“ഒരീസം റേഡിയോയിലോ മറ്റോ കേൾക്കാം കവി യാത്രയായിന്ന് ”

കൂടാളിയിലെ ഏതാണ്ട് പത്തുവർഷക്കാലത്തെ താമസത്തിന് ശേഷം കുറേ നാൾ തമ്മിൽ പിരിഞ്ഞിരിക്കേണ്ടി വന്നു മുത്തശ്ശനും മുത്തശ്ശിക്കും. “കുഞ്ഞുലക്ഷ്മിയെ കൂട്ടിക്കൊണ്ടുപോകാൻ വര്വാണ്, ഒറ്റയ്ക്ക് ഭക്ഷണമൊന്നും ശരിയാകുന്നില്ല എന്നും പറഞ്ഞ് അച്ഛന് കത്തെഴുതിയിരുന്നു ”. അത് കിട്ടണതിന് മുമ്പേ ആളിങ്ങെത്തി. അന്ന് ഞാൻ കൈക്കുഞ്ഞായിരുന്നു – അമ്മ പറഞ്ഞു കേട്ടതാണ്.

മുത്തശ്ശൻ ഉമ്മറത്തേക്ക് കയറിയപ്പോൾ അമ്മമ്മ എന്നെയുമെടുത്ത് പടികടന്ന് വരികയായിരുന്നു. എന്നെ വാരിയെടുത്ത് കുഞ്ഞിക്കാലുകൾ രണ്ടും മുത്തശ്ശൻ സ്വന്തം തലയിൽ വെച്ച് പറഞ്ഞത്രെ ”ഓർത്തില്ല, ലക്ഷ്മീ..തന്നെ ഇപ്പോൾ ആവശ്യം എന്നേക്കാൾ കൂടുതൽ ഈ കുഞ്ഞിനാണ്.. ഞാനിനിയൊരിക്കൽ വരാം”. ഉച്ചയ്ക്കൂണു കഴിച്ച് വൈകീട്ടത്തെ കാപ്പീം പലഹാരവും കഴിച്ചവിടെനിന്നിറങ്ങി. അതിന് ശേഷം പിന്നീടൊരിക്കലും അമ്മമ്മയെ മുത്തശ്ശൻറ കൂടെ അയക്കാൻ അമ്മയ്ക്ക് സാധിച്ചില്ല. ഇപ്പഴും എൻ്റെ അമ്മ സങ്കടത്തോടെ ഇക്കാര്യം പറയാറുണ്ട്. കാരണം ഞങ്ങൾ മൂന്ന് മക്കളായിരുന്നു അമ്മയ്ക്ക്. അമ്മ സ്ക്കൂളിൽ പോകുമ്പൊ അമ്മമ്മയാണ് ഞങ്ങളെ നോക്കിയത്.

അതിന് ശേഷം മൂന്നോ നാലോ തവണ അമ്മമ്മയ്ക്ക് വയ്യാണ്ടായപ്പൊ “കാണണംന്ന് മോഹണ്ട് “എന്നുപറഞ്ഞ് അമ്മമ്മ എഴുത്തെഴുതിയിരുന്നു. അപ്പഴൊക്കെ വരികയും ചെയ്തു. വന്നെന്നറിഞ്ഞാൽ അമ്മ അടുക്കളയിൽ മുത്തശ്ശനിഷ്ടപ്പെട്ട പലഹാരങ്ങളൊക്കെ ഉണ്ടാക്കണ തിരക്കിലാവും. ചക്ക വറുത്തത്, പഴം ചെറുതായി മുറിച്ച് മൈദമാവിൽ മുക്കിച്ചുട്ടത്, വത്സൻ..ഒക്കെണ്ടാവും ചായയ്ക്ക്. അമ്മമ്മയും കവി മുത്തശ്ശനും സംസാരിക്കുന്ന സ്ഥലത്ത് ഞങ്ങൾ കുട്ടികൾ മാത്രം. എന്തൊക്കെയോ പറഞ്ഞ് ചിരിക്കും… കൂടെ ഞങ്ങളും. ഇടയ്ക്ക് ഒരു തവണ കാണാനാഗ്രഹമുണ്ട് എന്ന് എഴുതിയിട്ടപ്പോൾ ഇങ്ങ് വരാതെ എല്ലാരും ചേർന്നുള്ള ഫോട്ടോ കൊടുത്തയക്വല്ലേ ചെയ്തത്, പിന്നെ വരുമ്പൊ ഞാൻ ജീവിച്ചിരിപ്പ്ണ്ടാവണം ന്നില്ലല്ലോ -എന്നൊക്കെ അമ്മമ്മ പറഞ്ഞപ്പൊ മുത്തശ്ശൻ പറഞ്ഞ വാക്കുകൾ ഇന്നും ഞാൻ ഓർക്കുന്നു..’തനിക്ക് പൂവാറായിട്ടില്ലടോ.. ഞാൻ പോയിട്ടേ താൻ പോകൂ. ഒരീസം റേഡിയോവിലോ മറ്റോ കേൾക്കാം .. കവി യാത്രയായി എന്ന്. അന്ന് താൻ വിഷമിക്വേം വേണ്ട ട്വോ.. അല്ലെങ്കിൽ തന്നെ ദേഹമല്ലേ യാത്രയാകുന്നുള്ളൂ…”

അന്ന് യാത്ര പറഞ്ഞിറങ്ങി ഗേറ്റിനടുത്തെത്തുന്നതിന് മുമ്പ് കവി മുത്തശ്ശൻ ഒന്നു രണ്ടു തവണ തിരിഞ്ഞു നോക്കിയിരുന്നു. പിന്നീടൊരിക്കലും മുത്തശ്ശൻ വന്നില്ല. അതൊരുപക്ഷെ അവസാന യാത്രയ്ക്കുള്ള മൗനാനുവാദം തേടലായിരുന്നിരിക്കാം. പതുക്കെ ഞാനൊന്ന് മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടത് പൂമുഖത്തെ തൂണിൽ ചാരി മുത്തശ്ശൻ നടന്നകലുന്നതും നോക്കി നിർനിമേഷയായി നില്ക്കുന്ന അമ്മമ്മയെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *