മാനസികാരോഗ്യ കേന്ദ്രത്തിൽ അമ്മയ്ക്കും കുഞ്ഞിനുമായുള്ള പ്രത്യേക വാർഡ്
തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസികളുടെ ചിരകാലാഭിലാഷമായ അമ്മയ്ക്കും കുഞ്ഞിനുമായുള്ള പ്രത്യേക വാർഡ് യാഥാർഥ്യമാകുന്നു. സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യമായാണ് ഈ സംരംഭം. തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ‘സ്വാതന്ത്ര്യത്തിൻ്റെ അമൃതോത്സവം’ എന്ന പരിപാടിയുടെ ഭാഗമായി ടെക്നോപാർക്കിലെ ജെമിനി സോഫ്റ്റ് വെയർ സൊലൂഷൻസ് എന്ന സ്ഥാപനമാണ് അവരുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് കെട്ടിടം നിർമ്മിച്ചു നല്കുന്നത്.
അമൃതോൽസവം പരിപാടിയുടെ ഭാഗമായി മാനസികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങ് കേരള ഹൈക്കോടതി ജഡ്ജി എൻ.അനിൽകുമാർ ഉൽഘാടനം ചെയ്തു. വി.കെ.പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജെമിനി സൊലൂഷൻസിൻ്റെ സി.ഇ.ഒ.രഞ്ജിത് ഡാർവിൻ തറക്കല്ലിട്ടു. അഡിഷണൽ ജില്ലാ ജഡ്ജി മിനി എസ്.ദാസ്. താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും സി.ബി.ഐ ജഡ്ജിയുമായ സനൽകുമാർ, വാർഡ് കൗൺസിലർ പി. ജമീല ശ്രീധരൻ എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് എൽ. അനിൽകുമാർ സ്വാഗതവും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.വിദ്യാധരൻ നന്ദിയും പറഞ്ഞു.