പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചു വരുത്താതെ ഭൂമിയെ കാക്കാം
പ്രൊഫ. വി. ഗോപിനാഥൻ
മനുഷ്യരുടെ ഇടപെടൽ മൂലം ഭൂമിയിലെ പരിസ്ഥിതി തകിടം മറിയുകയാണ്. ഉച്ചകോടികളിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലും എടുക്കുന്ന തീരുമാനങ്ങൾ എല്ലാവർക്കും ബാധകമാണെന്ന് നാം തിരിച്ചറിയുക. ഇവിടെ താമസക്കാരായ നമ്മൾ പ്രകൃതി നിയമങ്ങൾ അനുസരിക്കേണ്ടതുണ്ട്. വ്യവസായ വിപ്ലവത്തിന് ശേഷമാണ് അന്തരീക്ഷത്തിന് ചൂട് കൂടിയത്. നമ്മുടെ ജീവിത ശൈലിയിൽ മാറ്റം വേണം. നാം പുറംതള്ളുന്ന കാർബൺ ഡയോക്സൈഡ് വളരെ കൂടുതലാണ്. അത് തിരിച്ചെടുക്കാനുള്ള പ്രവർത്തനം ഭൂമിയുടെ മേലാപ്പായ പച്ചപ്പ് വർദ്ധിപ്പിക്കുക എന്നതാണ്. ഭൂപ്രകൃതിക്ക് അനുയോജ്യമായ മരങ്ങൾ നടണം. പശ്ചിമഘട്ടത്തിലെ വനനശീകരണത്തിന് പകരം വനവൽക്കരണമാണ് വേണ്ടത്.
തണ്ണീർത്തടങ്ങളുടെ നാടാണ് നമ്മുടേത്. തീരപ്രദേശത്തെ കണ്ടൽ നശിപ്പിച്ച് കളിസ്ഥലവും റോഡും കെട്ടിട സമുച്ചയങ്ങളും പാർപ്പിടങ്ങളുമൊക്കെ ഉണ്ടാക്കിയിട്ടുണ്ട് ചിലയിടങ്ങളിൽ. അതിന് പകരം ഭൂമിയുടെ ഫലഭൂയിഷ്ടത വർദ്ധിപ്പിക്കുന്നതിനും മലിന ജലം ശുദ്ധീകരിക്കുന്നതിനും കടലാക്രമണം തടയുന്നതിനും കൊടുങ്കാറ്റിന് തടയിടുന്നതിനും അനുയോജ്യമായ പ്രദേശങ്ങളിൽ കണ്ടൽ വനവൽക്കരണം നടപ്പിലാക്കണം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എന്തു മാത്രം വാഹനബാഹുല്യമാണ് ഉണ്ടായിരിക്കുന്നത്. ഒരു വീട്ടിൽ ഒരു വാഹനം മതി എന്ന് നമ്മൾ തീരുമാനിക്കണം. വരാനിരിക്കുന്ന ആറ് വരിപ്പാതയും അതിവേഗ റെയിൽപ്പാതയും നടപ്പാകുമ്പോൾ നശിപ്പിക്കപ്പെടുന്ന പച്ചപ്പിനെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. നിർമ്മാണത്തിന് വേണ്ട പ്രകൃതിവിഭവങ്ങളായ കരിങ്കല്ല്, ചെങ്കല്ല് , മണൽ , ജലം എന്നിവയുടെ അളവ് നമ്മെ ഭയചകിതരാക്കുന്നു. പ്രകൃതിയുടെ മേലാപ്പ് പച്ചപിടിപ്പിക്കുന്ന ഇച്ഛാശക്തിയുള്ള ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും
ജനങ്ങളും ഉണ്ടാവണം. ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കൊറോണക്കാലത്ത് വർദ്ധിച്ചിട്ടുണ്ട്. ഇതൊക്കെ മാലിന്യക്കൂമ്പാരമായും കത്തിക്കുമ്പോൾ വിഷവാതകമായും അന്തരീക്ഷത്തെ ചൂട് പിടിപ്പിക്കും. ഉണങ്ങിയ ഇലയും മരങ്ങളും കത്തിക്കുമ്പോൾ ചൂട് കൂടും. മാലിന്യങ്ങളിൽ നിന്ന് അഴുകി പുറത്ത് വരുന്ന മീഥേൻ വാതകം ചൂടിന്റെ കാഠിന്യം കൂട്ടും. ഹരിത ഗൃഹ വാതകങ്ങൾ വാഹനങ്ങൾ പുറത്ത് വിടുന്നു. ഏയർ കണ്ടീഷണറുകളും റെഫ്രിജറേറ്ററുകളും എണ്ണത്തിൽ കൂടിയിട്ടുണ്ട്. ജീവജാലങ്ങളുടെ പലായനം മത്സ്യങ്ങളുടെ ലഭ്യതക്കുറവ് ചെടികളുടെ മാറ്റം ഇവയൊക്കെ സൂചിപ്പിക്കുന്നത് ചൂടുകൂടുന്നു എന്നു തന്നെയാണ്. ഗ്രാമങ്ങളൊക്കെ നഗരങ്ങളായി മാറുന്നു. ആവശ്യത്തിനും
അനാവശ്യത്തിനുമായി ഉണ്ടാക്കുന്ന കെട്ടിടങ്ങളും പാർപ്പിടങ്ങളും പകൽ സമയത്ത് സൂര്യരശ്മികൾ ആഗിരണം ചെയ്ത് രാത്രി വികിരണം നടത്തുമ്പോൾ ചൂട് സാമാന്യമായി കൂടുന്നു. പല ആവശ്യങ്ങൾക്കുമായി എത്രമാത്രം പ്രകൃതിവിഭവങ്ങൾ ഖനനം ചെയ്തെടുക്കുന്നു. അനധികൃത ഖനനവും വ്യാപിക്കുകയാണ്. വികൃതമാക്കപ്പെട്ട പ്രദേശങ്ങൾ പൂർവസ്ഥിതിയിലാക്കാം എന്നത് കടലാസിൽ മാത്രം ഒതുങ്ങി . ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ ഈ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചേ പറ്റു. പച്ചപ്പ് ഇല്ലാതായാൽ ചൂട് കൂടും. മഴ കുറയും അന്തരീക്ഷം ചൂട് പിടിക്കും. സമുദ്രത്തിന്റെ ഉപരിതലത്തിന് ചൂട് കൂടും. ന്യൂനമർദ്ദം ഇടക്കിടെ ഉണ്ടാവും. കൊടുങ്കാറ്റ് വർദ്ധിക്കും.
അതു വഴി മേഘസ് പോടനവും അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാവും. വെള്ളത്തിന് ഉപരിതലത്തിലോ താഴോട്ടോ ഒഴുകിപ്പോകാൻ പറ്റാത്ത വിധം വികൃതമാക്കപ്പെട്ടിരിക്കയാണ് പലസ്ഥലങ്ങളും. മാലിന്യ കൂമ്പാരവും പാസ്റ്റിക്ക് മാലിന്യങ്ങളും ഇതിന് വിഘാതം സൃഷ്ടിക്കുന്നു. മഞ്ഞു മലകൾ ഉരുകി സമുദ്ര ജല വിതാനം ഉയരുമ്പോൾ തീരപ്രദേശങ്ങളും വെള്ളത്തിന്നടിയിലാവാം. ഇവിടെ നാം നമ്മുടേതായ ചുമതലകൾ നിർവ്വഹിക്കേണ്ടതുണ്ട്. ആഗോള തലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ നമ്മളും ബാദ്ധ്യസ്ഥരാണ്. ഇനി വരുന്ന തലമുറയ്ക്കും ഇവിടെ വാസം സാദ്ധ്യമാവണം.
(കാസർകോട് ഗവ.കോളേജ് ജിയോളജി വകുപ്പ് മുൻ മേധാവിയും കോളേജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയരക്ടറുമാണ് ലേഖകൻ )