കവിതകൾ പാടിത്തന്ന് ഉറക്കുമായിരുന്നു അമ്മമ്മ
മഹാകവി പി. യുടെ പ്രിയതമയായ കുഞ്ഞുലക്ഷ്മിയെക്കുറിച്ചുള്ള പേരക്കിടാവിൻ്റെ ഓർമ്മകൾ.
കേരള ഗ്രാമീണ ബാങ്ക് മാനേജരായി വിരമിച്ച ജയശ്രീ വടയക്കളം കവിയുടെ നാടായ കാഞ്ഞങ്ങാട്ടാണ് താമസിക്കുന്നത്.
അഞ്ചു ഭാഗങ്ങളിലായി ഓർമ്മക്കുറിപ്പ് വായിക്കാം.
സ്നേഹം എന്ന രണ്ടക്ഷരം മാത്രം മതിയാവും അമ്മമ്മയെ കുറിച്ച് പറയാൻ. ഉറുമ്പുകൾ വരിവരിയായി പോകുന്ന കാഴ്ച കണ്ടിരിക്കാൻ എനിക്ക് ഏറെയിഷ്ടമായിരുന്നു. വെറുതെ ഒരു നേരമ്പോക്കിന് ഒരു കഷണം കടലാസോ, ഈർക്കിലിയോ അതിനിടയിൽ ഞാൻ കൊണ്ടുവെക്കും – ഉറുമ്പുകൾ ചിതറിയോടുന്നത് കാണാൻ. ഒരിക്കൽ അമ്മമ്മ ഇത് കണ്ടോണ്ട് വന്നു: ”അമ്മൂ … നീ എന്തിനുള്ള ഭാവാ? അരുത് കുട്ടീ.. അവര് പരിഭ്രാന്തരായിപ്പോകില്ലേ… കൂട്ടം തെറ്റിയാൽ എത്ര സങ്കടാവും, അറിയോ…”എന്നും പറഞ്ഞ് എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചു. ഇന്നും ഞാനങ്ങനെ ചെയ്യാറില്ല. ഒരു ജീവിയെയും അറിഞ്ഞോണ്ട് വേദനിപ്പിക്കാറുമില്ല.
മലപ്പുറത്ത് കോട്ടയ്ക്കലിനടുത്ത് പൊന്മളയിൽ, രാമൻ മൂസതിൻ്റെയും വടയക്കളം കല്യാണിയമ്മയുടെയും എട്ടു മക്കളിൽ രണ്ടാമത്തവളായിരുന്നു കുഞ്ഞു ലക്ഷ്മി. സുന്ദരിക്കുട്ടികളായ ആറു പെൺമക്കളെയും വീട്ടിലിരുത്താതെ നല്ല വിദ്യാഭ്യാസം നൽകാൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പട്ടാമ്പി സംസ്കൃത കോളേജിൽ പഠിച്ചവരായിരുന്നു എല്ലാവരും. കൂട്ടത്തിൽ അമ്മമ്മയായിരുന്നത്രെ
ഏറ്റവും സുന്ദരി. വെളുത്തു മെലിഞ്ഞ് അധികം പൊക്കമില്ലാതെ, നീലക്കണ്ണുകളും മുറുക്കിച്ചുവപ്പിച്ചതു പോലുള്ള ചുണ്ടുകളും നീണ്ട മൂക്കും ഒക്കെ കൂടി സുന്ദരിയായിരുന്നു അമ്മമ്മ – ഏതാണ്ട് അമ്പതു വയസ്സുവരെയും ആ ഭംഗി കാര്യമായി മങ്ങിപ്പോയില്ല.
പുന്നശ്ശേരി നീലകണ്ഠശർമ്മയായിരുന്നു പട്ടാമ്പി സംസ്കൃത കോളേജിലെ ഗുരുനാഥൻ. അവിടെ വെച്ചാണ് കവിയുമായി പ്രണയത്തിലാവുന്നത്.
കല്യാണം കഴിക്കുന്നതിന് മുമ്പ് പാലക്കാട് ഏതോ ഒരു സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്നു അമ്മമ്മയും ഏടത്തി ശ്രീദേവിയും (അമ്മു ഓപ്പോളെന്നോ മറ്റോ ആണ് വിളിച്ചിരുന്നതെന്നാണോർമ). ഒരനിയത്തിയും അനിയനും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ വൈദ്യന്മാരായിരുന്നു, കുറച്ചുനാൾ. മറ്റൊരനിയത്തി ജ്യോതിഷമായിരുന്നു ഐച്ഛികവിഷയമായെടുത്തത്.
കുളിച്ചീറനോടെ ചുണ്ടിൽ നാമജപവുമായി കടന്നു വരുന്ന അമ്മമ്മയുടെ രൂപം ഇന്നുമെൻ്റെ മനസ്സിലുണ്ട്. ചന്ദനക്കൊരട് അമ്മിയിൽ അരച്ചെടുത്ത ചന്ദനമാണ് നെറ്റിയിൽ തൊടുക. നീളത്തിൽ ഒറ്റവരക്കുറി. മുറിയിലേക്ക് കടന്നു വരുമ്പോൾ തന്നെ ചന്ദനത്തിൻ്റെയും ഭസ്മത്തിൻ്റെയും കലർപ്പുള്ള നേർത്ത സുഗന്ധമാണ്. അല്ല, ഇനി സ്നേഹത്തിൻ്റെ മണമായിരുന്നോ അത് ? അറിയില്ല. വയ്യാണ്ടിരിക്കണ ദിവസങ്ങളിൽ അമ്മമ്മ കുളിക്കാറില്ല. കാലും മുഖവും കഴുകി കൈ നനച്ച് ഭസ്മം തൊടാറാണ് പതിവ്. പക്ഷെ അപ്പോഴും ആ നെഞ്ചോട് പറ്റിച്ചേർന്നു കിടക്കുമ്പോൾ ഇപ്പറഞ്ഞ ചന്ദനമണം തന്നെയാണ്.
കുഞ്ഞുന്നാളിലെ എൻ്റെ രാത്രികളെ ധന്യമാക്കിയിരുന്നത് കഥ പറഞ്ഞു തന്നും ശ്ലോകങ്ങൾ ചൊല്ലിക്കേൾപ്പിച്ചും മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് കവിതകൾ പാടിത്തന്നും ഉറക്കിയിരുന്ന അമ്മമ്മ തന്നെയായിരുന്നു.
അന്ന് കഥകളുടെയെല്ലാം അന്ത:സത്ത വിശ്വമാനവികതയും സഹജീവി സ്നേഹവും തന്നെയായിരുന്നു. തന്നിൽ നിന്നന്യമായിട്ടൊന്നുമില്ല എന്ന് ഞാൻ പതുക്കെപ്പതുക്കെ മനസ്സിലാക്കുകയായിരുന്നു. ശിബി ചക്രവർത്തിയുടെ കഥകളും ഹോജാ – മുല്ലാ കഥകളും കാളിദാസൻ്റെ മേഘ സന്ദേശവും ഒക്കെ അമ്മമ്മയുടെ വാക്കുകളിലൂടെ എൻ്റെ കുഞ്ഞുമനസ്സിലിടം പിടിച്ചു. കഥ പറച്ചിലിനിടയിൽ ഞാനെന്നും സംശയങ്ങൾ ചോദിക്കുമായിരുന്നു.
യുക്തിരഹിതമായ ഒരു മറുപടിയും ആ മുഖത്തു നിന്ന് കേൾക്കേണ്ടി വന്നിട്ടില്ല. ഗർഭിണിയായ സീതയെ ഉപേക്ഷിച്ച രാമനെ കുറിച്ചും ധാർമികത നഷ്ടപ്പെട്ട യുദ്ധമുറകളെ കുറിച്ചും എൻ്റെ തീരാത്ത സംശയങ്ങൾക്ക് കൃത്യമായ മറുപടിയായിരുന്നു തന്നിരുന്നത് .തെറ്റ് തെറ്റായും ശരി ശരിയായും തന്നെ മനസ്സിലാക്കിത്തരുമായിരുന്നു.
” ൻ്റെ കുട്ടി നല്ലതെന്ന് തോന്നണത് മാത്രം എട്ത്താ മതി… ” എന്നു പറഞ്ഞ് ഒരു ചിരിയുണ്ട് . “അല്ലെങ്കിൽ തന്നെ തെറ്റും ശരിയുമൊക്കെ അവരവരുടെ കാഴ്ചപ്പാട് പോലെയല്ലേയെൻ്റെ കുട്ട്യേ… “എന്ന് വിരാമമിട്ടൊരു പറച്ചിലും. ഈയൊരറിവ് എൻ്റെ മനസ്സിലുറച്ചു പോയത് അങ്ങനെയാവണം.