പരശുരാം എക്സ്പ്രസ്സ് എന്ന കാസറ്റിലെ ഒടുവിലിൻ്റെ ഗാനങ്ങൾ

കെ.കെ.മേനോൻ

ശ്രീപാദം എന്ന കാസറ്റ് ആൽബത്തിലൂടെ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന സംഗീത സംവിധായകൻ്റെ പിറവിയുണ്ടായി. പിന്നീട് എച്ച്.എം.വിയുടെ പൂങ്കാവനം, പമ്പാതീർത്ഥം എന്നീ അയ്യപ്പ ഗാനങ്ങളുടെ ആൽബവും ഒടുവിൽ സംഗീതം ചെയ്തു. അങ്ങനെ അദ്ദേഹം എൻ്റെ പ്രിയപ്പെട്ട ചങ്ങാതികൂടിയായി. ഒരിക്കൽ ഞാൻ എച്ച്.എം.വി ഓഫീസിൽ ഉള്ളപ്പോൾ ഒടുവിലിന്റെ ഫോൺ വന്നു. വൈകുന്നേരം തിരക്കൊന്നുമില്ലെങ്കിൽ നേരിൽ കാണാൻ സാധിക്കുമോയെന്ന് ആരാഞ്ഞുകൊണ്ടുള്ള ഫോൺ കോൾ. അന്ന് വേറെ തിരക്കൊന്നും ഇല്ലാത്തതിനാൽ ഞാനും എന്റെ കസിൻ സഹോദരനും കൂടി വടപളനിയിലെ വാടക വീട്ടിൽ താമസിച്ചിരുന്ന ഒടുവിലിന്റെ വീട്ടിലെത്തി. തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രതിഭയെ അവിടെ വെച്ച് പരിചയപ്പെടാൻ സാധിച്ചു. ബിച്ചു തിരുമല- മലയാള സിനിമാ ഗാന

ശാഖയ്ക്ക് നിരവധി അവിസ്മരണീയ ഗാനങ്ങൾ സമർപ്പിച്ച അതുല്യ പ്രതിഭ. സാഹിത്യത്തിന് യാതൊരു കോട്ടവും വരാതെ വാക്കുകൾ കൊണ്ട് അമ്മാനമാടാൻ ബിച്ചുവിനു ഉണ്ടായിരുന്ന അനിതരസാധാരണമായ കഴിവ് ഒന്ന് വേറെ തന്നെ ആയിരുന്നു. ബിച്ചുവും ഒടുവിലുമായി കുറേനേരം സംസാരിച്ചു. സമയം വൈകിയപ്പോൾ യാത്രപറഞ്ഞ് ഇറങ്ങാനായി എഴുന്നേറ്റു. അപ്പോൾ ബിച്ചുവിന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയം പൊങ്ങി വന്നു.

കേരളചരിത്രത്തെ, സംസ്കാരത്തെ ആസ്പദമാക്കി ഒരു മ്യൂസിക് ആൽബം. അത് വളരെ വിഭിന്നമായ നൂതനമായ ആശയം ആണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു. നിരവധിതവണ പരശുരാം എക്സ്പ്രസ്സിൽ യാത്ര ചെയ്തിട്ടുള്ള ഞാൻ എനിക്ക് അനുഭവപ്പെട്ട, ഞാൻ നിരീക്ഷിച്ച, ചില രസകരമായ കാര്യങ്ങളും ബിച്ചുവുമായി പങ്കുവെച്ചു. തിരുവനന്തപുരം തൊട്ട് മംഗലാപുരം വരെ കേരളത്തിലെ മിക്ക ജില്ലകളിലൂടെയും കടന്നുപോകുന്ന പരശുരാം എക്സ്പ്രസ്സ് – വിഭിന്നമായ ഭൂപ്രകൃതികൾ ഭാഷാശൈലി ആചാരാനുഷ്ഠാനങ്ങൾ അങ്ങിനെ വൈവിധ്യത പുലർത്തുന്ന അനേകം വിഷയങ്ങൾ ചേർന്നതാണ് കേരളമെന്ന കൊച്ചു സംസ്ഥാനം. ഇതിനെയെല്ലാം ആസ്പദമാക്കി ഒരു മ്യൂസിക് ആൽബം,

ചെയ്താൽ നന്നായിരിക്കും എന്ന് ബിച്ചു പറഞ്ഞപ്പോൾ എനിക്കും അദ്ദേഹത്തിന്റെ നിർദ്ദേശം സ്വീകാര്യമായിരുന്നു. അങ്ങനെ “പരശുരാം
എക്സ്പ്രസ്സ്” എന്ന പേരിട്ട മ്യൂസിക് ആൽബത്തിനു വേണ്ടി ഗാനങ്ങൾ റെക്കോർഡ് ചെയ്യുവാൻ തീരുമാനിച്ചു.

തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന പരശുരാം എക്സ്പ്രസിലെ ഒരു യാത്രക്കാരനായി സഞ്ചരിക്കുന്ന ഒരാളുടെ അനുഭവങ്ങൾ കാഴ്ചകൾ ചിന്തകൾ ഇവയിലൂടെയായിരുന്നു ഓരോ ഗാനവും- രചനയിലും സംഗീതത്തിലും ആലാപനത്തിലും – ഓരോ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുമ്പോൾ ഉള്ള അറിയിപ്പുകൾ, യാത്രക്കാർ തമ്മിലുള്ള സംഭാഷണങ്ങൾ, കൂടാതെ ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോഴുള്ള ശബ്ദം അങ്ങനെ നിരവധി നൂതനമായ ആശയങ്ങൾ. എന്തുകൊണ്ടും വളരെ പ്രത്യേകത നിറഞ്ഞ വിഭിന്നമായ ഒരു ഗാനസമാഹാരം. ചിത്രയുടെ ആദ്യകാല സിനിമേതര ഗാനങ്ങളിൽ ചില നല്ല ഗാനങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്നവ പരശുറാം എക്സ്പ്രസിൽ ഉണ്ട്. ചിത്രയെ കൂടാതെ ലതിക, ബ്രഹ്മാനന്ദൻ, കൃഷ്ണചന്ദ്രൻ എന്നീ ഗായകരും പാടി പുറത്തിറങ്ങിയ ആൽബം വമ്പൻ വിജയമായിരുന്നു. പത്ത് പാട്ടുകളാണ് ഇതിൽ ഉണ്ടായിരുന്നത്. എച്ച്.എം.വിയിൽപാട്ടുകൾ റെക്കോർഡ് ചെയ്ത രഘു പലയിടത്തും തീവണ്ടി പോകുന്ന ശബ്ദം സന്നിവേശിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ശബ്ദം വേണമെന്ന് പറഞ്ഞപ്പോൾ ഞാനും സുഹൃത്തുക്കളും ചേർന്ന് തൊട്ടടുത്ത സ്റ്റേഷനിൽ ചെന്ന് തീവണ്ടി പോകുന്നതിൻ്റെ പല ശബ്ദങ്ങൾ കാസറ്റിലാക്കിയത് ഇന്നും ഓർക്കുന്നു.

കണ്ണൂരിൽ നിന്നും പുറപ്പെട്ട് മംഗലാപുരത്തേക്ക് പോകുന്നു പരശുരാം
എക്സ്പ്രസ്സിലെ അവസാന ഗാനം… ചിത്ര പാടിയ ആ ഗാനം ഇന്നും ഓർക്കാത്ത ദിവസങ്ങളില്ല. അതിലെ വരികൾ ഇങ്ങനെയായിരുന്നു

” മംഗള ഗാനം പാടി മംഗലാപുരം തേടി
പാളത്തിലൂടെ താളത്തിലാടി
പോവുക വണ്ടി തീവണ്ടി
ജീവിതമാകും ആവി വണ്ടി”

ഇത്രയും അർത്ഥവത്തായ, ലളിതമായ വരികൾക്ക് ഒടുവിൽ ശുദ്ധധന്യാസി രാഗം ആസ്പദമാക്കി സംഗീതം നൽകി ചിത്ര ആലപിച്ച ആ മനോഹരഗാനം. അതിനുശേഷം ഒടുവിലുമായി സഹകരിച്ച് വേറെ ആൽബങ്ങൾ റെക്കോർഡ് ചെയ്യാനുള്ള അവസരങ്ങളൊന്നും

ഒടുവിൽ ഉണ്ണികൃഷ്ണൻ- കെ.കെ.മേനോൻ്റെ ശേഖരത്തിൽ നിന്ന്

ലഭിച്ചില്ല.1986 ൽ ഞാൻ എച്ച്.എം.വി. യിൽ നിന്ന് രാജിവെച്ച് സിബിഎസ് റെക്കോർഡിലേക്ക് മാറി. ആ സമയങ്ങളിൽ ഒടുവിൽ സിനിമകളിൽ വളരെ തിരക്കുള്ള നടനായി തീരുകയും ചെയ്തു. ഒരു ലൊക്കേഷനിൽ നിന്ന് അടുത്ത ലൊക്കേഷനിലേക്കുള്ള ഓട്ടം. നിരവധി പടങ്ങൾ, നല്ല വേഷങ്ങൾ, ഒടുവിൽ എന്ന നടൻ എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞ നാളുകൾ. പിന്നീട് ഞങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലുകളും വളരെ വിരളമായി. ഞാൻ അവസാനമായി കാണുന്നത്, ഒടുവിൽ മരിക്കുന്നതിന് രണ്ടോമൂന്നോ മാസങ്ങൾക്കുമുമ്പ് ഒറ്റപ്പാലം ടിബി യിൽ വെച്ചായിരുന്നു.
ഓർമ്മയിലിന്നും ഒടുവിലിന്റെ ആ നിഷ്കളങ്കമായ ചിരി ഓർമ്മവരുന്നു. കൂടെ ചെലവഴിച്ച സമയങ്ങൾ ഒരിക്കലും മറക്കാനാവാത്ത അസുലഭ മുഹൂർത്തങ്ങൾ തന്നെയായിരുന്നു. വിട്ടുപിരിഞ്ഞു പോയെങ്കിലും ഒടുവിലിന്റെ പാട്ടുകൾ ഇന്നും മനസ്സിൽ ഓരോ തിരകളായി വന്ന് അലയടിച്ചു കൊണ്ടേയിരിക്കുന്നു. തിരിഞ്ഞു നോക്കുമ്പോൾ ഒരു ചാരിതാർത്ഥ്യമുണ്ട്. ഒരു നടനായി മാത്രം അറിയപ്പെട്ടിരുന്ന ഒടുവിൽ എന്ന കലാകാരനിലെ സംഗീത നൈപുണ്യത്തെ, ആ സംഗീത മധുരിമയെ സംഗീതപ്രേമികൾകു മുൻപിൽഎത്തിക്കാൻ എനിക്ക് കഴിഞ്ഞു എന്ന സംതൃപ്തി.

(എച്ച്.എം.വിയിൽ തുടങ്ങി കാൽ നൂറ്റാണ്ട് മ്യൂസിക്ക് ഇൻഡസ്ട്രിയിൽ സജീവമായിരുന്ന ലേഖകൻ എ.ബി.സി.എൽ. ജനറൽ മനേജറായിരുന്നു. ചെർപ്പുളശ്ശേരി സ്വദേശി, ഇപ്പോൾ ചെന്നൈയിൽ താമസം. പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.)