70 ഹെയർപ്പിന്‍ വളവുകൾ; ഇതാ ആകാശഗംഗ

സദാനന്ദൻ പാണാവള്ളി

പാലക്കാട്ടുനിന്ന് ഏകദേശം 250 കിലോമീറ്റർ ദൈർഘ്യമുള്ള കാർയാത്ര…വാളയാർ-സേലം ഹൈവേയിൽ കുമാരംപാളയവും ശങ്കരിയും കടന്ന് ചെന്നെത്തുക തമിഴ്‌നാട്ടിലെ നാമക്കൽജില്ലയിലെ കൊള്ളിമലയുടെ താഴ്വാരത്തിലാണ്‌. തെങ്ങും കവുങ്ങും മാവും പ്ലാവും വളർന്നു നിൽക്കുന്ന ഈ ഗ്രാമത്തിനു കേരളത്തിന്റെ ശാലീനതയാണ്. പിന്നെ 38 കിലോമീറ്റർ കൊള്ളിമലയുടെ മുകളിലേക്ക്. തുടരെത്തുടരെയുള്ള എഴുപത് ഹെയർപ്പിന്‍ വളവുകൾ. ഡ്രൈവു ചെയ്യുന്ന ആൾക്ക് ആശ്വാസം നൽകുന്ന ഏക ഘടകം ഹൈവേ നിലവാരത്തിൽ പണിതീർത്ത റോഡിന്റെ മികവാണ്. വഴിനീളെ ആഹാരം പ്രതീക്ഷിച്ചുനിൽക്കുന്ന കുരങ്ങന്മാരുടെ 

കൂട്ടങ്ങൾ. ചില വ്യൂ പോയന്റുകളിൽ നിന്നു ക്യാമറയിൽ ഒപ്പിയെടുക്കാവുന്ന ഭംഗിയുള്ള താഴ്വാരത്തിന്റെ വിഹഗവീക്ഷണം. മലമുകളിൽ ഗസ്റ്റ് ഹൗസും ഗ്രാമച്ചന്തയും ഏതാനും ചെറിയ ഭക്ഷണ ശാലകളും. കടുകു മുതൽ ഏലക്കാവരെയുള്ള ധാന്യാഹാരങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ചാമ്പയ്ക്ക മുതൽ ചക്കവരെയുള്ള ഫലങ്ങളുടെയും പച്ചക്കറികളുടെയും നാടൻ വിപണിയുമുണ്ടിവിടെ.

അപൂർവ്വമായി മാത്രം കാണുന്ന കറുത്തനിറത്തിലുള്ള മുതിരയും വൻപയറും ശുദ്ധമായ തേനും തീരെച്ചെറിയ മല്ലിയും ഇവിടെ ലഭ്യമാണ്.
മലമുകളിൽനിന്ന് വീണ്ടും പതിനേഴ് കിലോമീറ്റർ മുന്നോട്ടു യാത്രചെയ്താൽ അർപ്പളേശ്വരക്ഷേത്രത്തിനു മുന്നിലെത്താം. ഇവിടെനിന്നാണ് ‘ആകാശഗംഗ’ തേടിയുള്ള യാത്ര തുടങ്ങുന്നത്. തമിഴ്‌നാട് വനംവകുപ്പിന്റെ ആകായ ഗംഗ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രക്ക് എക്കോ ടൂറിസം കമ്മറ്റി ഈടാക്കുന്നത് ഒരാൾക്ക് 20 രൂപയാണ്.
മലമടക്കുകളിലൂടെ അഗാധമായ താഴ് വാരത്തിലേക്കു കോണ്‍ക്രീറ്റിൽ തീർത്ത 1196 പടികൾ. വളഞ്ഞു പുളഞ്ഞു താഴോട്ടൊഴുകുന്ന ഈ പടി

കൾക്കിടയിൽ അവിടവിടെ വമ്പൻ പാറകൾ മേൽക്കൂരയായുള്ള വിശ്രമസങ്കേതങ്ങൾ. ഇവിടങ്ങളിൽ നിന്നുള്ള കാഴ്ചകൾ നയനാനന്ദകരമായ പ്രകൃതിദൃശ്യങ്ങളാണ്. എത്ര ഒപ്പിയെടുത്താലും മനസ്സിനും ക്യാമറക്കും മതിവരാത്ത ഹരിതാഭമായ കാഴ്ചകൾ.1196 പടികൾ ഇറങ്ങിച്ചെല്ലുന്നത് ഏകദേശം 100 അടി മുകളിൽ നിന്നും താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിനു മുന്നിലേക്കാണ്. തമിഴിൽ ആകായഗംഗ എന്നു  വിളിക്കുന്ന തെളിമയുടെയും തണുപ്പിന്റെയും സായൂജ്യപ്രവാഹം ! സമുദ്രനിരപ്പിൽ നിന്ന് 4265 അടി ഉയരത്തിലാണ് ഈ പ്രദേശം.

വഴുക്കലുള്ള പാറപ്പുറങ്ങളിൽ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് കയർ വടങ്ങൾ ആശ്രയമാണെങ്കിലും അതീവ ശ്രദ്ധയില്ലെങ്കിൽ കാൽവഴുതാതിരിക്കില്ല. ടൗണിലെ അന്തരീക്ഷമാലിന്യങ്ങളിൽ നിന്നും ആരാവങ്ങളിൽ നിന്നും മാറി പ്രകൃതിയിലലിഞ്ഞു ഒരു കുളിരലക്കുളി.
തിരിച്ചുള്ളയാത്രയിലാണ് 1196 പടികളുടെ കഠിന ഗംഭീര്യത്തെ തിരിച്ചറിയാൻ കഴിയുക. ഈ പടികളുടെ കിഴുക്കാം തൂക്കായ നിർമ്മിതിയും ചിലയിടങ്ങളിൽ പടികൾ തമ്മിലുള്ള അകലവും കയറ്റത്തെ വിഷമമുള്ളതാക്കി മാറ്റുന്നു. ഈ പ്രദേശത്തു വൈദ്യുതി ലഭ്യമല്ലാത്തതിനാലും വനപ്രദേശമായതിനാലും മൂന്നു മണിക്ക് ശേഷം ഇവിടെ പ്രവേശനമില്ല. നിത്യജീവിതത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞു ഒരു യാത്ര ആഗ്രഹിക്കുന്നവർക്ക് ഉല്ലാസവും അൽപ്പം സാഹസികതയും ഊർജ്ജദായകവുമാണ് കൊള്ളിമലയിലെ ആകാശഗംഗ തേടിയുള്ള യാത്ര.

Leave a Reply

Your email address will not be published. Required fields are marked *