കാസര്‍കോട്ടെ കോട്ടയ്ക്കൽ ബാലകൃഷ്ണൻ വൈദ്യരുടെ കൈപ്പുണ്യം
ഡോ.യു.പി.രാധിക
കാസർകോട്ടെ മടിക്കൈ ഗ്രാമത്തിന്റെ നാട്ടുവഴികളിലൂടെ കാഞ്ഞങ്ങാട്ടു നിന്ന് കാൽനടയായും സൈക്കിളിലും യാത്ര ചെയ്ത് ജോലി സ്ഥലത്തെത്തിയിരുന്ന ബാലകൃഷ്ണൻ എന്ന യുവാവായ വൈദ്യനെ ആ നാട്ടുകാരിൽ ചിലരെങ്കിലും ഇന്നും ഓർക്കുന്നുണ്ടാകും.
ആതുര സേവനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം ക്രമേണ നാട്ടിലെ അറിയപ്പെടുന്ന ചികിത്സകനായി മാറി. ആ പ്രതിഭക്കു മുമ്പിൽ പല മാറാവ്യാധികളും വഴിമാറി. പിന്നീട് കാസർകോട് ജില്ല പിറന്നപ്പോൾ ഡോ. യു പി. ബാലകൃഷ്ണൻ നായർ എന്ന വൈദ്യൻ ആദ്യ ജില്ലാ മെഡിക്കൽ ഓഫീസറുമായി.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജനങ്ങൾ ആ ആയുർവേദ ഭിഷഗ്വരന്റ ചികിത്സാ കൈപ്പുണ്യമറിഞ്ഞു. കണ്ണൂർ , കാസർകോട് ജില്ലകളിലെ ജനങ്ങൾക്ക് അന്ന് അദ്ദേഹം കോട്ടയ്ക്കൽ ബാലകൃഷ്ണൻ വൈദ്യരായിരുന്നു. കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ നിന്ന് ആര്യവൈദ്യ പഠനം കഴിഞ്ഞ അപൂർവ്വം ചിലരിൽ ഒരാളായിരുന്നത്കൊണ്ടു തന്നെയാണിത്.
1935 ൽ തുടങ്ങിയ യു.പി.ബാലകൃഷണൻ നായരുടെ ജീവിത യാത്ര എൺപത്തിനാലിലെത്തി നിൽക്കുന്നു. അദ്ദേഹം ഇപ്പോൾ കാഞ്ഞങ്ങാട്ടെ വീട്ടിൽ വിശ്രമ ജീവിതത്തിലാണ്. ഒരു കാലത്തെ ആയുർവേദ ചികിത്സാ പരമ്പരയുടെ കണ്ണികൂടിയാണ് ബാലകൃഷണൻ നായർ. അച്ഛൻ കാഞ്ഞങ്ങാട് ദുർഗാ ഹൈസ്കൂൾ അദ്ധ്യാപകനായിരുന്ന പുറവങ്കര കണ്ണൻ നായരുടെ പിതാവ് കൊല്ലടത്ത് കണ്ണൻ വൈദ്യർ വിഷവൈദ്യത്തിലും ആയുർവേദ ചികിത്സയിലും പ്രഗൽഭനായിരുന്നു. അമ്മ ഉദിനൂർ പള്ളിയത്ത് പാറുക്കുട്ടി അമ്മയുടെ തറവാട്ടിലെ പഴയ കാരണവന്മാർ നാട്ടിലെ വിഷവൈദ്യൻമാരായി അറിയപ്പെട്ടിരുന്നു. കാഞ്ഞങ്ങാട്, കരിവെള്ളൂർ, നീലേശ്വരം തുടങ്ങി പല സ്ഥലങ്ങളിലായിട്ടായിരുന്നു ബാലകൃഷ്ണൻ നായരുടെ പ്രാഥമിക വിദ്യാഭ്യാസം. കാഞ്ഞങ്ങാട് ദുർഗ്ഗ സ്കൂളിൽ നിന്ന് 1952 ൽ അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായപ്രകാരമുള്ള സിക്സ്ത് ഫോറം പൂർത്തിയാക്കി.
പഠനകാലത്തു തന്നെ ഗാന്ധിയൻ ചിന്താഗതിയിൽ ആകൃഷ്ടനായിരുന്നു. കൂടാതെ പിതാവിന്റെ ആദർശങ്ങളിലൂന്നിയ ഉപദേശങ്ങളും ഭഗവത്ഗീതയും പഠന കാലത്തും തുടർന്നും ജീവിതത്തിലെ പ്രധാന വഴികാട്ടികളായി.
ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സംസ്കൃത വിദ്വാൻ ഗോവിന്ദൻ നായരുടെ കീഴിൽ കുറച്ചു കാലം സംസ്കൃതഭാഷ പഠിക്കാൻ അവസരമുണ്ടായി. ഇത് പിന്നീടുള്ള ആയുർവേദ പഠനത്തിന് ഏറെ ഗുണം ചെയ്തതായി ബാലകൃഷ്ണൻ നായർ പറയുന്നു. ഈ എൺപതുകളിലും സംസ്കൃതഭാഷാ ശ്ലോകങ്ങൾ ഓർമയുടെ മങ്ങലേൽക്കാതെ ഉദ്ധരിച്ച് വിശദീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിന് ഒരു കോട്ടവും തട്ടിയിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1954 ൽ മലപ്പുറം ജില്ലയിലെ പേരുകേട്ട കോട്ടക്കൽ ആയുർവേദ കോളേജിൽ ചേർന്നു. കേരളത്തിൽ ആയുർവേദത്തിന്റെ സമ്പൂർണ വികസനം ലക്ഷ്യമാക്കി 1902 ലാണ് കോട്ടക്കലിൽ ആര്യവൈദ്യശാല തുടങ്ങിയത്. അക്കാലത്ത് ആയുർവേദ പഠനം പ്രധാനമായും ഗുരുകുല സമ്പ്രദായത്തിലായിരുന്നു. കൃത്യമായ ഒരു പാഠ്യപദ്ധതി പ്രകാരം പഠനം ക്ലാസ്മുറികളിലേക്ക് മാറ്റണമെന്ന ലക്ഷ്യത്തോടെ ആര്യവൈദ്യശാലയോടു അനുബന്ധിച്ച് ആര്യവൈദ്യസമാജത്തിന്റെ കീഴിൽ പി.എസ്. വാരിയർ ആദ്യ പ്രിൻസിപ്പൽ ആയി 1917-ൽ ഒരു പാഠശാല ആരംഭിച്ചു.
ആര്യവൈദ്യൻ എന്നു പേരിട്ട നാലു വർഷത്തെ ഒരു പാഠ്യപദ്ധതിയാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ആ പാഠശാലയാണ് പിന്നീട് കേരളത്തിന്റെ അഭിമാനമായ കോട്ടക്കൽ ആയുർവേദ കോളേജായി മാറിയത്.
പി. കെ. രാമുണ്ണി മേനോൻ പ്രിൻസിപ്പലായിരുന്ന കാലത്താണ്
ബാലകൃഷ്ണൻ നായർ കോട്ടക്കലിൽ എത്തുന്നത്. തന്റെ പ്രതിഭയിലൂടെയും പെരുമാറ്റത്തിലൂടെയും രാമുണ്ണി മേനോന്റെ അരുമശിഷ്യനായി അദ്ദേഹം മാറി. അന്നത്തെ പ്രഗൽഭരായ ആയുർവ്വേദ ഗുരുക്കന്മാരായിരുന്ന ശങ്കര വാരിയർ, പിഷാരടി തുടങ്ങിയവരുടെ കീഴിൽ ശിക്ഷണം ലഭിച്ചു.
പഠിക്കുന്ന കാലത്ത് കോളേജിലെ തിരഞ്ഞെടുപ്പിൽ ആദ്യ വർഷം ജൂനിയർ സെക്രട്ടറിയായും തുടർന്ന് ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയത്ത് അവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ആര്യവൈദ്യൻ’ എന്ന ആനുകാലികത്തിനു വേണ്ടിയും പ്രവർത്തിച്ചിരുന്നു. തുടർന്ന് കോട്ടക്കലിൽ നിന്ന് നല്ല നിലയിൽ അദ്ദേഹം പഠനം പൂർത്തിയാക്കി പബ്ലിക് സർവ്വീസ് കമ്മീഷൻ പരീക്ഷ പാസായ ശേഷം 1961-ലാണ് ഗവർമെന്റ് സർവ്വീസിൽ പ്രവേശിച്ചത്. പാപ്പിനിശ്ശേരിക്കടുത്തുള്ള ഇരിണാവിലായിരുന്നു ആദ്യനിയമനം. പിന്നീട് വടക്കൻ കേരളത്തിന്റെ പല ഭാഗങ്ങളിലായി ജോലി ചെയ്തു. ഇക്കാലങ്ങളിൽ ആയുർവേദ ചികിത്സ അദ്ദേഹത്തിന് ജീവവായുപോലെയായി. ജോലിയുടെ ഭാഗമായി കാസർകോട്ടെ കിഴക്കൻ മലയോരങ്ങളിലെ പല ആയുർവേദ ആസ്പത്രികളിലും അദ്ദേഹം പ്രവർത്തിച്ചു. അച്യുതമേനോൻ നിയമസഭയിൽ 1970-77 കാലഘട്ടത്തിൽ ആരോഗ്യമന്ത്രിയായിരുന്നനീലേശ്വരം സ്വദേശി എൻ. കെ. ബാലകൃഷ്ണൻ 1971-ൽ പടന്നക്കാട് ആയുർവ്വേദ ആശുപത്രിക്ക് അനുമതിക്ക് നൽകി.
അദ്ദേഹത്തിന്റെ പ്രത്യേക നിർദേശപ്രകാരം ബാലകൃഷ്ണൻ നായർ പുതിയ സംരംഭത്തിന്റെ മുഴുവൻ നേതൃത്വവും ഏറ്റെടുത്തു. സ്വന്തം നാടിനെ സേവിക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തി അതിനെ നാട്ടിലെ അറിയപ്പെടുന്ന ഒരു സ്ഥാപനമായി ഉയർത്തിക്കൊണ്ടുവന്നു. ദേശീയപാതയുടെ ഒരു ഭാഗത്തു ചെറിയ തോതിൽ പ്രവർത്തിച്ചു തുടങ്ങിയ ആസ്പത്രിക്ക് ക്രമേണ സ്വന്തമായ സ്ഥലവും, കെട്ടിടവും, കിടത്തി ചികിത്സിക്കാനുള്ള സൗകര്യവും ഇക്കാലത്ത് ഉണ്ടായി. ഇന്നും ജില്ലയിലെ രോഗികൾക്ക് ഒരു വലിയ ആശ്വാസമാണ് ഈ ആസ്പത്രി. നാട്ടുകാരുമായി കൈകോർത്ത് അവരുടെ പൂർണ സഹകരണത്തോടെയാണ് എല്ലാ വികസന പ്രവർത്തനങ്ങളും നടത്തിയതെന്ന് ബാലകൃഷ്ണൻ നായർ പറയുന്നു.
സർവ്വീസിന്റെ ഭാഗമായി കേരളത്തിന്റെ പല സർക്കാർ ആശുപത്രികളിലായി ജോലി ചെയ്തിട്ടുണ്ട്. സീനിയർ മെഡിക്കൽ ഓഫീസർ തസ്തികയിൽ എറണാകുളം ജില്ലയിലെ പിറവത്തായിരുന്നു നിയമനം. തുടർന്ന് ചീഫ് മെഡിക്കൽ ഓഫീസർ തസ്തികയിൽ നെയ്യാറ്റിൻകരയിലും വർക്കലയിലും സേവനം നടത്തി . 1984-ൽ കാസർകോട് ജില്ല രൂപീകൃതമായപ്പോൾ ആദ്യത്തെ ആയുർവേദ ജില്ല മെഡിക്കൽ ഓഫീസറായി വീണ്ടും താൻ തന്നെ തുടക്കം കുറിച്ച പടന്നക്കാട്ടേക്ക് തിരിച്ചെത്തി. 1990 ഒക്ടോബറിൽ കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസർ പദവിയിലിരിക്കെ സർവ്വീസിൽ നിന്ന് വിരമിച്ചു. വിരമിച്ച ശേഷവും അദ്ദേഹത്തെ രോഗികൾ പിൻതുടർന്നു കൊണ്ടേയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പല സന്നദ്ധ സംഘടനകളും അദ്ദേഹത്തിന്റെ സേവനം തുടർന്നും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ബാലകൃഷ്ണൻ നായരുടെ വലിപ്പം വെറും ഒരു സാധാരണ ആയുർവേദ ഭിഷഗ്വരനിൽ ഒതുങ്ങിയില്ല. ജോലിയിലുള്ള കൃത്യതയും രോഗികളോടും കീഴ്ജീവനക്കരോടുമുള്ള അകമഴിഞ്ഞ ആത്മാർത്ഥതയും സ്നേഹവും സഹാനുഭൂതിയും അദ്ദേഹം ജീവിതത്തിലുടനീളം കൊണ്ടു നടന്നു. ശരീരശാസ്ത്രവുമായി ബന്ധപ്പെട്ട സ്വന്തമായ ഒരു പുസ്തക ശേഖരവും വിപുലമായ വായനയും ജീവിതത്തിന്റെ ഭാഗമാക്കി.ശരീരത്തിന്റെയും മനസ്സിന്റെയും പ്രതിപ്രവർത്തനങ്ങളെ ആഴത്തിൽ ഉൾക്കൊണ്ട് തന്റേതായ ചികിത്സാരീതിയിൽ രോഗികൾക്ക് സ്വാസ്ഥ്യം പകർന്ന കഥകൾ കുറെ പേരുടെ മനസ്സിലെങ്കിലും ഇപ്പോഴും മായാതെകിടക്കുന്നുണ്ടാവും. പ്രശസ്തിയിൽ നിന്നും പരസ്യങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞുമാറി. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയിയതുമില്ല. എന്നാല്‍ മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന തന്റെ ഔദ്യോഗിക ജീവിതത്തിൽ നിസ്വാർത്ഥനും പ്രതിഭാധനനുമായ ആയുർവേദ ഭിഷഗ്വരൻ എന്ന നിലയിൽ ബാലകൃഷ് ണൻ നായർ നാടിന്റെ മനസ്സിലൊരിടം നേടി.
ആദ്ധ്യാത്മികതയിലൂന്നിയ ജീവിതവും ദാർശനികമായ ചിന്താഗതിയും അദ്ദേഹത്തിന്റെ സന്തത സഹചാരികളായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ദർശനങ്ങളിൽ നിന്ന് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടിരുന്നു. അദ്ധ്യാത്മികതയിലൂന്നിയ ജീവിതം നയിച്ചിരുന്ന സ്വന്തം പിതാവിന്റെ ഉപദേശപ്രകാരം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഒരു യോഗ പുസ്തകം വായിച്ച് ചെറിയ പ്രായത്തിൽ തന്നെ യോഗാസനങ്ങൾ സ്വയം അഭ്യസിച്ചു ശീലിച്ചു. അന്നു മുതൽ പ്രാർത്ഥനയും യോഗയും നിത്യജീവിതത്തിന്റെ ഭാഗമാക്കി.
സാധാരണ ദിവസങ്ങളിൽ രാവിലെ നാലു മണിക്ക് ഉണരും. പ്രഭാതകർമ്മങ്ങൾക്ക് ശേഷം പ്രാർത്ഥന. ലളിത സഹസ്രനാമം, വിഷ്ണു സഹസ്രനാമം തുടങ്ങിയ സഹസ്രനാമങ്ങളും ആയുർവേദത്തിന്റെ ആദിഗുരുവും ദൈവവുമായി കണക്കാക്കപ്പെടുന്ന ധന്വന്തരിയുമായി ബന്ധപ്പെട്ട ഏതാനും സ്തോത്രങ്ങളും ഉൾപ്പെട്ടതാണ് പ്രഭാതത്തിലെ പ്രാർത്ഥന. തുടർന്ന് യോഗാഭ്യാസം, ഏത്തം. ഇടവേളകളിൽ വായന, ചികിത്സ. വൈകുന്നേരം കുടുംബാങ്ങളോടൊത്ത് സന്ധ്യാവന്ദനം. ഈ ദിനചര്യ മനസ്സിനും ശരീരത്തിനും ഏറെ സൗഖ്യം പകരുന്നുവെന്നാണ് ആദ്ദേഹത്തിന്റെ അഭിപ്രായം. സസ്യാഹാരമേ കഴിക്കു. രാത്രി നേരത്തേ ഉറങ്ങും, ഒമ്പതരയോടെ – ഇതാണ് ദിനചര്യ.
ചന്തേര സ്വദേശിനിയായ സി. എം. ശകുന്തളയാണ് ഭാര്യ. സി.എം. ഹരീന്ദ്രൻ, ഹേമ എന്നിവര്‍ മക്കളാണ്. പ്രിയ.യു.പി, കാഞ്ഞങ്ങാട് പത്മാ പോളീ ക്ലിനിക്ക് ഡയരക്ടറായ രഞ്ജിത് സി.നായർ എന്നിവർ മരുമക്കൾ
ഇദ്ദേഹത്തിൻ്റെ ദേശം കാസർഗോഡോ അതോ കാഞ്ഞങ്ങാടോ ?