പഠനത്തിനൊപ്പം അച്ചടക്കവും പഠിപ്പിച്ച പ്രൊഫ.സി.കെ.നാരായണൻ
അന്തരിച്ച പ്രൊഫ. സി.കെ.നാരായണനെക്കുറിച്ച് അദ്ദേഹത്തോടൊപ്പം ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിച്ച പ്രൊഫ. സി. വേണുനായർ എഴുതുന്നു.
പ്രിൻസിപ്പൽ ഒന്ന് കോളേജ് വരാന്തയിലൂടെ നടന്നാൽ മതി, പിന്നെ കുട്ടികൾ ക്ലാസിൽ തള്ളിക്കയറി അതാത് സ്ഥാനത്തിരിക്കും. പാൻ്റും ഫുൾക്കൈ ഷർട്ടുമിട്ട് പിന്നിൽ കൈയും കെട്ടി വരാന്തയിലൂടെയുള്ള നാരായണൻ സാറിൻ്റെ ആ നടപ്പ് മിക്കവാറും രാവിലെ ലോംഗ് ബെല്ലിനു ശേഷമായിരിക്കും. ഈ നടത്തത്തിനിടയിൽ കണ്ണടയ്ക്കിയിലൂടെ കണ്ണുരുട്ടി ഒരു നോട്ടമുണ്ട്. കുട്ടികൾക്ക് അദ്ദേഹത്ത നല്ല പേടിയാണ്, ഒപ്പം ബഹുമാനവും.
കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ പ്രൊഫ.സി.കെ.നാരായണൻ കാഞ്ഞങ്ങാട് നെഹറു ആർട്സ് ആൻ്റ് സയൻസ് കോളേജിൻ്റെ മൂന്നാമത്തെ പ്രിൻസിപ്പലായിരുന്നു. പ്രൊഫ.ഐ.ജി മേനോൻ കാലിക്കറ്റ് സർവ്വകലാശാല പരീക്ഷാ കൺട്രോളറായി പോയപ്പോഴാണ് അദ്ദേഹം പ്രിൻസിപ്പൽ സ്ഥാനത്തെത്തിയത്. വിദ്യാഭ്യാസത്തിനൊപ്പം അച്ചടക്കവും പഠിപ്പിച്ച അധ്യാപകനായിരുന്നു അദ്ദേഹം. ‘പ്രിൻസിപ്പൽ പ്രൊഫ.സി.കെ.നാരായണൻ’ എന്ന പേര് ഇന്നും പൂർവ്വ വിദ്യാർത്ഥികൾ
ഓർക്കുന്നതും അതുകൊണ്ടാണ്. കലയ്ക്കും കായിക വിദ്യാഭ്യാസത്തിനും അദ്ദേഹം ഊന്നൽ നൽകി. എഴുത്തുകാരനും പ്രാസംഗികനും പ്രകൃതി സ്നേഹിയുമായിരുന്നു. നാട്ടിൽ നിന്നു പോലും ചെടികൾ ബാഗിലിട്ടു കൊണ്ടുവന്ന് കോളേജിൽ നട്ടുവളർത്തി. ചെറിയൊരു പൂന്തോട്ടവും അവിടെയുണ്ടാക്കി. മംഗലാപുരത്തും മദ്രാസ് പ്രസിഡൻസി കോളേജിലും വിദ്യാഭ്യാസം ചെയ്തതു കൊണ്ടാകാം. നെഹറു കോളേജിൽ അദ്ദേഹം സ്പോർട്സിനും പ്രാമുഖ്യം നൽകിയിരുന്നു. നല്ലൊരു ടെന്നീസ് കളിക്കാരനായിരുന്ന അദ്ദേഹം കോളേജിൽ ടെന്നീസ് കോർട്ടുണ്ടാക്കി അധ്യാപകരെയും കുട്ടികളെയും കളിക്കളത്തിലിറക്കി. കോളേജിൽ അധ്യാപക, വിദ്യാർത്ഥി ടീമിനെയും ഉണ്ടാക്കി.
ഞാനും കെമിസ്ട്രി വകുപ്പിലെ എ.മുരളീധരനും അദ്ദേഹത്തോടൊപ്പം കളിക്കളത്തിൽ എന്നുമുണ്ടായിരുന്നു. ഞങ്ങളുടെ ടീം കണ്ണൂരും മറ്റ് പല സ്ഥലത്തും മത്സരിച്ചിട്ടുണ്ട്. അന്ന് കാലിക്കറ്റ് സർവ്വകലാശാലയിലെ
കോളേജുകളിലൊന്നും ടെന്നീസ് പ്രചാരം നേടിയിരുന്നില്ല. കണ്ണൂർ എസ്.എൻ.കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായിരിക്കെയാണ് അദ്ദേഹം1974 ൽ നെഹറു കോളേജിൽ എത്തുന്നത്. കെ.ജെ.മൈക്കിൾ, വി.എം.ജോസഫ്, കെ.പി.മാധവൻ നായർ എന്നിവരാണ് അന്ന് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൽ ഉണ്ടായിരുന്നത്.1975 ലാണ് ഞാൻ അവിടെ അധ്യാപകനായത്. മിക്കവാറും ഡ്രാമയാണ് ക്ലാസിൽ അദ്ദേഹംഎടുക്കുക. അത് നന്നായി
അഭിനയിച്ച് കാണിക്കുകയും ചെയ്യും. കോളേജ് ഡേ തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ടൈ കെട്ടി നല്ല ഗെറ്റപ്പിലാണ് വരുക. കണ്ണൂരെ വീട്ടിൽ നിന്ന് രാവിലെ ട്രെയിനിൽ നീലേശ്വരത്തെത്തി അവിടെ നിന്ന് ബസ്സിലാണ് കോളേജിലെത്തുക. എല്ലാ ദിവസവും കൃത്യം ഒമ്പതു മണിക്ക് അദ്ദേഹം എത്തും. അന്ന് ഹിസ്റ്ററി ആൻറ് എക്കണോമിക്സ്, മാത്ത്സ് ആൻ്റ് സ്റ്റാറ്റിറ്റിക്സ് എന്നീ ഡിഗ്രി കോഴ്സുകളേയുള്ളു. പ്രീഡിഗ്രി ഫസ്റ്റ്, സെക്കൻ്റ്, തേഡ് ഗ്രൂപ്പുകളുമുണ്ട്.
രണ്ട് കെട്ടിടങ്ങളേ അന്നുള്ളു. ഒറ്റ സ്റ്റാഫ് റൂമായിരുന്നു. അധ്യാപകർക്ക് സ്വന്തമായി മേശ പോലുമില്ല. ഡസ്ക്കായിരുന്നു. ഇംഗ്ലീഷ് വകുപ്പ്
തലവനായ അദ്ദേഹം താർപ്പായ തട്ടികൊണ്ട് മറച്ചുണ്ടാക്കിയ സ്ഥലത്താണ് അന്ന് ഇരുന്നത്. 1976- ൽ നാരായണൻ സാർ പ്രിൻസിപ്പിലായി. ഒരിക്കൽ എന്തോ ഒരു പ്രശ്നത്തിൻ്റെ പേരിൽ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കോളേജിനു മുന്നിൽ തടഞ്ഞുവെച്ചിരുന്നു. അത് ഒന്നര മണിക്കൂറോളം നീണ്ടപ്പോൾ കുട്ടികൾ അദ്ദേഹത്തിന് ഇരിക്കാൻ കസേര കൊണ്ടിട്ടു. പക്ഷെ അദ്ദേഹം ഇരുന്നില്ല. ഞാൻ സ്പോർട്സ്മാനാണ് എത്ര നേരം വേണമെങ്കിലും നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് അന്നത്തെ പത്രം കൊണ്ടുവരാൻ പറഞ്ഞ്
അവിടെ നിന്നു കൊണ്ട് കുറേ നേരം വായിച്ചു. ഇതു കഴിഞ്ഞ് കുട്ടികൾ ഈ സംഭവത്തിൽ അദ്ദേഹത്തോട് ഖേദം പ്രകടിപ്പിച്ചു എന്നാണ് എൻ്റെ ഓർമ്മ. അധ്യാപകർക്കെല്ലാം മാതൃകയായിരുന്ന അദ്ദേഹം 1990 ലാണ് വിരമിച്ചത്. പഠനപ്രവർത്തനങ്ങളിലും പ്രശ്ന പരിഹാരത്തിലും അദ്ദേഹം എല്ലാവർക്കും വഴികാട്ടികൂടിയായിരുന്നു.
കുടുംബം, വിദ്യാഭ്യാസം
കണ്ണൂർ പുഴാതി ഹൗസിങ് കോളനിയിലെ ‘മംഗൾ ദീപ് ‘വീട്ടിലായിരുന്നു താമസം. കണ്ണൂർ കോട്ടയം ഓലായിക്കരയിലാണ് ജനിച്ചത്. കതിരൂർ ഹൈസ്ക്കൂൾ, ഫാറൂഖ് കോളേജ്, മംഗലാപുരം ഗവ.കോളേജ്, മദ്രാസ് പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കണ്ണൂർ എസ്.എൻ. കോളേജ് അധ്യാപകൻ, കാഞ്ഞങ്ങാട് നെഹറു ആർട്സ് ആൻറ് സയൻസ് കോളേജ് പ്രിൻസിപ്പൽ, കണ്ണൂർ ശ്രീ നാരായണ വിദ്യാമന്ദിർ പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഷെല്ലിയുടെ കവിതകൾ, All for love, Atumnal Leaves എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. കൂത്തുപറമ്പിൽ അധ്യാപകനായിരുന്ന കെ.കെ.കുഞ്ഞിരാമൻ്റെയും കോട്ടായി ചപ്പില ടീച്ചറുടെയും മകൻ. ഭാര്യ. എ.ടി.സാവിത്രി (റിട്ട. പ്രധാനാധ്യാപിക. ഗവ.ഹൈസ്ക്കൂൾ, തോട്ടട ). മക്കൾ ഡോ.ജയ്ദീപ് നാരായണൻ, മംഗളാരാജ്പാൽ, കെ.സുദീപ്.
‘ His life was gentle and the elements mixed so well in him that Nature might stand up and say to all the world “This was a man”….’