ഗ്ലാസ്ഗോ തീരുമാനങ്ങൾ പ്രാവർത്തികമാകുമോ?

ഡോ. ടി.പി.സേതുമാധവൻ

സ്കോട് ലാൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന ആഗോള കാലാവസ്ഥ സമ്മേളനത്തിലെ ഇന്ത്യയുടെ വാഗ്‌ദാനം 2070 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കുമെന്നാണ്. ചൈനയുടെ പ്രഖ്യാപനം 2060 ആണ്. ഉയരുന്ന അന്തരീക്ഷ ഊഷ്മാവ് രണ്ടു ഡിഗ്രി സെൽഷ്യസിൽ കൂടരുതെന്നു നിഷ്കർഷിക്കുന്നതോടൊപ്പം ഐപിസിസി ആറാം റിപ്പോർട്ടിലെ കണ്ടെത്തലിനനുസരിച്ച് താപനിലയിലുള്ള വർദ്ധനവ് 1.5 ഡിഗ്രിക്കകത്തു നിർത്തണമെന്നാണ് അംഗരാജ്യങ്ങൾ നിലപാടെടുത്തിരിക്കുന്നത്.

2030 ഓടെ വനനശീകരണം പൂർണമായും തടയുക, കൽക്കരി ഉപയോഗം കുറക്കുക, ഫോസിൽ ഇന്ധനങ്ങളുടെ സബ്‌സിഡി നിർത്തുക, മീതേനിന്റെ പുറന്തള്ളൽ മൂന്നിലൊന്നായി കുറക്കുക എന്നിവയാണ് ഇരുന്നൂറോളം രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടിയിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്തിന് ഇത് എത്രത്തോളം പ്രാവർത്തികമാക്കാൻ സാധിക്കും എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. നിര്‍ദ്ദേശങ്ങളിൽ കൂടുതലും കാർഷിക വ്യവസായ മേഖലകളെ ബാധിക്കും. ഇന്ത്യയുടെ അഞ്ച് ട്രില്യൺ സമ്പത്ത് വ്യവസ്ഥ എന്ന പ്രഖ്യാപിത ലക്ഷ്യത്തെ ഇത് പ്രതികൂലമായി ബാധിക്കും. തൊഴിലില്ലായ്മ ജീവസന്ധാരണം എന്നിവയെ ഇത് പ്രത്യക്ഷമായിത്തന്നെ ബാധിക്കും. എന്നാൽ വികസ്വര, ദരിദ്ര രാജ്യങ്ങൾക്ക് നല്‍കാമെന്നേറ്റ സാമ്പത്തിക സഹായത്തിന്റെ കാര്യത്തിൽ വികസിത രാജ്യങ്ങൾ ഇപ്പോഴും മൗനം പാലിക്കുന്നു. ഇന്ത്യ ഉച്ചകോടിയിൽ വൻ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഉർജ്ജ ഉപഭോഗത്തിൽ 50 പാരമ്പര്യേതര ഊർജ്ജ ഉറവിടമാക്കുമെന്നും കാർബൺ പുറന്തള്ളൽ ഒരു ബില്യൺ ടണ്ണാക്കി ബഹിർഗമന ശേഷി 45 ശതമാനത്തിൽ നിലനിർത്തുമെന്നും ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കൂടാതെ കാലാവസ്ഥക്ക് അനുയോജ്യമായ ലഘൂകരണ തന്ത്രങ്ങൾക്കു പ്രാധാന്യം നൽകാനും കാർഷിക മേഖലയിൽ സുസ്ഥിര സാങ്കേതിക വിദ്യകൾ പ്രാവർത്തികമാക്കാനും ഇന്ത്യ വാദിച്ചിരുന്നു.

വികസ്വര രാജ്യങ്ങൾക്ക് ഒരു ട്രില്യൺ ഡോളർ കാലാവസ്ഥ സാമ്പത്തിക പാക്കേജ് ഉന്നയിച്ച ഇന്ത്യ സ്കൂൾ കരിക്കുലത്തിൽ സുസ്ഥിര കാലാവസ്ഥ പാഠങ്ങൾ ഉൾപ്പെടുത്തുമെന്ന് പ്രസ്താവിച്ചിരുന്നു. ചെറുകിട ദ്വീപുകളുടെ ഭൗതിക സൗകര്യ വികസനത്തിനുള്ള പദ്ധതിയിലും ഒരൊറ്റ സൂര്യൻ, ലോകം, ഗ്രിഡ് എന്ന ആഗോള പദ്ധതിയിലും ഇന്ത്യ വികസിത രാജ്യങ്ങളോടൊപ്പം പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്‌. ദുരന്തനിവാരണത്തിനായുള്ള ദ്വീപുകളുടെ ഭൗതികസൗകര്യ വികസനക്കൂട്ടായ്മയാണ് CDIR/ഐറിസ് പദ്ധതി ലക്ഷ്യമിടുന്നത്. ഗ്ലാസ്ഗോയിലെ യു എൻ കാലാവസ്ഥ ഉച്ചകോടിയിൽ വൻ പ്രഖ്യാപനങ്ങൾ നടന്നെങ്കിലും ഇവയുടെ പ്രാവർത്തികതയും, ഉദ്ധിഷ്ട ലക്ഷ്യങ്ങളും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. 2022 ൽ ഇത് വീണ്ടും ഈജിപ്തിൽ ചർച്ചചെയ്യപ്പെടും. വികസിത, വികസ്വര, ദരിദ്ര രാജ്യങ്ങളുടെ മുൻഗണന വിലയിരുത്താതെയുള്ള ആഗോള തീരുമാനങ്ങൾ സുസ്ഥിര വികസനത്തിന് വിഘാതമാകാനാണ് സാധ്യത.
( ബംഗളുരു ട്രാൻസ്‌ ഡിസ്‌സിപ്ലിനറി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആൻ്റ് ടെക്നോളജിയിലെ പ്രൊഫസറാണ് ലേഖകന്‍ )

Leave a Reply

Your email address will not be published. Required fields are marked *