കോവിഡിനെതിരെ വിദ്യാർത്ഥികൾക്ക് കാർട്ടൂൺ മത്സരം
കോവിഡ് അതിവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രോഗത്തെപ്പറ്റി ബോധവൽക്കരിക്കാൻ വിദ്യാർത്ഥികൾക്കായി കാർട്ടൂൺ മത്സരം. കേരള മീഡിയ അക്കാദമിയും കേരള കാർട്ടൂൺ അക്കാദമിയും ചേർന്നാണ് ബോധവൽക്കരണ കാർട്ടൂൺ രചനാ മത്സരം ഒരുക്കുന്നത്. ഹൈസ്കൂൾ (8 – 12 ക്ലാസ്), കോളേജ് വിദ്യാർത്ഥികൾക്കായി രണ്ട് വിഭാഗങ്ങളിലായിട്ടാണ് മത്സരം. ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 4000 രൂപയും മൂന്നാം സമ്മാനം 2500 രൂപയുമാണ്.
കോവിഡ് പ്രതിരോധം പ്രമേയമാക്കിയ കാർട്ടൂണുകളാണ് അയക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 10. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. ഒരു വിദ്യാർത്ഥിക്ക് മൂന്ന് കാർട്ടൂണുകൾ വരെ അയക്കാം. A 4 വലുപ്പത്തിൽ തയ്യാറാക്കിയ കാർട്ടൂണുകളുടെ സ്കാൻ ചെയ്ത / ഡിജിറ്റൽ ആയ കാർട്ടൂണുകളാണ് അയക്കേണ്ടത്. കാർട്ടൂണുകൾ സ്വന്തമായ ആശയത്തിൽ തയ്യാറാക്കിയതായിരിക്കണം. കളറോ ബ്ലാക്ക് ആൻഡ് വൈറ്റോ ആവാം.
തിരഞ്ഞെടുക്കപ്പെടുന്ന കാർട്ടൂണുകളുടെ പൂര്‍ണ്ണ ഉടമസ്ഥാവകാശം കേരള മീഡിയ അക്കാദമിക്കും കേരള കാർട്ടൂൺ അക്കാദമിക്കുമായിരിക്കും. പ്രശസ്തരായ കാർട്ടൂണിസ്റ്റുകളും പത്രപ്രവർത്തകരും അടങ്ങിയ ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുന്നത്. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്: cartoonacademy.blogspot.com