മരുന്നിലും കെട്ടുകഥകളിലും പേരുകേട്ട നീലക്കൊടുവേലി
പി. പ്രകാശ്
നീലക്കൊടുവേലിയെ കുറിച്ച് ആദ്യം കേട്ടത് ‘തേനും വയമ്പും’ എന്ന ബിച്ചു തിരുമല രവീന്ദ്രൻ മാഷ് ടീമിന്റെ സിനിമാ ഗാനത്തിലാണെന്ന് തോന്നുന്നു. അതിലെ വരികൾ
“നീലക്കൊടുവേലി പൂത്തു..
ദൂരെ നീലഗിരിക്കുന്നിൻ മേലേ”..
(ഇതിൽ പക്ഷേ കവി ഉദേശിക്കുന്നത് നീലക്കുറിഞ്ഞി ആണോ എന്നും തോന്നിയിട്ടുണ്ട് )
ചെത്തിക്കൊടുവേലി എന്ന ചുവന്ന കൊടുവേലി, വഴിവക്കിൽ പാഴ്ച്ചെടിയായി വളരുന്ന വെള്ളക്കൊടുവേലി, നാമമാത്രമായി കണ്ടുവരുന്ന നീലക്കൊടുവേലി എന്നിവയാണ് നമ്മുടെ നാട്ടിൽ കണ്ടു വരുന്ന ഇനങ്ങൾ. ആയുർവേദത്തിൽ അഗ്നിമാന്ദ്യം
ഹേതുവായിട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകളിൽ സർവ്വശ്രേഷ്ഠമായ ഒന്നാണ് കൊടുവേലി. ശാസ്ത്രനാമം Plumbago capensis
അഗ്നിയുടെ പര്യായങ്ങളെല്ലാം കൊടുവേലിയുടെ പേരുകളാണ്. സംസ്കൃതത്തിൽ ചിത്ര: അഗ്നി, ഉഷ്ണ: കുഷാകു: എന്നെല്ലാമാണ് കൊടുവേലിയുടെ പേര്. കിഴങ്ങു പോലെ വീർത്ത വേരുകളാണ് ഔഷധഭാഗം. ഇവയിൽ Plumbagin എന്ന വസ്തു അടങ്ങിയിരിക്കുന്നു. ഗ്രഹണി, ശുഷ്കാർശസ്സ്, മന്ത്, വെള്ളപ്പാണ്ട് എന്നിവയുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു. ദഹനക്കുറവ് കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങൾക്ക് നൽകുന്ന മരുന്നുകളിൽ കൊടുവേലി ചേർക്കുന്നു. അമൃത്, കൊടുവേലി ചേർത്തുള്ള മരുന്നുകൾ പ്രമേഹ ചികിത്സയിൽ ഉപയോഗിക്കുന്നു.
അധികമായാൽ വായ്, കുടൽ എന്നിവ പൊള്ളും. കാട്ടുപന്നികൾക്കെതിരെ കൃഷി ചെയ്തിരിക്കുന്ന ഭാഗത്തിന് ചുറ്റും ചുവന്ന കൊടുവേലി നടുന്നത് നല്ലതാണെന്ന് ഒരു കർഷകൻ്റെ അനുഭവം വായിച്ചിട്ടുണ്ട്.
നീലക്കൊടുവേലിയെക്കുറിച്ച് ഒട്ടേറെ കെട്ടുകഥകളുമുണ്ട്. അവ വെറും കെട്ടുകഥകളായി മാത്രം കാണാം നമ്മൾക്ക്. കൈയ്യിൽ ഉണ്ടെങ്കിൽ
ഭാഗ്യം കൊണ്ടു വരും, മരിച്ചവരെ ജീവിപ്പിക്കാൻ വരെ കഴിവുണ്ട്, വേരുകൾ കിട്ടാൻ ഉപ്പൻ / ചെമ്പോത്ത് പക്ഷിയുടെ കൂട്ടിൽ നോക്കണം. പലരും ഇത് അന്വേഷിച്ച് മലമുകളിൽ അലഞ്ഞ് മരണപ്പെട്ടതായും കൈമാറി വരുന്ന വാമൊഴികളിൽ കേൾക്കാം
കഴിഞ്ഞ ദിവസം വയനാട്ടിൽ ചേച്ചിയുടെ വീട്ടിൽ പോയപ്പോൾ അവിടെ നീലക്കൊടുവേലി കണ്ടു. എന്നാൽ ഒരു തണ്ട് നട്ടുവളർത്താമെന്ന് കരുതി. ചേച്ചി ഒരു ചട്ടിയിൽ വേരുപിടിപ്പിച്ച് വെച്ചത് തന്നു വിട്ടു. വയനാടൻ കാലാവസ്ഥയിൽ നിന്ന് വന്നതല്ലേ, കുറച്ചു ദിവസം അതേ ചട്ടിയിൽ തന്നെ നമ്മുടെ കാലാവസ്ഥ പരിചയപ്പെടാൻ വെച്ച് പിന്നീട് നമ്മുടെ സ്വന്തം പറമ്പിലേക്ക്.. വീട്ടിലുള്ള ഓഷധസസ്യങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടി.