രാജീവ് ആലുങ്കലിന് യൂണിവേഴ്സൽ ഫോറത്തിൻ്റെ ദേശീയ അംഗീകാരം.
രാജീവ് ആലുങ്കലിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ദേശീയ പുരസ്ക്കാരം. നാടകം ആൽബം സിനിമ രംഗങ്ങളിലായി 4200 ഗാനങ്ങളുടെ രചനയ്ക്കാണ് ഈ അപൂർവ്വ ബഹുമതി.
ഈ മൂന്നു രംഗങ്ങളിലും ഒരേ പോലെ പുലർത്തിയ മികവിനുള്ള ദേശീയ റെക്കോർഡാണിത്. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള യു.ആർ.എഫ്. നാഷണൽ റെക്കോർഡ് രാജീവ് ആലുങ്കലിന് സമ്മാനിച്ചു. 1993ൽ ഗാനരചനയ്ക്ക് തുടക്കം കുറിച്ച രാജീവ് ആലുങ്കൽ 250 പ്രൊഫഷണൽ നാടകങ്ങളിലായി 1000 ഗാനങ്ങളും, 280 ഓഡിയോ ആൽബങ്ങളിലായി 2800 ഗാനങ്ങളും, 130 സിനിമകളിലായി 400 ഗാനങ്ങളും രചിച്ചിട്ടുണ്ട്.
നാടകരംഗത്ത് സംഗീത പ്രതിഭകളായ എം.കെ അർജുനൻ, കുമരകം രാജപ്പൻ, വൈപ്പിൻ സുരേന്ദ്രൻ, ഫ്രാൻസിസ് വലപ്പാട്, കലവൂർ ബാലൻ തുടങ്ങി എല്ലാ പ്രമുഖരോടൊപ്പവും പ്രവർത്തിച്ചു. ആൽബം രംഗത്ത് ടി.സീരീസ്, സോണി മൂസിക്, തരംഗിണി, മാഗ്നാ സൗണ്ട്, ജോണി സാഗരിഗ, ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ നിർമ്മാണ കമ്പനികൾക്കായി ദക്ഷിണാമൂർത്തി, ജയ വിജയ, എം.ജി. രാധാകൃഷ്ണൻ, രവീന്ദ്രൻ, പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, ജെറി അമൽദേവ്, ടി.എസ്സ് രാധാകൃഷ്ണൻ തുടങ്ങിയവരോടൊപ്പവും പ്രവർത്തിച്ചു. സിനിമാരംഗത്ത് ഔസേപ്പച്ചൻ, വിദ്യാസാഗർ, മോഹൻ സിത്താര, എം.ജയചന്ദ്രൻ, ബേണി ഇഗ്നേഷ്യസ്, ഗോപി സുന്ദർ തുടങ്ങിയവരോടൊപ്പവും പാട്ടുകളൊരുക്കി. ഭാരതത്തിലെ ഒട്ടുമിക്ക ഗായകരും ആ ഗാനങ്ങൾ പാടി. എ ആർ റഹ്മാൻ്റെ ”വൺ ലൗ ” എന്ന ബഹുഭാഷാ ആൽബത്തിലെ ഏക മലയാളഗാനം രചിച്ചു.
ഗാനരചനാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് 2012 ലും, നാടകഗാനരചനയ്ക്കുള്ള കേരളസംസ്ഥാന അവാർഡ്, 2004 ലും 2005, 2012, 2018, വർഷങ്ങളിൽ ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ രാജീവ് ആലുങ്കലിന് ലഭിച്ചിട്ടുണ്ട്.