മകരവിളക്ക് തൊഴാൻ ഭക്തജന സഹസ്രങ്ങൾ

ശബരിമലയിൽ നിന്ന് എം.സുനിൽകുമാർ

മകരജ്യോതി കണ്ട് സായൂജ്യമടയാൻ ആയിരക്കണക്കിന് ഭക്തർ സന്നിധാനത്ത് എത്തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി രണ്ടു ദിവസം മുമ്പുതന്നെ ഭക്തർ ശബരിമലയിൽ എത്തിത്തുടങ്ങിയിരുന്നു. കോവിഡ് നിയന്ത്രണത്തിനിടയിലും നല്ല തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. ആന്ധ്ര, തെലങ്കാന, തമിഴ്നാട്

എന്നിവിടങ്ങളിൽ നിന്നാണ് ഭക്തർ കൂടുതലുള്ളത്. സന്നിധാനത്തും പമ്പയിലും പൊന്നമ്പലമേട് കാണാവുന്ന മറ്റ് സ്ഥലങ്ങളിലുമെല്ലാം മകരവിളക്ക് കാണാനായി ഭക്തർ കാത്തിരിക്കുകയാണ്. വെള്ളിയാഴ്ച മകരസംക്രമ മുഹൂർത്തമായ ഉച്ചയ്ക്ക് 2.29 ന് സംക്രമ പൂജയും അഭിഷേകവും 

നടന്നു. മകരസംക്രമ നെയ്യഭിഷേകത്തിനുള്ള നെയ്‌ത്തേങ്ങ കവടിയാർ കൊട്ടാരത്തിൽ നിന്നാണ് എത്തിച്ചത്. പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകീട്ട് അഞ്ചരയോടെ ശരംകുത്തിയിലെത്തും. അവിടെ നിന്ന് ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. 6.20 കഴിഞ്ഞ് സന്നിധാനത്തെത്തും. 6.30

ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ ഇത് ഏറ്റുവാങ്ങി വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ക്ഷേത്ര ദർശനത്തിനായി 75000 ഭക്തർ എത്തുമെന്നാണ് ദേവസ്വം ബോർഡിൻ്റെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *