ഒമിക്രോണിനെതിരെ ജാഗ്രത വേണം
ഡോ. ടി. പി. സേതുമാധവൻ
കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ സൃഷ്ടിക്കാനിരിക്കുന്ന ഭീതിയെക്കുറിച് ലോകാരോഗ്യ സംഘടന ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസിന്റെ പുതിയവകഭേദം 15 ഓളം രാജ്യങ്ങളിലെ 150 ഓളം പേരിൽ. കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ മാത്രം നൂറോളം രോഗികളിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടൺ, യൂറോപ്പ്, ഇസ്രായേൽ, സിങ്കപ്പൂർ, മൗറീഷ്യസ് ,ന്യൂസിലാൻഡ് , ചൈന, സിംബാബ്‌വെ, ബോട്സ്വാന, ഹോങ്കോങ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി രാജ്യങ്ങൾ രോഗബാധയുള്ള രാജ്യങ്ങളിലേക്ക് യാത്രാവിലക്കും, ക്വാറന്റൈൻ നിബന്ധനകളും കർശ നമാക്കിയിട്ടുണ്ട്. ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാർക്കുള്ള ആർ ടി പി സി ആർ പരിശോധനാക്രമവും ഊർജ്ജിതമാക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടന ഒമിക്രോൺ വൈറസ് വകഭേദത്തെ ഏറെ ജാഗ്രതപ്പെടേണ്ട ഇനമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് വാക്‌സിനേഷനിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഏറെ മുന്നിലാണെങ്കിലും ചില വികസിത രാജ്യങ്ങളിലടക്കം പ്രതിരോധ കുത്തിവെപ്പുനിരക്ക് കുറവാണ്. ആഗോളതലത്തിൽ വാക്‌സിനേഷൻ നിരക്ക് 25 ശതമാനമാണ്. ആഫ്രിക്കൻ രാജ്യങ്ങളിലിത് 15 ശതമാനത്തിൽ താഴെ മാത്രം. ഈയിടെ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ച എനിക്ക് പലരാജ്യങ്ങളിലും വാക്‌സിനെടുക്കാനുള്ള ജനങ്ങളുടെ വിമുഖത ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കോവിഡിന്റെ ഒമിക്രോൺ വകഭേദം വൈറസിന്റെ 32 തവണ ജനിതക വ്യതിയാനം സംഭവിച്ചവയാണ് .
ഒമിക്രോൺ, വാക്‌സിൻ വഴി ആർജ്ജിച്ച രോഗപ്രതിരോധ ശേഷിയെ ബാധിക്കുമോ എന്നതാണ് ലോകാരോഗ്യസംഘടന ആശങ്കപ്പെടുന്നത് . ഇതിനകം വൈറസിന്റെ മൂന്നു തവണ ജനിതകവ്യതിയാനം സംഭവിച്ച ഡെൽറ്റ വകഭേദം മൂലം മരണനിരക്ക് കൂടുതലായിരുന്നു. ഒമിക്രോൺ സൃഷ്ടിക്കാനിരിക്കുന്ന പ്രത്യാഘാതങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട്. രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളിലെ ക്രോണിക് രോഗബാധ തുടർ ജനിതക വ്യതിയാനത്തിന് വൈറസിന് സാഹചര്യം സൃഷ്ടിച്ചതാകാണെന്നാണ് ഒമിക്രോൺ വരാനിടയായ സാഹചര്യത്തെക്കുറിച് ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തല്‍
എച്ച്ഐവി രോഗബാധിതരിലും മറ്റു രോഗികളിലും ആഫ്രിക്കയിലുണ്ടായ രോഗബാധയും കുറഞ്ഞ വാക്‌സിനേഷൻ നിരക്കും കമ്മ്യൂണിറ്റി വ്യാപനവും ഇതിനു വഴിയൊരുക്കിയിട്ടുണ്ടാകുമെന്ന് അനുമാനിക്കുന്നു. എന്നാൽ ഒമിക്രോൺ ബാധിച്ച മുപ്പതോളം പേരെ ചികിത്സിച്ച ദക്ഷിണാഫ്രിക്കയിലെ ഡോക്ടർ അവകാശപ്പെടുന്നത് രോഗബാധിതരിൽ പേശിവേദന,തൊണ്ടവേദന,ചുമ തുടങ്ങി ചെറിയ രോഗലക്ഷണങ്ങൾ മാത്രമെയുള്ളുവെന്നാണ്. മാത്രമല്ല വാക്‌സിൻ എടുക്കാത്തവരിലും മാരക രോഗബാധ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലത്രെ. എന്നാൽ ജനിതകവ്യതിയാനം വന്ന ഒമിക്രോൺ റിപ്പോർട്ട് ചെയ്ത നടപടിയിൽ ലോകരാഷ്ട്രങ്ങൾ ദക്ഷിണാഫ്രിക്കയെ അഭിനന്ദിച്ചു വരുന്നു. യഥാസമയം ജീനോമിക് പഠനങ്ങൾ നടത്താനുള്ള സൗകര്യവും ദക്ഷിണാഫ്രിക്കയിലുണ്ട്.
ആഗോളതലത്തിൽ 67 ഓളം രാജ്യങ്ങൾ കോവിഡ് പ്രതിരോധത്തിൽ പിന്നിൽ നിൽക്കുമ്പോൾ രോഗത്തിനെതിരായ ജാഗ്രത തുടരുക തന്നെ വേണം. സാമൂഹിക അകലം പാലിച്ചു കൊണ്ട് മാസ്കും, സാനിറ്റൈസറും ഉപയോഗിക്കുന്നത് തുടരണം. അയൽ സംസ്ഥാനങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നവരുടെ എണ്ണം തുലോം കുറയുന്നു. കർണാടക, കേരളത്തിൽ നിന്നുള്ളവർക് കർശന നിയന്ത്രണവും, ആർ.ടി.പി.സി.ആർ.ടെസ്റ്റും നിർബന്ധമാക്കിയിട്ടുമുണ്ട്. എന്നാൽ രോഗത്തെക്കുറിച്ചുള്ള അനാവശ്യ തെറ്റിദ്ധാരണകൾ ജനങ്ങളുടെ സാമൂഹിക ജീവിതം , ജീവസന്ധാരണം എന്നിവയെ പ്രതികൂലമായി ബാധിക്കാനിടവരരുത്.
(ബംഗളൂരു ട്രാൻസ് ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻ്റ് ടെക്നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍ )