എറണാകുളത്ത് ഗ്രാഫീൻ ഇന്നവേഷൻ സെൻ്റർ വരുന്നു

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻ്റർ കേരളത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 86.41 കോടി രൂപ ചെലവിൽ എറണാകുളത്ത് ആരംഭിക്കുന്ന ഇന്ത്യാ ഇന്നൊവേഷൻ സെൻ്റർ ഫോർ ഗ്രാഫീൻ (IICG) പദ്ധതി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സെൻ്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയും സംയുക്തമായാണ് നടപ്പാക്കുന്നത്. ടാറ്റ സ്റ്റീൽ ആണ് പദ്ധതിയിലെ പ്രധാന വ്യവസായ പങ്കാളി. അതോടൊപ്പം വ്യവസായ മേഖലയിൽ നിന്നുള്ള മറ്റു കമ്പനികളും ഇന്നവേഷൻ സെൻ്ററിനു പിന്തുണ നൽകി പ്രവർത്തിക്കും.

വജ്രത്തേക്കാൾ കാഠിന്യമുള്ളതും ഉരുക്കിനേക്കാൾ പതിന്മടങ്ങു ശക്തിയുള്ളതും കാർബണിൻ്റെ ഒറ്റപാളി ഗുണഭേദവുമായ ഗ്രാഫീൻ ശാസ്ത്രസാങ്കേതിക മേഖലയിൽ പുതിയ യുഗത്തിനു തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിലിക്കണിനു പകരം വയ്ക്കാൻ മികച്ച വൈദ്യുത-താപ ചാലകമായ ഗ്രാഫീനാകുമെന്നും ആ മാറ്റം അടുത്ത തലമുറ ഇലക്ട്രോണിക്സിൻ്റെ നാന്ദി കുറിയ്ക്കുമെന്നും കരുതപ്പെടുന്നു. അതോടൊപ്പം ഊർജ്ജോല്പാദനത്തിലും വൈദ്യശാസ്ത്രത്തിലും വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഗ്രാഫീൻ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകൾക്ക് കഴിയുമെന്നു പ്രതീക്ഷിക്കുന്നു.

ലോകമാകെ നടന്നു വരുന്ന അതിനൂതനമായ ഗ്രാഫീൻ ഗവേഷണത്തിൽ പങ്കു ചേരാനും സംഭാവനകൾ നൽകാനും ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിനു സാധിക്കുമെന്നത് അഭിമാനകരമാണ്.
പദ്ധതി വിഹിതത്തിൽ, കേന്ദ്ര സർക്കാർ 49.18 കോടി രൂപയും വ്യവസായ പങ്കാളികൾ 11.48 കോടി രൂപയും നൽകും. പദ്ധതിയ്ക്കാവശ്യമായ സ്ഥലവും കെട്ടിടങ്ങളും ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കും.

ഇന്ത്യയിൽ ഗ്രാഫീൻ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതിനായി നിക്ഷേപകരെ ആകർഷിക്കാൻ ഇന്ത്യാ ഇന്നൊവേഷൻ സെൻ്റർ ഫോർ ഗ്രാഫീൻ വഴി സാധിക്കും. സാങ്കേതികവിദ്യയുടെ വളർച്ച ഉപയോഗപ്പെടുത്തുന്ന ഇതുപോലെയുള്ള സംരംഭങ്ങൾ കേരളത്തിലെ മനുഷ്യവിഭവത്തെ മികച്ച രീതിയിൽ വിനിയോഗിക്കാനും വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറുക എന്ന ലക്ഷ്യത്തിലേയ്ക്ക് മുന്നേറാനും നമ്മെ സഹായിക്കും- മുഖ്യമന്ത്രി  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *