കുരുമുളകിൽ പരീക്ഷണങ്ങളുമായി ജോസഫ് മണിമല

പി. പ്രകാശ്

കോഴിക്കോട്‌ കട്ടിപ്പാറയിലേക്കുള്ള യാത്രയില്‍ ഒരു കൃഷിയിടം കണ്ടു- റോഡിനോട് ചേർന്ന് നിരനിരയായി നട്ടിരിക്കുന്ന കുരുമുളകും പിന്നെ തെങ്ങും ജാതിയുമെല്ലാമുണ്ട്. നല്ലൊരു കൃഷിത്തോട്ടം. എന്നാൽ കയറി ആളെ പരിചയപ്പെടാമെന്ന് വെച്ചു. ഭംഗിയുള്ള ചെടികളും കുറ്റിക്കുരുമുളകും കൂടുകളിൽ പാകിയിരിക്കുന്ന കൊളൂബ്രിനം തൈകളും എല്ലാമായി വലിയ വരാന്തയുള്ള മനോഹരമായ വീട്. അല്പം കഴിഞ്ഞപ്പോൾ ഒരാൾ മേലു മുഴുവനും പ്ലാസ്റ്റിക് കോട്ട് കൊണ്ട് മൂടി പണി സ്ഥലത്ത് നിന്ന് കയറി വന്നു, ചെറിയൊരു ചാറ്റൽ മഴയത്ത്. കണ്ടപ്പോൾ ചിരിച്ചുകൊണ്ടുള്ള സ്വീകരണം. സാറെന്താ ഈ വഴിയിൽ എന്ന ചോദ്യവും. മണിമല ജോസഫ് ചേട്ടനല്ലേ… പരിചയം പുതുക്കി. കൊടുവള്ളി ബ്ലോക്ക്തല ആത്മ കർഷകസമിതിയിൽ അംഗമായിരുന്ന ജോസഫ് ചേട്ടനെ നേരത്തെ പരിചയമുണ്ട്. നല്ലൊരു കൃഷിക്കാരനായ അദ്ദേഹത്തിൻ്റെ കൃഷിയിടത്തിൽ മുമ്പ് വന്നിട്ടില്ലായിരുന്നു.

വീടിനോട് ചേർന്ന് കുരുമുളക് കൊളൂബ്രിനം ഇനത്തിൽ ഗ്രാഫ്റ്റ് ചെയ്തത് മറ്റു ചില ഫലവൃക്ഷങ്ങളിൽ ഗ്രാഫ്റ്റിംഗ് ബഡ്ഡിംഗ് പരീക്ഷണം എന്നിവ പരിചയപ്പെടുത്തി. പോളിഹൗസിനുള്ളിൽ അദ്ദേഹവും മകൻ ജോഷിയും നടത്തുന്ന ചീരകൃഷിയെപ്പറ്റി കേട്ടിരുന്നു. അടുത്ത കൃഷിക്ക് നിലം ഒരുക്കിയ നിലയിലായിരുന്നു പോളിഹൗസിനുള്ളിൽ. ജോഷി മുൻ കൃഷിയിൽ ഓരോ ദിവസവുമുള്ള ചീര വളർച്ചയുടെ ഫോട്ടോ കാണിച്ചു. അര കിലോയുടെ കെട്ടുകളാക്കി മണിമല കാർഷിക നഴ്സറിയുടെ സ്റ്റിക്കറും വെച്ചാണ് വിൽപ്പന. സമീപ പഞ്ചായത്തുകളിലെ കടകളിലും എത്തുന്ന മണിമല ബ്രാൻഡ് ചീരയ്ക്ക് വിപണിയിൽ നല്ല ഡിമാൻഡാണെന്ന് ജോഷി പറഞ്ഞു. പോളിഹൗസിനുള്ളിൽ

രണ്ടറ്റത്തായി  കുരുമുളക് മുകളിലേക്ക് പടർത്തിയിട്ടുണ്ട്. കയറുമ്പോൾ തന്നെയുള്ള ഭാഗത്ത് ജോസഫ് ചേട്ടൻ പതിവെച്ച് (Air layering) കുരുമുളക് തൈകൾ ഉണ്ടാക്കുന്ന രീതി കാണിച്ചു തന്നു. മുകളിലേക്ക് ഓരോ കാലിലൂടെ പടർത്തിയ കുരുമുളക് വള്ളിയുടെ മുട്ടിനോട് ചേർന്ന് ഡിസ്പോസിബിൾ പേപ്പർ  ഗ്ലാസിൽ ചകിരിച്ചോറും മണ്ണും ചാണകപ്പൊടിയും ചേർത്ത മിശ്രിതം കെട്ടിവെക്കും. ഒരു വശം കീറിയ ശേഷം ചുറ്റിക്കൊണ്ടു വന്ന് സ്റ്റാപ്പിൾ ചെയ്യും. മറ്റൊരെണ്ണം ഇതിന് പുറത്തൂകൂടി വീണ്ടും ചുറ്റി, കീറിയ വശം മറുവശത്തായി സ്റ്റാപ്പിൾ ചെയ്ത് പോട്ടിംഗ് മിശ്രിതം നിറച്ച്

വള്ളിയുടെ മുട്ടിന് ചുറ്റുമായി പൊതിയും. കുറച്ചു നാൾ കഴിയുമ്പോൾ ഓരോ മുട്ടിൽ നിന്നും കരുത്തുള്ള മുള പൊട്ടി വരും. ആവശ്യത്തിന് വളർച്ചയാകുമ്പോൾ മുറിച്ചു മാറ്റി കൂട്ടിലേക്ക് നട്ട് പുതിയ തൈകൾ തയ്യാറാക്കും. ഇത്തരം തൈകൾക്ക് കരുത്തും വളർച്ചാ നിരക്കും കൂടുതലാണെന്ന് തോട്ടത്തിൽ നട്ടിരിക്കുന്ന കൊടികൾ കാണിച്ച് ജോസഫ് ചേട്ടൻ പറഞ്ഞു. താങ്ങുകാലുകൾക്ക് പകരമായി പി.വി.സി പൈപ്പുകൾ ഉപയോഗിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. സിമൻ്റ് കാലുകൾ കൂടുതൽ നന്നാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പോളിഹൗസിൻ്റെ മറുവശത്ത് ഒരറ്റത്തായി നിറയെ കുരുമുളക് കായ്ച്ചു കിടക്കുന്ന വള്ളികൾ കണ്ടു. കരിമുണ്ട ഇനത്തിലുള്ള കുരുമുളക് വള്ളികൾ നല്ല കരുത്തോടെ പോളിഹൗസിനുള്ളിൽ വളരുന്നു. കട്ടിപ്പാറ കൃഷിഭവൻ്റെ ജൈവകൃഷി പ്രദർശനത്തോട്ടം കൂടിയാണ് ഈ പോളിഹൗസ് കൃഷി. ജൈവരോഗനിയന്ത്രണത്തിന് സ്യൂഡോമോണാസ് ഉപയോഗം സംബന്ധിച്ചാണ് ഇപ്പോഴുള്ളത്. കൃഷിവകുപ്പ് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ പണി കഴിപ്പിക്കുകയും ധനസഹായം ലഭിക്കുകയും ചെയ്തതാണ്. ഓരോ വർഷവും മുകളിൽ

കയറി യു.വി ഷീറ്റിൻ്റെ പായലൊക്കെ നീക്കം ചെയ്ത് നല്ല രീതിയിൽ നിലനിർത്തി പോരുന്നു. നേരത്തെ പയർ കൃഷി ചെയ്തെങ്കിലും പച്ചച്ചീരയാണ് ഏറ്റവും ലാഭകരമായി ചെയ്യാവുന്നത് എന്നാണ് ജോഷിയുടെ അഭിപ്രായം. അടിവളമായി ജൈവവളങ്ങളും ജൈവവളക്കൂട്ടുകളും മാത്രമാണ് കൃഷിയിൽ ഉപയോഗിക്കുന്നത്. പോളിഹൗസിൻ്റെ മേൽക്കൂരയിൽ നിന്നുള്ള വെള്ളം 25 ലക്ഷം ലിറ്റർ കൊള്ളുന്ന വലിയ സിൽപോളിൻ കുളത്തിലേക്കാണ് എത്തുന്നത്. വേനൽക്കാലത്തെ ജലസേചനത്തിന് ഇതാണ് ഉപയോഗിക്കുന്നത്.

തെങ്ങ്, കുരുമുളക്, ജാതി, ഒപ്പം തീറ്റപ്പുൽ എന്നിവയാണ് പ്രധാന കൃഷി. നാടൻ തെങ്ങുകൾ മുറിച്ച് മാറ്റി TxD, DxT തെങ്ങുകൾ മാത്രമാണ് തോട്ടത്തിൽ, ഇത്തരത്തിലുള്ള 180 തെങ്ങുകളാണുള്ളത്. കുരുമുളക് തൈകൾക്ക് ആവശ്യക്കാർ ഏറെയാണ്. പുതുപ്പാടിയിൽ ഒരു എസ്റ്റേറ്റിലേക്ക് ആളുകൾ തൈകൾ കൊണ്ടുപോയി. ഒരു വർഷത്തിനുള്ളിൽ ജോസഫ് ചേട്ടൻ ഗ്യാരന്റി പറഞ്ഞതിന് മുകളിൽ

വളർന്ന് തിരിയിട്ട അനുഭവവും പങ്കു വെച്ചു. ചെറുതേൻ കൃഷിയിലും ജോസഫ് ചേട്ടന്റെ ചില നാടൻ ടെക്‌നോളജി കാണാനായി. മക്കളും കൃഷിവഴിയിൽ സംരംഭകരായുണ്ട്. മൂത്ത മകൻ സജി കട്ടിപ്പാറയിൽ കോക്കനട്ട് മൂല്യവർധിത യൂണിറ്റ് നടത്തുന്നു. തേങ്ങ ഗുണമേന്മയുള്ള കൊപ്രയാക്കി, വെളിച്ചെണ്ണ “പവിത്ര” എന്ന ബ്രാൻഡിൽ വിപണനം ചെയ്യുന്നു. ഇപ്പോൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ഗുണമേന്മയുള്ള പവിത്ര വെളിച്ചെണ്ണ കയറ്റുമതി ചെയ്യുന്നുണ്ട്. ജോസഫ് ചേട്ടനും ഭാര്യ മേരിച്ചേച്ചിയും, മകൻ ജോഷി, മകൻ്റെ ഭാര്യ ഷിൻസി, മക്കളായ ജോസ്വിൻ, ജെസ് മരിയ എന്നിവരാണ്  ഇവിടെ തറവാട്ടിലുള്ളത്. ഇളംതലമുറക്കാർ അടക്കം എല്ലാവരും കൃഷിയിൽ സജീവം.

കൊടുവള്ളി ബ്ലോക്ക് തല അവാർഡുകളും ജോസഫ് ചേട്ടന് ലഭിച്ചിട്ടുണ്ട്. നേരത്തെ കട്ടിപ്പാറ കൃഷി ഓഫീസറായ പ്രിയ സുഹൃത്ത് ഫൈസൽ, ഇപ്പോഴത്തെ കൃഷി ഓഫീസർ മനോജ്, കട്ടിപ്പാറ കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവരുടെ നല്ല പിന്തുണ ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു. കൃഷി വിശേഷങ്ങൾ പങ്കുവെച്ച് അദ്ദേഹം നൽകിയ കുരുമുളക് തൈകൾ ഏറ്റുവാങ്ങി മടങ്ങുമ്പോൾ മനസ്സിൽ ഏറെ സന്തോഷം. മറ്റൊരു മികച്ച കർഷകൻ്റെ കൃഷി അനുഭവങ്ങൾ നേരിട്ട് കണ്ടറിയാനായതിൽ.

ജോസഫ് മണിമല, കട്ടിപ്പാറ ഫോൺ – 0495 2270237, 9745357583

( ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്ററാണ് ലേഖകൻ )

Leave a Reply

Your email address will not be published. Required fields are marked *