കവി മുത്തശ്ശൻ എടുപ്പിച്ച ആ കുടുംബ ഫോട്ടോ
മഹാകവി പി. യുടെ പ്രിയതമയായ കുഞ്ഞുലക്ഷ്മിയെക്കുറിച്ചുള്ള പേരക്കിടാവിൻ്റെ ഓർമ്മകൾ.
ആദ്യത്തെ കുഞ്ഞിനെ (എൻ്റെ അമ്മ ലീല ടീച്ചർ) പ്രസവിക്കുന്നതു വരെ അമ്മമ്മ എഴുതുമായിരുന്നു. ലേഖനങ്ങൾ മാതൃഭൂമിയിൽ കൊടുത്ത് കിട്ടുന്ന കാശ് കൊണ്ടാണ് അഷ്ടിക്കുള്ള വക കണ്ടെത്തിയത്. പ്രസവശേഷം എഴുത്തു നിന്നു. കുഞ്ഞുലക്ഷ്മിയിലെ എഴുത്തുകാരി എന്നെന്നേക്കുമായി ഇല്ലാതായി. മുത്തച്ഛനിലെ ആണധികാരി ഇല്ലാതാക്കിയ പ്രതിഭയാണോ അമ്മമ്മ? ഈ ചോദ്യം എന്റെ മനസ്സിൽ പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. അമ്മമ്മയോട് ചോദിക്കണം എന്ന് വിചാരിച്ചിട്ടുമുണ്ട്. ചോദിച്ചില്ല. അമ്മമ്മ പറഞ്ഞുമില്ല. ആ നഷ്ടം അമ്മമ്മയെ വിഷമിപ്പിച്ചിട്ടില്ല എന്നു കരുതാമോ? അതുമറിയില്ല.
ഞങ്ങളെല്ലാം ചേർന്ന് (അമ്മമ്മ, അഛൻ, അമ്മ, ഞങ്ങൾ മൂന്ന് മക്കൾ) മുത്തശ്ശന്റെ കൂടെ നിന്നെടുത്ത ഒരു ഫോട്ടോയുണ്ട്.
ഫോട്ടോഗ്രാഫറെയും കൂട്ടി മുത്തശ്ശൻ തന്നെയാണ് ഒരു സന്ധ്യാനേരത്ത് വെള്ളിക്കോത്തെ വീട്ടിലേക്ക് കയറി വന്നത്. നല്ല ഉത്സാഹത്തിലായിരുന്നു കവി മുത്തശ്ശൻ. വയ്യാതെ കിടക്കുകയായിരുന്ന അമ്മമ്മയുടെ അടുത്ത് കിടക്കയിലിരുന്ന് കൈ തടവിക്കൊണ്ട് മുത്തശ്ശൻ
കുറേ നേരം സംസാരിച്ചു. എന്നെയും അനിയന്മാരെയും മറ്റേകൈ കൊണ്ട് ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു. അന്ന് ചായയ്ക്കൊപ്പം ചക്കഅടയും പഴം നുറുക്കുമാണുണ്ടായിരുന്നതെന്നാണ് ഓര്‍മ്മ.
എൻ്റെ അഛനെ ( കവി മുത്തശ്ശൻ്റെ ബന്ധത്തിൽ പെട്ട മരുമകൻ തന്നെയായിരുന്നു അഛൻ. മാത്രല്ല, ശിഷ്യനും ) കൂട്ടിക്കൊണ്ടുവരാൻ മുത്തശ്ശൻ തന്നെ എൻ്റെ അനിയനെ പറഞ്ഞയച്ചു.
(കുറച്ചകലെയായി അച്ഛന് ഒരു കട ഉണ്ടായിരുന്നു.) ഫോട്ടോയുടെ കാര്യം പറഞ്ഞപ്പൊ, “വയ്യാണ്ടിരിക്കുമ്പഴോ? ആകെ ക്ഷീണിച്ചിരിക്യല്ലേ ഞാൻ “എന്ന് അമ്മമ്മ ഒഴിഞ്ഞുമാറി. “അത് സാരല്യ. ഇനിയൊരു പക്ഷേ അടുത്തൊന്നും എനിക്ക് വരാൻ പറ്റിയില്ലെങ്കിലോ” എന്നാണ് മുത്തശ്ശൻ മറുപടി പറഞ്ഞത് – “തനിക്ക് കാണണന്ന് തോന്നുമ്പൊ ഞാനയച്ചുതരുന്ന ഈ ഫോട്ടോയിലേക്ക് നോക്യാ മതി ” ചെറുപുഞ്ചിരിയോടെ ഇതും പറഞ്ഞ് അമ്മമ്മയെ പിടിച്ചെഴുന്നേൽപിച്ചു കട്ടിലിലിരുത്തി. “മാത്രല്ല എന്നെങ്കിലും കവി കുടുംബമില്ലാത്തവൻ എന്ന് കേൾക്കേണ്ടി വന്നാൽ അതിനുള്ള ഉത്തരമാവട്ടെ ഈ ഫോട്ടോ “എന്നും പറഞ്ഞ് കണ്ണടക്കിടയിലൂടെ ഞങ്ങളെ നോക്കി ചിരിച്ചു. അമ്മമ്മയും അത് കേട്ടു. പക്ഷെ പ്രതികരണമൊന്നും ആ മുഖത്തു നിന്ന് വായിച്ചെടുക്കാനായില്ല. ഒരു പക്ഷേ എനിക്കതിനുള്ള പ്രായമായിട്ടില്ലായിരുന്നു എന്ന് പറയുന്നതാവും ശരി. അതിന്റെ അർത്ഥവ്യാപ്തി മനസ്സിലാക്കാൻ എനിക്ക് കുറേയേറെ കാലം കാത്തിരിക്കേണ്ടി വന്നു. സന്ധ്യ കഴിഞ്ഞ് ഇരുട്ടായത് കാരണം മങ്ങിയ ബൾബിൻ്റെ വെളിച്ചത്തിലായിരുന്നു ഫോട്ടോയെടുപ്പ്. പിന്നീട് മുത്തശ്ശൻ കൊടുത്തയച്ച ആ കുടുംബ ഫോട്ടോ ഫ്രെയിം ചെയ്യാതെ അതേപടി അമ്മമ്മ തന്റെ കട്ടിലിൽ കിടക്കയുടെ ചോട്ടിൽ തന്നെ സൂക്ഷിച്ചു പോന്നു.1981 ലോ 82ലോ അമ്മമ്മ ഞങ്ങളെ വിട്ടു പോയി. അതിനു ശേഷമാണ് ഞങ്ങളാ ഫോട്ടോ കട്ടിലിൽ നിന്നും എടുത്ത് ഫ്രെയിം ചെയ്യിച്ചത്.
( കേരള ഗ്രാമീണ ബാങ്ക് മാനേജരായി വിരമിച്ച ജയശ്രീ വടയക്കളം കവിയുടെ നാടായ കാഞ്ഞങ്ങാട്ടാണ് താമസിക്കുന്നത്.)