ആലപ്പുഴ എക്സ്പ്രസ്സിൽ അന്ന് “തമ്മിൽ കണ്ടപ്പോൾ ”
കെ.കെ.മേനോന്‍
1985 ഡിസംബർ മാസത്തിൽ ആലപ്പി എക്സ്പ്രസ്സിൽ നാട്ടിലേക്കുള്ള യാത്ര. ട്രെയിൻ മദ്രാസ് സെൻട്രൽ സ്റ്റേഷൻ വിട്ടു കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ എൻ്റെ മുന്നിൽ. ഏകദേശം 45 വയസ്സ് പ്രായം വരും. അടുത്ത് വന്ന് സ്വയം പരിചയപ്പെടുത്തി. ഞാൻ വേണു, ഫിലിം ഡയറക്ടർ പി. വേണു. ഉദ്യോഗസ്ഥ, സിഐഡി നസീർ എന്നീ പടങ്ങൾ ഡയറക്ട് ചെയ്ത സംവിധായകൻ. ഇത്രയും പറഞ്ഞ് എന്നോട് അദ്ദേഹം ഇരിക്കുന്ന ബർത്തിലേക്ക് വരാൻ ക്ഷണിക്കുകയും ചെയ്തു. ഞാൻ അവിടെ എത്തിയപ്പോൾ അടുത്തിരിക്കാൻ പറഞ്ഞു. ഭാര്യയെ പരിചയപ്പെടുത്തുകയും ചെയ്തു. എന്റെ പേര്, മറ്റു വിശേഷങ്ങൾ എല്ലാം ചോദിച്ച് മനസ്സിലാക്കിയതിനു ശേഷം സിനിമയിൽ അഭിനയിക്കാൻ താല്പര്യമുണ്ടോയെന്ന് ഒരൊറ്റ ചോദ്യം. ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം കേട്ടപ്പോൾ ഞാൻ സ്തംഭിച്ചുപോയി.
സിനിമാഭിനയം മനസ്സിൽ വെച്ച് താലോലിച്ചു നടന്നിരുന്ന കാലം. തേടിയവള്ളി കാലിൽ ചുറ്റി എന്ന് പറയുന്ന മാതിരി എന്നെ തേടി ഒരു ഓഫർ. അതും വളരെ പ്രശസ്തനായ ഒരു സംവിധായകൻ നൽകിയപ്പോൾ ഞാൻ എല്ലാം മറന്നു. പരിസരം മറന്നു. മനസ്സ് വേറെ ഏതോ ലോകത്തായി. സന്തോഷംകൊണ്ട് ഉത്തരം പറയാൻ വാക്കുകൾ കിട്ടാതെയുള്ള എന്റെ പരിഭ്രമം കണ്ടപ്പോൾ വേണുവേട്ടൻ സമാധാനിപ്പിച്ചു. വിഷമിക്കേണ്ട, ധൃതിപിടിച്ച് ഉത്തരം പറയണ്ട. ആലോചിച്ച് തീരുമാനം എടുത്ത് എന്നെ അറിയിക്കൂ എന്നും പറഞ്ഞു. തിരിച്ച് എന്റെ ബർത്തിലേക്ക് വന്നിരുന്നു. ഭക്ഷണം പോലും കഴിക്കാതെ വേണുവേട്ടൻ ചോദിച്ച ചോദ്യം മാത്രം മനസ്സിൽ ആലോചിച്ചു കൊണ്ടേയിരുന്നു. ഉത്തരം അപ്പോഴേ മനസ്സിലുണ്ടായിരുന്നു. എനിക്ക് ക്ഷമ ഇല്ലാതായി.
കുറച്ചുകഴിഞ്ഞ് ഞാൻ വേണുവേട്ടന്റെ അടുത്തേക്ക് പോയപ്പോൾ അദ്ദേഹം കി ടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്താ തീരുമാനം എടുത്തോ എന്ന വേണുവേട്ടന്റെ ചോദ്യത്തിന് ഒറ്റവാക്കിൽ ഞാൻ ഉത്തരം നൽകി. അഭിനയിക്കാൻ താല്പര്യമുണ്ട്. പക്ഷേ മുൻ പരിചയമൊന്നുമില്ല. ശരി ഞാൻ വിവരം അറിയിക്കാം എന്ന് പറഞ്ഞ് എന്റെ അഡ്രസ്സും വാങ്ങി അദ്ദേഹം ഉറങ്ങാൻ കിടന്നു. ഞാൻ തിരിച്ച് എന്റെ ബർത്തിലെത്തി കിടന്നെങ്കിലും ഉറക്കം വരാതെ ആ രാത്രി തള്ളിനീക്കി. ഏതാണ് ചിത്രം, ആരൊക്കെയാണ് അഭിനേതാക്കൾ അങ്ങനെ നൂറു ചോദ്യങ്ങൾ വേണുവേട്ടനോട് ചോദിക്കാൻ ഉണ്ടായിരുന്നു. അതിരാവിലെ അഞ്ചുമണിക് എനിക്കു ഇറങ്ങാനുള്ള സ്റ്റേഷൻ എത്തി. ഞാൻ ഇറങ്ങാൻ പോകുന്ന വഴി വേണുവേട്ടനോട് യാത്രപറയാൻ പോയെങ്കിലും അദ്ദേഹം ഗാഢനിദ്രയിലായിരുന്നു.
നാട്ടിലെത്തി ദിവസങ്ങൾ കടന്നു പോയി. അക്ഷമനായി കാത്തിരിപ്പ് തുടർന്നു. ഓരോ പ്രാവശ്യം ഫോൺ അടിക്കുമ്പോഴും ഓടിയെത്തും. അങ്ങനെ ഒരുദിവസം ഉച്ചയോടു കൂടി എനിക്കൊരു ടെലഗ്രാം. അച്ഛനാണ് തുറന്നു വായിച്ചത്. Shooting starts on 20th January at Madras. Meet me on 18th at my residence -Director Venu അതുവരെ അച്ഛനോടും അമ്മയോടും ഒന്നും പറയാതിരുന്ന എന്റെ മുഖത്തേക്ക് അച്ഛന്റെ ഒരു നോട്ടം, തുടർന്ന് ചോദ്യവും. എന്താ സിനിമയിൽ അഭിനയിക്കാനുള്ള പുറപ്പാടാണോ? വേറെ ജോലിക്കൊന്നും പോകാൻ താല്പര്യമില്ലേ? ഉത്തരം പറയാൻ വിഷമിച്ചു നിൽക്കുമ്പോൾ എന്റെ രക്ഷയ്ക്കായി അമ്മ അടുത്തു വന്നു അച്ഛനോട് പറഞ്ഞു, അവന്റെ ആഗ്രഹം അതാണെങ്കിൽ നമ്മൾ എന്തിന് തടസ്സമായി നിൽക്കണം? പിന്നെ കൂടുതൽ ചോദ്യങ്ങളൊന്നും ചോദിക്കാതെ അച്ഛൻ വീടിന്റെ മുകളിലേക്ക് പോയി.
അങ്ങനെ പറഞ്ഞ ദിവസം ഞാൻ മദ്രാസിലെത്തി. വേണുവേട്ടൻ്റെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ടു. പടത്തിൻ്റെ പേര് “തമ്മിൽ കണ്ടപ്പോൾ” എന്നാണെന്നും ഹിന്ദിയിലെ “കട്ടി പതംഗ്”എന്ന പ്രശസ്ത ചിത്രത്തിന്റെ റീമേക്ക് ആണെന്നും പറഞ്ഞു. ഹിന്ദിയിൽ രാജേഷ് ഖന്ന, ആശാപരേഖ്, പ്രേംചോപ്ര എന്നിവർ അഭിനയിച്ച റോളുകൾ മലയാളത്തിൽ ശങ്കർ, മേനക, കൂടാതെ കെ. പി. ഉമ്മർ സുകുമാരി, ബഹദൂർ അങ്ങനെ നിരവധി താരങ്ങളും ഉണ്ടെന്ന് പറഞ്ഞു. പടത്തിൽ എനിക്ക് മെയിൻ വില്ലൻ കഥാപാത്രമാണ്. അതായത് ഹിന്ദിയിൽ പ്രേംചോപ്ര ചെയ്ത റോളാണ് വെച്ചിരിക്കുന്നതെന്ന് പറഞ്ഞു. വളരെ പ്രധാനപ്പെട്ട വേഷമാണെന്നും അഭിനയിക്കാൻ ഒരുപാട് സ്കോപ്പ് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 20ന് രാവിലെ ഷൂട്ടിംഗ് തുടങ്ങി. സ്ക്രീൻനെയിം ദിനേശ് എന്നാക്കി. വേണുവേട്ടൻ തന്നെയാണ് പേര് മാറ്റിയത്. ആദ്യ സീൻ റീ ടേക്ക് ചെയ്യേണ്ടിവന്നു. മേനകയുമായുള്ള കോമ്പിനേഷൻ സീനിൽ പരിഭ്രമിച്ചു ഡയലോഗ് മറന്നു. രണ്ടുമൂന്നു സീൻ എടുത്തു കഴിഞ്ഞപ്പോഴേക്കും ഞാൻ ഒരു വിധം കംഫർട്ടബിളായി, ടെൻഷൻ കുറെ
പോയി കോൺഫിഡൻറ് ആയി. അവിശ്വസനീയമായ നിമിഷങ്ങൾ, ദിവസങ്ങൾ കടന്നു പോയി. സ്റ്റണ്ട് ചിത്രീകരണം മറക്കാൻ സാധിക്കാത്ത അനുഭവമായിരുന്നു. സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനായിരുന്നു. ദേവൻ പോലീസ് ഇൻസ്പെക്ടർ, എന്നെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന രംഗം… അങ്ങനെ നിരവധി രസകരമായ അനുഭവങ്ങൾ. ഷൂട്ടിംഗ് ഒരു ഷെഡ്യൂളിൽ പൂർത്തിയായി. ഡബ്ബിങ് റീ റെക്കോർഡിങ് മിക്സിങ് അങ്ങനെ എല്ലാ ജോലികളും സമയബന്ധിതമായി തീർന്നു.
ഡിസ്ട്രിബ്യൂട്ടർ, ഫിനാൻഷ്യർ പ്രശ്നങ്ങൾ കാരണം പടം റിലീസ് ചെയ്യാൻ സാധിച്ചില്ല. അതാണ് വിധി അല്ലെങ്കിൽ എന്റെ നിർഭാഗ്യം… എന്തു വേണമെങ്കിലും പറയാം. മുഖ്യ വേഷം ചെയ്ത ശങ്കറിന്റെ മാർക്കറ്റ് അന്ന് അത്ര ആശാവഹമായിരുന്നില്ല. അതുകാരണം ഡിസ്ട്രിബ്യൂട്ടർ പിന്മാറി. അങ്ങനെ പല കാരണങ്ങൾ. എല്ലാത്തിനും ഒരാളെ മാത്രം കുറ്റപ്പെടുത്തുക
ശരിയല്ലല്ലോ. ഇന്നും ഒരു തേങ്ങലായി,ഒരു വേദനയായി ആ സംഭവം ഞാൻ ഓർത്തു പോകാറുണ്ട്. അതിനുശേഷം അഗ്നി മുഹൂർത്തം, തനിയാവർത്തനം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. സോമൻ അമ്പാട്ട് സംവിധാനം ചെയ്ത അഗ്നി മുഹൂർത്തത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷം, ശ്രദ്ധിക്കപ്പെടുന്ന വേഷം, ചെയ്തു. ഉർവശി, രതീഷ് തുടങ്ങി പ്രമുഖ താരങ്ങളുടെ കൂടെ. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത മമ്മൂട്ടി അഭിനയിച്ച തനിയാവർത്തനം എന്ന ചിത്രത്തിൽ മമ്മൂട്ടിയെ ചികിത്സിക്കുന്ന മനോരോഗ വിദഗ്ധനായ ഡോക്ടർ രഘു എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ട നല്ല വേഷമായിരുന്നു.
അങ്ങനെ പടങ്ങൾ വന്നു കൊണ്ടിരിക്കുമ്പോഴാണ് അച്ഛന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും. സിനിമയുടെ അനിശ്ചിതമായ ഭാവിയെക്കുറിച്ചും, കാര്യങ്ങൾക്ക് യാതൊരു ഉറപ്പും ഇല്ലാതെ മുന്നോട്ടുള്ള ജീവിതം വരുത്തി വയ്ക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ അച്ഛൻ പറഞ്ഞു. എല്ലാം കേട്ട് മനസ്സില്ലാമനസ്സോടെയാണെങ്കിലും ജോലിക്ക് ശ്രമിക്കുവാൻ തീരുമാനിച്ചു.CBS Records എന്ന മ്യൂസിക് കമ്പനിയിൽ സെയിൽസ് മാനേജർ ആയി നിയമനം ലഭിച്ചു 1987ൽ കൊച്ചി ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹങ്ങളും സിനിമ മോഹങ്ങളും എല്ലാം മാറ്റി വെച്ച് ഒരു ചെറിയ വേദനയോടെയാണെങ്കിലും മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ച നാളുകൾ. പിൽക്കാലത്ത് ഭരതൻ, ഹരിഹരൻ, ജോഷി, മോഹൻ, സിബിമലയിൽ, തമ്പി കണ്ണന്താനം തുടങ്ങി മുൻനിര സംവിധായകരും പ്രൊഡ്യൂസർമാരുമായി അടുത്ത സ്നേഹബന്ധം ഉണ്ടായിരുന്നെങ്കിൽ കൂടി സിനിമാഭിനയം എന്ന മോഹം മനസ്സിൽ നിന്ന് മാഞ്ഞു മറഞ്ഞു തുടങ്ങിയിരുന്നു. അപ്പോഴേക്കും മ്യൂസിക്ക് ഇൻഡസ്ടറിയിൽ തിരക്കിലായി. ജീവിതം വേറൊരു തലത്തിലായി.
സിബിഎസ് റെക്കോർഡിൽ നിന്ന് മാറി പിന്നീട് മാഗ്ന സൗണ്ട്, എ ബി സി എൽ, ബി എം ജി എന്നീ മ്യൂസിക് കമ്പനികളിലും ജോലി ചെയ്തു. ഈ കാലങ്ങളിലും നിരന്തരം ഫിലിം പ്രൊഡ്യൂസേഴ്സ്, ഡയറക്ടർസ്,ആർട്ടിസ്റ്റ്സ് എന്നിവരുമായെല്ലാം അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും അഭിനയിക്കാനുള്ള മോഹമെല്ലാം പോയിരുന്നു. ഒരു ചെറിയ ചെടിക്ക് അതിനു വേണ്ട സമയത്തു പരിരക്ഷയും വെള്ളവും വളവും നൽകിയാലേ അതൊരു വലിയ മരമായി വളരുകയുള്ളൂ. അല്ലെങ്കിൽ ആ ചെടി പെട്ടെന്ന് വാടിക്കരിഞ്ഞു പോകും. ഈ സത്യം നമ്മുടെ ജീവിതത്തിലും ഒരു പ്രധാന ഘടകമാണ്. മരണം വരെയും അപൂർണതയിൽ നിന്നും പൂർണതയിൽ എത്താനുള്ള പരിശ്രമമാണല്ലൊ ജീവിതം. അപൂർണതയിലെ ചെറിയ ആനന്ദങ്ങൾ പൂർണ്ണതയിലെ നിറവിനേക്കാൾ മധുരമേറുന്നവയാണ്. അത്തരം ചെറിയ മധുരാനു ഭവങ്ങൾ കോർത്തിണക്കി മുന്നോട്ടു പോകുമ്പോൾ ജീവിതത്തിന് മാധുര്യമേറുന്നു, സംതൃപ്തിയേകുന്നു.
ഏതോ ഒരു കവി പാടിയ പോലെ.
“സ്വപ്നങ്ങളും മോഹങ്ങളും മാത്രമെൻ ജീവിതം അതിൽ അത്രയും
ദുഃഖങ്ങളും മോഹഭംഗങ്ങളും അപസ്വര നാദത്തിൻ ധ്വനികൾ അലകൾ അലകളായി ”
(എച്ച്.എം.വിയിൽ തുടങ്ങി കാൽ നൂറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന ലേഖകൻ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.)
Thanks for sharing this . Share more of your experiences
Thank you for the response!!
വേണുവേട്ടനെ പരിചയമുണ്ടായിരുന്നു. ഒരു നല്ല മനുഷ്യൻ. ആകസ്മികമായാണ് അദ്ദേഹത്തിന്റെ മരണം. മേനോൻ ചേട്ടന്റെ അഭിനയ കഥകളും സംഗീതത്തിലക്കുള്ള ചുവടു മാറ്റത്തിന്റെയും കഥകളും നേരിയ വിഷാദവും മനസിൽ പടർത്തി. ജീവിതത്തിന്റെ ഒഴുക്ക് നമ്മുടെ കൈകളിൽ മാത്രം അല്ല എന്ന സത്യം ഒരിക്കൽ കൂടി മനസിലെത്തി… ലളിതമായ ഭാഷയിൽ നല്ല എഴുത്ത്. Congrats
വേണുവേട്ടന്റെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് എന്റെ ഒരു മഹാഭാഗ്യമായി ഞാൻ ഇന്നും കരുതുന്നു. ചിത്രം റിലീസ് ചെയ്യാതെ പോയത് ഒരു വൻ നഷ്ടവും. എന്നെക്കാൾ എത്രയോ കൂടുതൽ നഷ്ടങ്ങളും കഷ്ടങ്ങളും ആ നല്ല മനുഷ്യൻ അനുഭവിക്കേണ്ടി വന്നു എന്നോർക്കുമ്പോൾ മനസ്സിൽ നിന്ന് വിട്ടു മാറാതെയുള്ള നൊമ്പരവും! എല്ലാം ഒരു നിയോഗം, അല്ലാതെന്തു പറയാൻ!!അഭിപ്രായങ്ങൾക്കും അനുമോദനങ്ങൾക്കും നന്ദി!
Truthful presentation of the dilemma and the thrill of a young adult, the various external factors influencing his decisions.
Acting, then music and now a writing !
What next?
Very pertinent question! I dont know what next? None of us know what next? Thats life! Try to live life to our fullest contentment and accept destiny and realities in life. Thank you for the response!!
ഒരു നായക നടനുവേണ്ട എല്ലാ യോഗ്യതയും ഉള്ളയാളാണ് KK മേനോൻ. പക്ഷേ ആ മേഖലയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതുകൊണ്ട് മാത്രമാണ് അധികം വേഷങ്ങൾ ചെയ്യാതിരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.അതുമാത്രമല്ല സംഗീതത്തിന്റെ മേഖലയിൽ വളരെ ഉന്നത പദവിയിൽ ആയിരുന്നതുകൊണ്ട് അതിന്റെ തിരക്കുകളും ഒരു കാരണമായിരിക്കാം…
അന്നും ഇന്നും ചലച്ചിത്ര മേഖലയിൽ വിജയം കൈവരിക്കുക എന്നത് ദുഷ്കരവും അപ്രാപ്യവുമാണ്. വളരെയധികം കടമ്പകൾ മറികടന്നു വേണം ലക്ഷ്യത്തിലെത്തിച്ചേരുവാൻ. കഴിവുള്ളതുകൊണ്ട് മാത്രം അംഗീകാരങ്ങൾ ലഭിക്കണമെന്നില്ല. സിനിമാഭിനയത്തെപോലെതന്നെ സംഗീതവും എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. നിരവധി സൃഷ്ടികൾക്കു ചുക്കാൻ പിടിക്കുവാൻ സാധിച്ചു എന്ന കാര്യത്തിൽ ഞാൻ സംതൃപ്തനാണ്.
Very interesting, looks like celluloid industry missed a versatile actor. But, you were destined to shine elsewhere. It’s not too late to rethink and come back with a bang! Best wishes!!💐💐
“സംഭവാമി യുഗേ യുഗേ “! As you said destiny plays a vital role. But better late than never if you want to pursue anything in life. Thank you for your response!
ജീവിത്തിന്റെ പല ഘട്ടങ്ങളിൽ വ്യത്യസ്ത മേഖലകളിൽ നാം വന്നുചേരും.. അതിൽ വിജയം കണ്ടെത്തുന്നതാണ് ഓരോ കലാകാരന്റെയും മിടുക്ക്.. KK ഏറ്റെടുത്ത എല്ലാ റോള്കളും ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.. That is because of your sheer commitment, 100% involvement… Keep going🌹🌹👍👍👍👍👍👍👍👍👍👍👍👍
So far so good!You travel in unknown directions in the journey of life and as you said one needs committment and determination and a sense of direction to reach the destination! Thank you for your comments!!
എന്തായാലും സിനിമ മേഖലയുമായി ബന്ധപ്പെട്ട് തന്നെ പ്രവർത്തിക്കാൻ സാധിച്ചല്ലോ…… കലാകാരൻമാരുടെ കഴിവുകൾ എപ്പോൾ വേണമെങ്കിലും പ്രകടമാവാം….. ഓരോന്നോരോന്നായി പ്രകടമായി കൊണ്ടിരിക്കുന്നു…… പ്രതീക്ഷയോടെ കാത്തിരിക്കുന്നു……. 👍👍👍👍👍
സിനിമയും സംഗീതവും നാണയത്തിന്റെ ഇരു വശങ്ങളാണല്ലോ!, രണ്ടും എനിക്കേറ്റവും പ്രിയപ്പെട്ടതും! നമ്മുടെ അഭിരുചിക്കനുസരിച്ചു ഒരു പ്രവർത്തനമേഖല ലഭിക്കുക എന്നതും ഒരു നിയോഗമെന്നു കരുതുന്നു. അനുമോദനങ്ങൾക്ക് വളരെ നന്ദി!!
Dear KK, Thanks for sharing this experience. It is amazing how providence keeps varying experiences in store for us. I am sure you would have gone on to become a very good actor. The only thing I would say is that it is still not late. One interesting change in the industry today is that casting has become very professional and there is a constant search for actors who fit characters rather than roles written to fit actors. I wish you the very best and wish to see you on the screen. Knowing your commitment to whatever you do, I am also sure you will do very well. God bless you.
Thank you very much for redponding with your valuable commemts and encouragements.Film industry has transformed a lot and become more competative these days. There are many many options available for the directors today when it comes to taking decisios on artists and its a tough journey to travel and more difficult to accomplish your goals.
എൻ്റെ ആത്മമിത്രമാണ് കെ.കെ. എത്രമാത്രം സർഗ്ഗപ്രതിഭ ഉണ്ടെന്ന്, വ്യക്തമായി എനിയ്ക്കറിയാം. ഒരു ഗാന രചയിതാവെന്ന നിലയിൽ, സംഗീത രംഗത്ത് എന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത്, കെ.കെ.ആണ്. :മാത്രമല്ല, ദാസേട്ടൻ്റെയും, ചിത്രയുടെയും,ഉണ്ണി മേനോനെയും
നിരവധിആൽബങ്ങൾ അദ്ദേഹം മുഖാന്തിരമാണ് എനിയ്ക്കെഴുതാൻ കഴിഞ്ഞത്. സംഗീതത്തിൻ്റെ വിവിധ ഘടകങ്ങളെ ഏകോപിപ്പിച്ച്, എപ്പോഴും തന്മയത്തുമാർന്ന Products സൃഷ്ടിക്കാൻ കെ.കെ.എപ്പോഴും ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന് എൻ്റെ പാട്ടുകളോടും നല്ല ആരാധന ആയിരുന്നു.
സിനിമാരംഗത്ത്, ഇനിയും ഇറങ്ങിയാൽ മേനോന്, ശോഭിക്കാൻ കഴിയും എന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു.പ്രായം പ്രശ്നമല്ല.
ആത്‍മർത്ഥമായ അഭിനന്ദനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും ഞാൻ നന്ദി രേഖപെടുത്തുന്നു. നമ്മുടെ കൂട്ടായ്മയിൽ ഇറങ്ങിയ നിരവധി ഗാനങ്ങൾ മലയാളഭക്തിഗാനശാഖക്ക് ഒരു മുതൽക്കൂട്ട് തന്നെയെന്ന് നിസ്സംശയം പറയുവാൻ സാധിക്കും. അവയെന്നും ഒരു പിടി വാടാമലരുകൾ ആയി ഭഗവാന്റെ തൃപ്പാദങ്ങളിൽ തന്നെ ഉണ്ടാവും എന്നു പറയുമ്പോൾ അതിൽ ഒട്ടും അതിശയോക്തി ഇല്ല എന്നു കൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു.