മൃദംഗവും ഘടവും ഇടയ്ക്കയും ഗഞ്ചിറയും… എല്ലാം വഴങ്ങും വേണുചേട്ടന്
എൻ. ഹരി
കവിതയും പാട്ടും മാത്രമല്ല, മൃദംഗം, ഘടം, ഇടയ്ക്ക, തുടി, ഗഞ്ചിറ, ചെണ്ട…. എന്നു വേണ്ട കൈയിൽ കിട്ടിയ വാദ്യോപകരണങ്ങളെല്ലാം വേണു ചേട്ടൻ അനായാസം കൈകാര്യം ചെയ്യും. നെടുമുടി വേണു എന്ന വേണു ചേട്ടനുമായി എനിക്ക് അഞ്ച് പതിറ്റാണ്ടു മുമ്പുള്ള പരിചയമാണ്.1973 മുതലുള്ള സ്നേഹബന്ധമാണത്. വേണു ചേട്ടൻ സിനിമയിൽ വരുന്നതിനു മുമ്പും
ഞാൻ ആകാശവാണിയിൽ വരുന്നതിന് മുമ്പുമുള്ള സൗഹൃദം ഞങ്ങൾ കാത്തു സൂക്ഷിച്ചു. എനിക്ക് മൂത്ത ജ്യേഷ്ഠനെ പോലെയായിരുന്നു അദ്ദേഹം. എന്റെ അച്ഛൻ എസ്.വി.എസ്.നാരായണൻ തിരുവനന്തപുരം ആകാശവാണിയിൽ മൃദംഗം ആർട്ടിസ്റ്റായിരുന്നു. അച്ഛന് സംഗീത നാടക അക്കാദമി അവാർഡ് കിട്ടിയപ്പോൾ കലാകൗമുദിയിൽ പത്രപ്രവർത്തകനായിരുന്ന വേണു ചേട്ടൻ അച്ഛനെക്കുറിച്ച് എഴുതാൻ വീട്ടിൽ വന്നിരുന്നു. ആ പരിചയത്തിലൂടെ വീട്ടിലെ ഒരു അംഗമായി
മാറി വേണു ചേട്ടൻ. പിന്നീട് തിരുവനന്തപുരം ജഗതി കൊച്ചാർ റോഡിലെ ഞങ്ങളുടെ വീട്ടിൽ വൈകുന്നേരം സ്ഥിരം സന്ദർശകരായിരുന്നു കാവാലം നാരായണ പണിക്കർ സാറും വേണു ചേട്ടനും നട്വാംഗം പരമശിവൻ സാറും. ചിലപ്പോൾ നരേന്ദ്രപ്രസാദ് സാറും ഒപ്പമുണ്ടാകും. സംഗീതവും മൃദംഗ വായനയും ഘടം വായനയും കവിതകളും നാടൻ പാട്ടുമായി ഞങ്ങൾ കൂടുമായിരുന്നു. അച്ഛൻ മൃദംഗത്തിലെ കോർവ്വകൾ വേണു ചേട്ടന് പറഞ്ഞു കൊടുക്കും. അങ്ങനെ പിന്നീട് ശിഷ്യൻ തന്നെയായി. കുറേ കഴിഞ്ഞപ്പോൾ വേണുചേട്ടൻ എന്നെ കാവാലം നാരായണ പണിക്കർ സാറിന്റെ സംഗീത നാടകങ്ങളിൽ മൃദംഗവും മദ്ദളവും ചെണ്ടയും പിന്നണിയിൽ വായിക്കാൻ എന്നെ കൂട്ടി. സിനിമയിൽ വന്ന ശേഷം വേണു ചേട്ടൻ തിരക്കിലായി. കോഴിക്കോട് ഭാഗത്ത് ഷൂട്ടിംഗിന് വന്നാൽ എന്നെ ഫോണിൽ വിളിക്കും വൈകുന്നേരം
വേണുചേട്ടൻ താമസിക്കുന്ന സ്ഥലത്ത് ഞാൻ മൃദംഗവുമായി പോകും. പിന്നെ പാട്ടും മൃദംഗ വായനയും താളം പിടിക്കലും വായ്ത്താരി പറഞ്ഞും സമയം ചെലവഴിക്കും. കാറ്റത്തെ കിളിക്കൂട്, സദയം, ഭരതം എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗ് സമയത്ത് വേണുചേട്ടനൊപ്പം മാസങ്ങൾ ചെലവഴിച്ചിട്ടുണ്ട്. താമസം മിക്കവാറും മഹാറാണിയിലായിരിക്കും. ഭരതം സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട് തിരുവണ്ണൂരിലെ ഒരു തറവാട്ടിലും ടാഗോർ ഹാളിലും മറ്റുമാണ് നടന്നത്. ഭരതത്തിൻ്റെ ഷൂട്ടിംഗിനു മുമ്പുതന്നെ ഒരുക്കങ്ങൾ നടത്താനായി എന്നെ വിളിച്ചു. അമിതമായി മദ്യപിച്ച സംഗീതജ്ഞൻ രാമനാഥന് പാടാൻ പറ്റാതെ വരുമ്പോൾ ശ്രീവിനായകം… എന്ന പാട്ട് മോഹൻലാൽ പാടുന്ന രംഗം ഷൂട്ട് ചെയ്യാൻ ഏറെ സമയമെടുത്തു. തളിയിൽ നിന്നും മറ്റും സംഗീതത്തിൽ താല്പര്യമുള്ളവരെ സദസ്സിലിരുത്തി. ആരും ഇരുന്ന സീറ്റ് മാറാൻ പാടില്ല. എല്ലാവർക്കും ഉച്ചഭക്ഷണവും അവിടത്തന്നെ നൽകി. സ്റ്റേജിലെ സംഗീത കച്ചേരിക്കായി പക്കമേളക്കാരെ ഇരുത്തിയപ്പോൾ ഷൂട്ടിംഗ് ഇടവേളകളിൽ വേണു ചേട്ടൻ പാടുകയും മൃദംഗം വായിക്കുകയും ചെയ്തു. ആളുകൾക്കെല്ലാം നടന്മാരെ പരിചയപ്പെടാനും
പറ്റി. ആകാശവാണിയിൽ വയലിനിസ്റ്റായിരുന്ന ഭാര്യ ലളിത മകൾ രഞ്ജിനിയേയും കൊണ്ട് അന്ന് വേണു ചേട്ടനെ കാണാൻ ചെന്നപ്പോള്‍
എടുത്ത ഫോട്ടോ എൻ്റെ ശേഖരത്തിൽ ഇപ്പോഴുമുണ്ട്. നടൻ സണ്ണി വെയിനുമായി മകൾ രഞ്ജിനിയുടെ വിവാഹം തീരുമാനിച്ചപ്പോൾ വേണുചേട്ടൻ എന്നെ ഫോണിൽ വിളിച്ച് ആശംസകൾ പറഞ്ഞു. സണ്ണിയും വേണുചേട്ടനും ‘സാരഥി’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നപ്പോഴാണ് ചേട്ടൻ ഈ കാരും അറിഞ്ഞത്. എത്രയോ കാലം കുറെ നല്ലസമയം വേണുചേട്ടനുമായി പങ്കു വെക്കാൻ കഴിഞ്ഞിട്ടുണ്ട്. ആ നല്ല ഓർമ്മകൾ ഇന്നും മനസ്സിലുണ്ട്. നഷ്ടമായത് ഒരു ബഹുമുഖ പ്രതിഭയെയാണ്. ചേട്ടന് ഈ അനുജൻ്റെ ആദരാഞ്ജലി.