ഗുരുവായൂരിലെ ‘നരസിംഹാവതാരം’ ചിത്രത്തിന് പുനർജനി

ഗുരുവായൂർ ക്ഷേത്രത്തിലെ കാലപ്പഴക്കത്താൽ ചൈതന്യം നഷ്ടമായ നരസിംഹാവതാരം എണ്ണ ഛായാചിത്രത്തിന് പുനർജനി. ശീവേലിപ്പുരയിൽ വലിയ ബലിക്കല്ലിന് മുകൾ ഭാഗത്തായി സ്ഥാപിച്ചിരുന്ന ചിത്രമാണ് പുതുക്കി സൃഷ്ടിച്ചത്. ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ വിദ്യാർത്ഥികളായ ശരത്ത്, വിവേക്, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിന് പുതുജീവൻ പകർന്നത്.

രാജാരവിവർമ്മയുടെ ശിഷ്യ പരമ്പരയിൽപ്പെട്ട എൻ. ശ്രീനിവാസയ്യർ 1952 സെപ്തംബർ ഒന്നിന് ക്ഷേത്രത്തിൽ സമർപ്പിച്ച ചിത്രമാണിത്. എണ്ണ ഛായത്തിൽ വരച്ച ചിത്രത്തിന് ആറ് അടി നീളവും അഞ്ചടി വീതിയുമുണ്ട്. ‘കോപാദാ ലോലജിഹ്വം’ എന്ന ധ്യാന ശ്ലോകത്തെ ഉപജീവിച്ച് വരച്ച ഈ ചിത്രം രചനാരീതിയും വർണ്ണ പ്രയോഗം
കൊണ്ടും കലാസ്വാദകരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. നരസിംഹത്തിൻ്റെ അതിഘോര ഭാവം, കണ്ണുകളിലെ തീക്ഷ്ണത, ഹിരണ്യകശിപുവിൻ്റെ നിസ്സഹായവസ്ഥ എന്നിവയെല്ലാം ചിത്രത്തിൽ ജീവഭാവത്തിലുണ്ടായിരുന്നു. രവിവർമ്മ ശൈലിയിലായിരുന്നു രചന.

69 വർഷം മുമ്പ് സ്ഥാപിച്ച ചിത്രത്തിന് കാലപ്പഴക്കത്താലും പുക പൊടിപടലങ്ങളാലും ചൈതന്യം നഷ്ടമായിരുന്നു. കഴിഞ്ഞ ആറുമാസത്തിലേറെയായി നിരന്തര പരിശ്രമത്താലാണ് തനിമ നിലനിർത്തി പുന:സൃഷ്ടിച്ചത്. ദേവസ്വം ചുമർചിത്രം പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പുന സൃഷ്ടിച്ച ചിത്രം ശീവേലി പുരയിൽ യഥാ സ്ഥാനത്ത് പുന സ്ഥാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *