസിഡണ്ട് ഖദീജ സത്താർ അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ്, വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ എം.ടി.അയ്യൂബ് ഖാൻ, ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സൺ മഞ്ജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ. ജോസഫ് മാത്യു, സംഷിദ ഷാഫി, സെക്രട്ടറി ജയ്സെൻ എൻ.ഡി, ഹെൽത്ത് ഇൻസ്പെക്ടർ സമീർ. വി, വി.ഇ.ഒ മാരായ ഫസ്ന, രസിത, ഗ്രീൻവേംസ് ഡയറക്ടർ സി.കെ.എ.ഷമീർ ബാവ, ഹരിതം സുന്ദരം കോർഡിനേറ്റർ സത്താർ പള്ളിപ്പുറം, ചാലക്കര ഇസ്ഹാഖ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *