ഏഴിലോട് ചക്ലിയ കോളനിയിലെ യുവതീ യുവാക്കൾ ഇന്ന് ശിങ്കാരിമേളക്കാർ
നീനു സുകുമാരൻ
പരമ്പരാഗത തൊഴിൽ വിട്ട് ചക്ലിയ കോളനിയിലെ അമ്പതോളം യുവതീ യുവാക്കൾ ശിങ്കാരിമേളക്കാരായി. ഇവരുടെ അരങ്ങേറ്റം നാടിൻ്റെ തന്നെ ഉത്സവമായി. കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിൽപ്പെട്ട ഏഴിലോട് ചക്ലിയ കോളനിയിലെ ആളുകളാണ് ചെണ്ട പരിശീലനത്തിലൂടെ വാദ്യകലാ രംഗത്തെത്തിയത്. ഈ കോളനിയിൽ നൂറിലധികം വീടുകളുണ്ട്. സമുദായം പരമ്പരാഗതമായി നടത്തി വന്നിരുന്ന തുകൽ ചെരിപ്പ് നിർമ്മാണവും കക്ക നീറ്റി കുമ്മായം നിർമ്മാണവും കോളനിയിൽ നിന്ന് അപ്രത്യക്ഷമായതോടെ തൊഴിലില്ലായ്മയും രൂക്ഷമായി. നാടിനെ
നടുക്കിയ കോവിഡും കൂടിയായപ്പോൾ കോളനി നിവാസികളുടെ ജീവിതം ദുസ്സഹമായി. ഇതിനൊരാശ്വാസം എന്ന നിലയ്ക്കാണ് ഫോക് ലാൻ്റിൻ്റെ നേതൃത്വത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോർഫ് കെറ്റലിൻ്റെ സഹായത്തോടെ കലയധിഷ്ഠിത വരുമാനം ലക്ഷ്യമാക്കി അമ്പതോളം പേരെ ശിങ്കാരിമേളം പരിശീലിപ്പിച്ചത്.
നാല് വർഷമായി കേരളത്തിൽ മൂവായിരത്തോളം യുവതികൾക്ക് ആർട്ട് ഫോർ ലൈഫ് പദ്ധതിയിൽ ചെണ്ടമേള പരിശീലനവും മ്യൂറൽ പെയിൻ്റിംഗ് പരിശീലനവും ഫോക് ലാൻ്റ് നൽകിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായിട്ടാണ് ഏഴിലോട് കോളനിയിലെ ആളുകളെ ശിങ്കാരിമേളം പരിശീലിപ്പിച്ചത്. ആറ് മാസത്തെ പരിശീലനമാണ് നൽകിയത്. പുരുഷ കേന്ദ്രീകൃത വാദ്യമായ ചെണ്ട
സ്ത്രീകളുടെ ജീവനോപാധിയാകുന്നത് സ്ത്രീ ശാക്തീകരണ പ്രവർത്തനത്തിന്ന് നല്ല മാതൃക കൂടിയാണ്. സ്ഥലം എം.എൽ.എ കൂടിയായ എം.വിജിൻ ആണ് അരങ്ങേറ്റം ഉദ്ഘാടനം ചെയ്തത്. എന്നോ പഠിച്ച് മറന്ന ചെണ്ടമേളത്തിൻ്റെ അക്ഷരകാലം ഓർത്തെടുത്ത് ഗണപതി ക്കൈകൊട്ടി എം.എൽ.എ ഇവർക്കൊപ്പം അണി ചേരുകയായിരുന്നു. കോവിഡാനന്തര ആലസ്യം മാറ്റാനായി ‘മിത്ര’ എന്ന പരിപാടിയിലൂടെയാണ് ശിങ്കാരി മേളത്തിൻ്റെ അരങ്ങേറ്റം കുറിച്ചത്.
പതിനഞ്ച് പേർക്ക് ചെണ്ട ഉൾപ്പെടെയുളള വാദ്യോപകരണങ്ങൾ സൗജന്യമായി നൽകിക്കൊണ്ട് ചെറുതാഴം ഗ്രാമ പഞ്ചായത്തും ഇതിന് പ്രോത്സാഹനം നൽകി. ബാക്കി ആളുകൾക്കുള്ള ചെണ്ടയും കച്ചയും മേളത്തിന് ഇവർക്കുപയോഗിക്കാനുള്ള വസ്ത്രങ്ങളുൾപ്പെടെ അടുത്ത പദ്ധതി വിഹിതത്തിലുൾപ്പെടുത്തി നൽകുമെന്ന്
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീധരൻ പറഞ്ഞു. കോവിഡ് ജനങ്ങളിൽ അടിച്ചേൽപ്പിച്ച ശാരീരിക മാനസിക പ്രയാസങ്ങൾ അകറ്റാൻ സംഗീതത്തിനുള്ള കഴിവ് ശാസ്ത്രലോകം തന്നെ അംഗീകരിച്ച് കൊണ്ടിരിക്കുകയാണെന്ന് ഫോക് ലാൻ്റ് ചെയർമാൻ ഡോ.വി.ജയരാജൻ പറഞ്ഞു. ഇതിന് മുമ്പ് കാസർകോട് ജില്ലയിൽ കൊട്ടോടിയിലെ മാവില സമുദായത്തിൽ പ്പെട്ട ആദിവാസികൾക്ക് വേണ്ടിയും കണ്ണൂർ ജില്ലയിൽ പരിയാരം ചിറ്റന്നൂരിൽ വെച്ചും ശിങ്കാരി, പഞ്ചാരിമേളം ക്ലാസുകൾ ഫോക് ലാന്റ് സംഘടിപ്പിച്ചിരുന്നു.
പ്രേമരാജൻ കണ്ണങ്കൈ എന്ന ചെണ്ടമേള കലാകാരനാണ് ഏഴിലോട് ശിങ്കാരിമേളം അഭ്യസിപ്പിച്ചത്. ഫോക് ലാൻ്റിൻ്റെ ആഭിമുഖ്യത്തിൽ നാല് വർഷമായി സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി നടത്തിയ പരിശീലനത്തിലൂടെ 3250 പേരെ ശിങ്കാരിമേളം അഭ്യസിപ്പിച്ചിട്ടുണ്ട് പ്രേമരാജൻ കണ്ണങ്കൈ. കേന്ദ്ര വിദേശകാര്യ വകുപ്പും
സാംസ്കാരിക വകുപ്പും നടത്തിയ സാംസ്കാരിക വിനിമയ പരിപാടികളിൽ ഫോക് ലാൻ്റിനെ പ്രതിനിധീകരിച്ച് കെനിയ, ടാൻസാനിയ, തായ്‌ലാൻറ് എന്നിവിടങ്ങളിലും ശിങ്കാരിമേളം അവതരിപ്പിച്ചിട്ടുണ്ട് പ്രേമരാജൻ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പ്രേമരാജൻ്റെ ശിങ്കാരിമേളത്തിന് ആരാധകർ ഏറെയാണ്. തൊഴിൽ നൈപുണ്യമെന്നതിൽ കലാനൈപുണ്യവും ഉൾപ്പെടുമെന്ന് കൂടി തെളിയിക്കുകയാണ് പയ്യന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോക് ലാൻ്റ് എന്ന സാംസ്ക്കാരിക സ്ഥാപനം. മുപ്പത്തി ഒന്ന് വർഷത്തെ പാരമ്പര്യമുള്ള ഫോക് ലാൻ്റിന് 2010 മുതൽ യുനെസ്കോ അംഗീകാരം ലഭിച്ചിട്ടുണ്ട്.