തോട്ടവിള സിംപോസിയം14 മുതൽ ബോൾഗാട്ടി പാലസിൽ

ഇരുപത്തിനാലാമത് തോട്ടവിള സിംപോസിയം (പ്ലാക്രോസിം) ഡിസംബർ 14 മുതൽ 16 വരെ എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും. കോവിഡ് മഹാമാരിക്കാലത്ത് തോട്ടവിളകളിലെ ഗവേഷണങ്ങളും ഫലങ്ങളും ഉപയോഗിച്ച് തോട്ടവിളക്കൃഷിയേയും അനുബന്ധ മേഖലകളേയും എങ്ങനെ സംരക്ഷിക്കാമെന്നതും അതിജീവനവുമാണ് ചർച്ച ചെയ്യുക.

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലെ സ്പൈസസ് ബോർഡിന്റെ ഗവേഷണ വിഭാഗമായ ഇടുക്കി മൈലാടുംപാറയിലെ ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സിമ്പോസിയത്തിന് ആഥിത്യം വഹിക്കുക. സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, തേയില, തേങ്ങ, റബർ, പാക്ക്, എണ്ണപ്പന തുടങ്ങിയ തോട്ടവിളകളിലെ ഗവേഷണ ഫലങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരിലും കർഷകരിലും എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് പ്ലാക്രോസിം എന്ന തോട്ടവിള സിംപോസിയം രണ്ട് വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്നത്. ഏറ്റവും അവസാനം 2019 ൽ കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ ചിക്കമംഗ്ലൂരിലായിരുന്നു സംഗമം.1978 ലാണ് പ്രഥമ തോട്ടവിള സിംപോസിയം നടന്നത്.

കോവിഡ് തോട്ടവിള മേഖലയിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചാണ് സിംപോസിയത്തിലെ മുഖ്യ ചർച്ച. തോട്ടവിളകളിലെ ജനിതക വ്യതിയാനങ്ങളെക്കുറിച്ചാണ് സെഷൻ ഒന്നിലെ ചർച്ച. സുസ്ഥിരമായി മണ്ണ് സംരക്ഷിക്കുന്നതിനും, മണ്ണിന്റെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിനുമുള്ള വഴികളും തോട്ടവിളകളിലെ സുസ്ഥിരോൽപ്പാദനത്തെക്കുറിച്ചും രണ്ടാം സെഷനിൽ ചർച്ച നടക്കും. സമഗ്ര സസ്യസംരക്ഷണമാർഗ്ഗങ്ങളെ ക്കുറിച്ചുള്ള തന്ത്രങ്ങളാകും മൂന്നാമത്തെ ചർച്ചാ വിഷയം.

നാലാം സെഷനിൽ തോട്ടവിളകളിലെ മൂല്യവർദ്ധന, യന്ത്രവൽക്കരണം, വിളവെടുപ്പാനന്തര സംസ്കരണം എന്നിവയാണ് ചർച്ച. സാങ്കേതിക വിദ്യാ കൈമാറ്റം, വ്യാപാരവും വിപണിയും തോട്ടവിള വികസന നയവും ചർച്ചയാകും അഞ്ചാം സെഷനിൽ. കൂടുതൽ വിവരങ്ങൾക്ക് ജനറൽ കൺവീനർ ഡോ. കെ ധനപാലുമായി (ഫോൺ: 9443928031 , 8547138279) ബന്ധപ്പെടണമെന്ന് മീഡിയാ കമ്മിറ്റി കൺവീനർ ഡോ. വി ശ്രീകുമാർ (9995802039) അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *