ബാബുക്കയുടെ നാട്ടിലൂടെ…
കെ.കെ.മേനോന്‍
നാലു പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കോഴിക്കോട്ടെ ജീവിതവും പിന്നീട് അവിടേക്കുള്ള നിരന്തരമായ യാത്രകളും സമ്മാനിച്ച മധുരാനുഭവങ്ങൾ ഏറെയാണ്. കോഴിക്കോട് എനിക്ക് നൽകിയ പ്രണയാനുഭവങ്ങൾ മിഠായിത്തെരുവിലെ ഹൽവ പോലെ മാധുര്യമേറിയതായിരുന്നു. ബാബുക്കയുടെ ഗാനങ്ങളിലേതുപോലെ നറുനൊമ്പരങ്ങൾ നിറഞ്ഞതായിരുന്നു ആ കാലങ്ങൾ. പൂർണ്ണ നിലാവിൽ തെളിഞ്ഞു നിന്നിരുന്ന കല്ലായിപ്പുഴയും സാന്ത്വനമേകി വന്നു തഴുകിയ ഇളം കാറ്റും ഗസൽ സംഗീതത്തിന്റെ ഈരടികളും പ്രണയാര്‍ദ്രമായ രാവുകൾക്കു മിഴിവേറെ നൽകിയിരുന്നു.
വളരെ ചുരുങ്ങിയ കാലം, അതായത് നാല് മാസം കോഴിക്കോട്ടെ പ്രശസ്തമായ ഒരു കോളേജിൽ ചേർന്നു പഠിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. നിരവധി നല്ല സുഹൃത്തുക്കളെ ലഭിച്ച ആ നാളുകളിൽ നടന്ന രസാവഹമായ മറക്കാനാവാത്ത ചില അനുഭവങ്ങൾ… കാലം ഏറെ കടന്നു പോയെങ്കിലും ഇപ്പോഴും നല്ല ഓർമ്മകൾ തന്നെയാണ്…
ചില പ്രണയമോഹങ്ങൾ… ആരുടെയും ജീവിതത്തിൽ കൗമാര യൗവ്വന കാലങ്ങളിൽ നടക്കാൻ സാധ്യത ഏറെയുള്ള ചില പ്രണയവിചാരങ്ങൾ എന്നൊക്കെ വിശേഷിപ്പിക്കാം.
അന്നവിടെ പഠിച്ചിരുന്ന സുന്ദരിയായ ഒരു പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. അറിയാത്ത ഭാഷയിൽ എന്തോ പറയുവാൻ ആഗ്രഹിക്കുന്ന അഗാധനീലിമയുള്ള ആ കണ്ണുകൾ ആരെയും ആകർഷിച്ചിരുന്നു. ക്ലാസ്സുകൾ തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഒരു ദിവസം തികച്ചും അപ്രതീക്ഷമായ ആ സംഭവം എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അവൾ എന്റെ സമീപത്ത് വന്ന് “എനിക്ക് തന്നെയും ഇഷ്ടമാണ്, ലെറ്ററിനുള്ള മറുപടി തരാം ” എന്നു പറഞ്ഞ് എന്റെ പ്രതികരണത്തിന് കാത്ത് നില്കാതെ നടന്നകന്നു. ആകെ ഒരു സംഭ്രാന്തി അല്ലെങ്കിൽ മനോവിഭ്രമം. കൂടാതെ അനിർവചനീയമായ ചിന്തകൾ എല്ലാം എന്നെ വളരെ ആസ്വസ്ഥനാക്കി.
കൂട്ടുകാരുമൊത്തു ഈ വിഷയം ചർച്ച ചെയ്തപ്പോഴാണ് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെട്ടത്. കൂട്ടുകാരിലൊരുവൻ ഞാൻ എഴുതുന്ന പോലെ ഒരു ലെറ്റർ എഴുതി അവളുടെ ബുക്കിനിടയിൽ വെച്ചതാണെന്നു പറഞ്ഞപ്പോൾ, ക്ഷമിക്കാവുന്നതല്ലാത്ത തെറ്റിന് ആദ്യം ഞാൻ പ്രകോപിതനായെങ്കിലും പിന്നീട് മനസ്സിന്റെ സമനില തെറ്റാതെ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു. ആ സംഭവത്തിന് ശേഷം ആ കുട്ടിയെ കോളേജിൽ ഞങ്ങൾ ആരും കണ്ടിട്ടില്ല. കാരണം എന്തെന്ന് അറിയാതെ, ഉത്തരം കിട്ടാത്ത ചോദ്യമായി അത് മനസ്സിൽ തങ്ങി നിന്നു.
എൺപതുകളിൽ ചെന്നൈയിൽ എച്ച്.എം.വി. യിൽ ജോലി ചെയ്യുന്ന സമയത്ത് സ്ഥിരമായി എല്ലാ മാസവും കോഴിക്കോട് പോകാറുണ്ടായിരുന്നു. ഒരിക്കൽ ചെന്നൈയിൽ വെച്ച് “ചിലന്തിവല” എന്ന മലയാളം സിനിമയുടെ പൂജക്കാണ് പ്രൊഡ്യൂസർ രഘുനാഥിന്റെ
കൂടെ വളരെ സുമുഖനായ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടത്. കോഴിക്കോട് പൂതേരി ഹൗസിലെ രഘുകുമാർ. തബല, സിതാർ എന്നീ സംഗീത ഉപകരണങ്ങളിൽ അതീവ പ്രാവീണ്യമുള്ള രഘുകുമാർ നല്ല സംഗീതജ്ഞനും അതിലുപരി ഒരു നല്ല സഹൃദയനുമായിരുന്നു. ധന്യ ഫിലിംസ് എന്ന ബാനറിൽ ലിസ, സർപ്പം, ശംഖുപുഷ്പം തുടങ്ങിപല
സിനിമളും നിർമ്മിച്ചിരുന്ന രഘുകുമാറുമായി എനിക്ക് വളരെ പെട്ടെന്ന് തന്നെ നല്ല സുഹൃത്ത് ബന്ധം സ്ഥാപിച്ചെടുക്കാൻ സാധിച്ചു. മാത്രമല്ല കോഴിക്കോട് പോകുമ്പോഴെല്ലാം രഘുകുമാറിന്റെ വീട്ടിൽ, പൂതേരി ഹൗസിൽ പോകുകയും പതിവായിരുന്നു. പൂതേരി ഹൗസിലെ വൈകുന്നേരങ്ങളിലെ സംഗീതസദസ്സുകൾ മറക്കുവാൻ സാധിക്കുകയില്ല. രാത്രി വളരെ വൈകുന്നതുവരെ നീണ്ടുപോകുന്ന സംഗീത വിരുന്നുകളിൽ പല പ്രതിഭകളും പങ്കെടുക്കാറുണ്ടായിരുന്നു. അവിടെ വെച്ചാണ് ഗായകൻ സതീഷ് ബാബു, ഗിരീഷ്പുത്തഞ്ചേരി ഇവരെയെല്ലാം പരിചയപ്പെടുന്നത്.
ഗിരീഷിനെ പരിചയപ്പെടുത്തി രഘുവേട്ടൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും ഓർക്കുന്നു. “കെ.കെ. ഗിരീഷിന് പാട്ടുകൾ എഴുതുവാൻ അവസരം
കൊടുക്കണം. നല്ല ഭാവന യുള്ള കവിത്വം നിറഞ്ഞ ഗാനങ്ങൾ എഴുതുവാൻ ഗിരീഷിന് സാധിക്കും. ഗിരീഷിനെ വേണ്ടവിധത്തിൽ പ്രോത്സാഹിപ്പിക്കണം”. ഗിരീഷിന് വളരെപ്പെട്ടെന്നുതന്നെ എച്ച്.എം.വി. യിൽ ഒരവസരം ഒരുക്കി കൊടുക്കുവാൻ സാധിച്ചു. മാത്രമല്ല, രഘുവേട്ടന്റെ സംഗീതസംവിധാനത്തിൽ ജയചന്ദ്രൻ, ചിത്ര എന്നിവർ ആലപിച്ച” ഗാനപൂർണ്ണിമ” എന്ന ആൽബത്തിലെ ഗാനങ്ങൾ വളരെ പ്രചാരത്തിലാവുകയും, ആൽബം ഗിരീഷിന്റെ ഗാനരചന രംഗത്ത് ഒരു നാഴികക്കല്ലാവുകയും ചെയ്തു എന്ന് പറയുമ്പോൾ അതിൽ ഒട്ടും അതിശയോക്തിയില്ല . ” സാഗരതീരം സന്ധ്യാനേരം, ആദ്യം തമ്മിൽ കണ്ടു പിന്നെ അറിയാതെ ഒന്ന് ചിരിച്ചു ” എന്നീ ഗാനങ്ങൾ പ്രണയത്തിന്റെയും, പ്രണയ വിചാരങ്ങളുടെയും വേറിട്ട ഭാവങ്ങൾ പകർന്നുതന്നവയാണ്. ” ഗാനപൂർണ്ണിമ” ഗിരീഷ് പുത്തഞ്ചേരിയുടെ സൃഷ്ടികളിൽ ഒരു പൊൻതൂവലായിരുന്നു. പിന്നീട് ഗിരീഷുമായി സഹകരിച്ച് നിരവധി ഗാനസൃഷ്ടികൾ അവതരിപ്പിക്കുവാൻ സാധിച്ചത് നേട്ടമായി, പുണ്യമായി ഞാൻ കരുതുന്നു.
2000 ൽ ഞാൻ ബി.എം.ജി യിൽ ജോലി ചെയ്യുമ്പോൾ ദാസേട്ടന് വേണ്ടി ഗിരീഷിന്റെ വരികൾക്കു വിദ്യാസാഗർ സംഗീതം നൽകി “തിരുവോണകൈനീട്ടം” എന്ന ശീർഷകത്തിൽ ഓണപ്പാട്ടുകളുടെ ആൽബം റെക്കോർഡ് ചെയ്തു. മനസ്സിൽ മായാതെ നിൽക്കുന്ന ഗൃഹാതുരത്വം നിറഞ്ഞ വരികൾക്കു വിദ്യാസാഗറിന്റെ വളരെ ഉൽകൃഷ്ടമായ, മനോഹരമായ സംഗീതം തിരുവോണ കൈനീട്ടത്തിലെ ഗാനങ്ങളെ അതിവിശിഷ്ടമാക്കിയെന്ന് പറയേണ്ടതില്ലല്ലോ. യേശുദാസ്, വിജയ് യേശുദാസ്, സുജാത എന്നിവർ ആലപിച്ച ഗാനങ്ങൾ വളരെ
ശ്രേഷ്ഠമായ ഓണകാഴ്ച തന്നെയായിരുന്നുവെന്ന് സംഗീതാസ്വാദകർ സാക്ഷ്യപ്പെ ടുത്തിയപ്പോൾ, ഗാനഗന്ധർവനോടുള്ള ആരാധന അന്യൂനമായി തുടർന്നു കൊണ്ടേയിരുന്നു.
കോഴിക്കോടൻ യാത്രകളിൽ പലപ്പോഴും ബീച്ചിനടുത്തുള്ള ഒരു റസ്റ്റോറന്റിന്റെ മുന്നിൽ വിജനമായ സ്ഥലത്ത് കാർ പാർക്ക് ചെയ്ത് ഞാനും രഘുവേട്ടനും മണിക്കൂറുകളോളം ഗാനങ്ങൾ കേട്ടും ആലപിച്ചും ചെലവഴിക്കുക പതിവായിരുന്നു. മിക്കവാറും ബാബുക്കയുടെ പാട്ടുകൾ തന്നെയായിരിക്കും. കൂടാതെ മെഹ്‌ദി ഹസ്സൻ, ഗുലാം അലി, ജഗ്ജിത് സിംഗ് എന്നീ ഗസൽ രാജാക്കന്മാരുടെ ഗസലുകളും. പ്രണയവും പ്രണയ നൊമ്പരങ്ങളും തന്നെ ആയിരിക്കും മിക്കവാറും ഗസലുകളുടെ പ്രമേയം. ആർത്തിരമ്പി വരുന്ന തിരമാലകളുടെ ആരവത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോടിന്റെ സൗന്ദര്യവും സംഗീതവും ആസ്വദിച്ച് ചെലവഴിച്ച ആ രാത്രികൾ അവിസ്മരണീയങ്ങളാണ്.
നമ്മൾ കോഴിക്കോടിനെ വിട്ടു വന്നാലും കോഴിക്കോട് നമ്മെ വിടില്ല എന്ന് പഴമക്കാർ പറയുന്നത് വളരെ സത്യമാണ്. ഇന്ന് രഘുവേട്ടൻ ജീവിച്ചിരിപ്പില്ല, ഗിരീഷും നമ്മെ വിട്ടു പോയി. പക്ഷേ അവരുടെയെ ല്ലാം നല്ല ഓർമ്മകൾ ഇന്നും മനസ്സിൽ തളംകെട്ടി നിൽക്കുന്നു. കാലത്തിന് കാത്തുസൂക്ഷിക്കുവാനും, മനസ്സിൽ വെച്ച് താലോലിക്കാനും കോഴിക്കോട് സമ്മാനിച്ച ഓർമ്മകൾ നിരവധിയാണ്. ആ നഗരവുമായി
ഒരു പ്രത്യേക അടുപ്പം അല്ലെങ്കിൽ ആത്‍മബന്ധം എനിക്കുണ്ടായിരുന്നു. പരിചയപ്പെട്ട പ്രതിഭകൾ പലരും കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞു പോയി. എങ്കിലും അവർ നമുക്കൊരുക്കി തന്ന അമൂല്യസൃഷ്ടികൾ ഇന്നും വാടാമലരുകളായി നമ്മുടെയെല്ലാം മനസ്സിന്റെ മലർവാടിയിൽ പൂത്തുനിൽക്കുന്നു… നിറസൗരഭ്യവുമേകി. ഏറ്റവും പ്രിയപ്പെട്ടവരെ മരണത്തിന്റെ കൈകളിലേക്കു വിട്ടു കൊടുക്കേണ്ടി വന്നതിലുള്ള ദുഃഖം ആ നഗരത്തിൽ അലയടിച്ചു കൊണ്ടേയിരിക്കും എന്ന് ഞാൻ കരുതുന്നു. ബാബുക്കയുടെ ഗാനങ്ങളിലെ നറുനൊമ്പരങ്ങൾ പോലെ… കല്ലായിപ്പുഴയിലെ ഓളങ്ങൾ പോലെ…
(എച്ച്.എം.വിയിൽ തുടങ്ങി കാൽ നൂറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന ലേഖകൻ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.)
കോഴിക്കോട് എപ്പോളും അങ്ങിനെ ആണ് നമ്മൾക്ക് എന്നും നല്ല ഓർമ്മകൾ തന്നു കൊണ്ടിരിക്കും, അവിടത്തെ കലാകാരൻ മാരെ കുറിച്ചും മറ്റു ഓർമ്മകളും മനോഹരമായി എഴുതി 👌👌👌👍👍😍🙏
വളരെ നന്ദി. ലേഖനം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം!
കോഴിക്കോട് എന്ന നഗരത്തിനോട് ചെറുപ്പം മുതലെ വളരെ ഇഷ്ടമാണ്. അങ്ങോട്ട് പോകുവാനും അവിടെ ഉള്ള വരുമായുള്ള ചങ്ങാത്തവും മനസ്സിൽ സന്തോഷം തരുന്നതായിരുന്നു. ആ കോഴിക്കോടിനെപ്പറ്റിയും അവിടുത്തെ കലാകാരന്മാരെ പറ്റിയും വളരെ ഭംഗിയായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
കോഴിക്കോട് പല കാര്യങ്ങളിലും ശ്രേഷ്ഠമായ, വിഭിന്നമായ അനുഭവം കാഴ്ച വെക്കുന്ന നഗരമാണ്. ആ നഗരം ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ, അവിടം വിട്ടു പോരുവാൻ നമുക്കേറെ ശ്രമിക്കേണ്ടിവരും, അതാണ് കോഴിക്കോടിന്റെ മഹത്വം എന്നു പറയട്ടെ. ആശംസകൾക്ക് നന്ദി.
കോഴിക്കോട്ടിനെകുറിച്ചുള്ള മനോഹരമായ ഓർമ്മകൾ അതീവ ഹൃദ്യമായി എഴുതിയിരിക്കുന്നു..
അഭിനന്ദനങ്ങൾക്ക് നന്ദി. കോഴിക്കോടിനൊപ്പം കോഴിക്കോട് മാത്രം, എന്നതാണ് സത്യം!
എപ്പോഴും എന്ന പോലെ, നല്ല ഒഴുക്കുള്ള രചനാശൈലിയിൽ കോഴിക്കോടിനേയും ഒരു കൂട്ടം പ്രതിഭകളേയും കുറിച്ചു എഴുതിയ ഓർമ്മകൾ വളരെ ആസ്വാദ്യകരം!
കോഴിക്കോടിനെ കുറിച്ചുള്ള മധുരസ്മരണകൾ എത്ര എഴുതിയാലും തീരുകയില്ല, അവക്കിന്നും ചെറുപ്പമാണ്. പ്രോത്സാഹനങ്ങൾക്കു നന്ദി!
Well written.ആ നാടും അവിടത്തെ ജനങ്ങളും എന്നും ഹൃദയത്തിൽ നിറഞ്ഞു നിൽക്കും. അത്ര നല്ല മനസ്സിന്റെ ഉടമകളാണ് അവർ. നന്മകൾ നേർന്നു കൊണ്ട്
ആശംസകൾക്ക് വളരെ നന്ദി. സംഗീതവും, സാഹിത്യവും, പ്രണയവും, ഫുട്ബോളും എല്ലാം കോഴിക്കോടിനെ ഇഷ്ടപെടുവാൻ നമ്മെ പ്രേരിപ്പിക്കുന്നു.
തങ്കളെപ്പോലെ കോഴിക്കോട് എനിക്കും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച ഒരു ഇടം തന്നെയാണ്…. വിശേഷിച്ചു സംഗീത സംമ്പ ന്ത മായായ ഓർമ്മകൾ… എന്തായാലും സാറിന്റെ മധുരത്തരമായ കോഴിക്കോടൻ ഓർമ്മകൾ അതീവ ഹൃദ്യ മായി….
ആശംസകൾക്ക് വളരെ നന്ദി. സംഗീതവും, സാഹിത്യവും, പ്രണയവും, ഫുട്ബോളും എല്ലാം കോഴിക്കോടിനെ ഇഷ്ടപെടുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. ബാബുക്കയുടെ സംഗീതം ഉണർത്തുന്ന നൊമ്പരങ്ങൾ കോഴിക്കോടിന്റെ ഹൃദയത്തിൽ നിന്നും ഉയരുന്ന തേങ്ങലുകളായി നമ്മെ തഴുകികൊണ്ടേയിരിക്കും.
As always you have drawn a beautiful picture of the city and it’s people. Just as a painter who releases his/her soul thru the magic of paint or pencil you have not only given an amazing picture of the city but of you also…. your soul. Thank you 🙏🏽
Thank you very much for the nice comments! Its interesting to read your description of the contents of my write-up and how you have evaluated the same.
Your signature style captivating narration, the lingering memories of the college days, the more mature evening gatherings, the beach!
Enjoyed the journey 45-50 years backwards in time !
Thank you for the relevant comments! I’m happy you enjoyed reading my write-up and that’s very encouraging!
വളരെ മനോഹരമായി കോഴിക്കോട്ടെ ഓർമ്മകൾ ഞങ്ങളുടെ മനസ്സിലേക്ക് ഒഴുക്കിയിരിക്കുന്നു… ഗിരീഷ് പുത്തഞ്ചേരി എന്ന മഹാ ഗാന രാജയിതാവ് താങ്കൾ ചെയ്ത സൽകർമത്തെ ഒരിക്കലും മറക്കാൻ വഴിയില്ല… അദ്ദേഹത്തിന്റെ ആത്മാവ് ഇന്നും തങ്ങളോട് കടപ്പെട്ടവനായിരിക്കും…ഇന്ന് കുറെ കലാകാരന്മാർ ജന്മം കൊള്ളുന്ന ഒരു അവസ്ഥയാണ്… അവർക്കു തക്കതായ അവസരം താങ്കളെ പോലെ ഉള്ളവർ അല്ലെങ്കിൽ അവക്ക് താങ്കളെ പോലെ ഉള്ള മഹാന്മാരെ കണ്ടു ഒരു സഹായ ഹസ്തം നൽകാൻ ആവട്ടെ 🙏🙏 ഇനിയും ഓർമകളിൽ നിന്ന് നല്ല അനുഭവങ്ങൾ പങ്കു വൈക്കൂ 🥰🥰😍😍❤️
ആശംസകൾ ക്കും അഭിനന്ദനങ്ങൾക്കും വളരെ നന്ദി. എന്റെ സംഗീതയാത്രയിൽ കുറെ കലാകാരന്മാരെ കണ്ടുമുട്ടുവാനും അവരെ പ്രോത്സാഹിപ്പിക്കുവാനും സാധിച്ചു എന്ന കാര്യം ഒരു ഭാഗ്യമായി, പുണ്യമായി ഞാൻ കരുതുന്നു. പിൽകാലത്തു അവരെല്ലാം വളരെ പ്രശസ്തരായപ്പോൾ, അതെനിക്കേറെ സന്തോഷം നൽകി.
കല്ലായിപുഴ …. കോഴിക്കോടും നല്ല കുറേ ഓർമ്മകളും …🌹👌👌👌👌 അതിൽ നമ്മെ വിട്ട്പിടിഞ്ഞ കുറേ പ്രതിഭകളും … അവർക്കു മരണമില്ല .. അവരുടെ സൃഷ്ടിയിലൂടെ നമ്മൾ ദിവസവും അവരുടെ ഗാനങ്ങൾ പാടിക്കൊണ്ടിരിക്കുന്നു …👍👍👍
Nicely written🌹🌹🌹👌👌👌👌👌
“സാഗരതീരം സന്ധ്യാനേരം ” എന്ന ഗാനം കേൾക്കുമ്പോൾ ഗിരീഷിനെയും രഘുവേട്ടനെയും ഓർമ്മ വരും. കോഴിക്കോട് കടപ്പുറവും ആ തീരത്തുള്ള ഞങ്ങളുടെ സൗഹൃദമേളനങ്ങളും ഒരിക്കലും മറക്കാനാവില്ല.സംഗീതം മാത്രമായി ജീവിച്ചു പോന്ന കാലങ്ങൾ. ആശംസകൾക്ക് നന്ദി.
നല്ല മധുരമുള്ള കോഴിക്കോടൻ ഓർമ്മകൾ….. കരുത്തുറ്റ കുറച്ച് കലാകാരന്മാരെ കുറിച്ചുള്ള ഓർമ്മകളും പങ്കുവച്ചതിൽ സന്തോഷം 👍👍👍👍
ലേഖനം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം. അനുമോദനങ്ങൾക്ക് നന്ദി.
കഴിഞ്ഞദിവസങ്ങളിൽ കുടുംബസമേതം കോഴിക്കോടിന് പോയിരുന്നു. മിഠായിതെരുവിലും, ബീച്ചിലും എല്ലാം വളരെ സമയം ചിലവഴിക്കുകയുണ്ടായി.വളരെ ഹൃദ്യമായ അനുഭവം.കോഴിക്കോടിന്റ മഹാപ്രതിഭകളെ കുറിച്ചുള്ള അങ്ങയുടെ വിവരണം വളരെ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങൾ സാർ 🙏
കോഴിക്കോടിനെ കുറിച്ചും ആ നഗരം എനിക്ക് സമ്മാനിച്ച മധുരാനുഭവങ്ങളെ കുറിച്ചും ഇനിയുമേറെ എഴുതാനുണ്ട്. പ്രണയത്തിന്റെ, ആരും കാണാത്ത വർണചിത്രങ്ങൾ മനസ്സിന്റെ ചുവരിൽ വരച്ചു തീർത്ത രാത്രികൾ, വികാരങ്ങൾക്കു തീവ്രത കൂട്ടിയ ഗസലുകൾ ഒഴുകിവന്ന രാവുകൾ, അകമ്പടിക്കായി ആർത്തിരമ്പി വന്ന തിരമാലകളുടെ ആരവം, അങ്ങിനെ എഴുതിയാൽ തീരാത്ത അത്രയും അനുഭവങ്ങൾ! അനുമോദനങ്ങൾക്ക് വളരെ നന്ദി.
കോഴിക്കോട് :…. സ്നേഹത്തിന്റെയും സംഗീതേ പ്രേമികളുടെയും നാട് …. ഈ പ്രതിഭകളോടൊത്ത് ചിലവഴിക്കാൻ ദൈവം വഴിയൊരുക്കിയ കലാകാരൻമാരെ ഉള്ളറിഞ്ഞ് ഹൃദയത്തോട് ചേർത്ത് നിർത്തി സ്നേഹിക്കാൻ പറ്റിയ മേനോൻ സാറും വളരെ ദൈവാനുഗ്രമുള്ള ഒരു വ്യക്തിയാണ് …. അഭിനന്ദനങ്ങൾ KK മേനോൻ സർ …