അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദം നിലവിൽ തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനു മുകളിലുമായി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽന്യൂന മർദ്ദം വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപിൽ നിന്ന് മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് – ആന്ധ്രാ പ്രദേശ് തീരത്ത് ചക്രവാതചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ന്യൂന
മർദ്ദത്തിന്റെയും ന്യൂന മർദ്ദ പാത്തിയുടെയും സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം
കേരള – ലക്ഷദ്വീപ് തീരത്ത് 2021 നവംബർ 4 മുതൽ നവംബർ 6 വരെയും, കർണാടക തീരത്ത് നവംബർ 5 മുതൽ നവംബർ 7 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
4-11-2021 മുതൽ 6-11-2021 വരെ: കേരള ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
5-11-2021 മുതൽ 7-11-2021 വരെ: കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.