ചെറുതല്ലാത്ത വരുമാനം തരുന്നുണ്ട് വർക്കി മാഷിന്റെ ചെറുനാരകം
പി. പ്രകാശ്
കോടഞ്ചേരി മൈക്കാവിലെ ചോലയ്ക്കാതടത്തിൽ വർക്കി മാഷിന്റെ വീടിനു മുന്നിൽ റോഡിനോട് ചേർന്ന് പടർന്ന് പന്തലിച്ച് നിറയെ ഫലങ്ങളുമായി നിൽക്കുന്ന ചെറുനാരകം ഒരു കാഴ്ചയാണ്. മാഷിന്റെ കെട്ടിടത്തിൽ താമസിച്ചവർ ഒഴിഞ്ഞു പോയപ്പോൾ പിൻവശത്ത് മുളച്ചു
നിന്ന നാല് തൈകളാണ് ഇപ്പോൾ പടർന്ന് നിൽക്കുന്നത്. ഏതാണ്ട് രണ്ട് മീറ്റർ അകലത്തിൽ നട്ടിരിക്കുന്ന ഇവയുടെ ചുവട്ടിലേക്ക് ചാണകം കലർന്ന വെള്ളം എത്തിക്കുന്നതാണ് പ്രധാന വളപ്രയോഗം. രാസവളങ്ങൾ ഒന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല. ജൂൺ – ജൂലൈ, സെപ്റ്റംബർ – ഒക്ടോബർ മാസമാണ് പ്രധാന സീസണെങ്കിലും വർഷം മുഴുവനും നാരങ്ങ ലഭിക്കും. തൊണ്ട് കട്ടി കുറഞ്ഞ് നീരു കൂടുതലുള്ള ഇനമായതിനാൽ ആളുകൾ ഇവിടെ വന്ന് വാങ്ങിക്കും, കൂടാതെ മൈക്കാവിലെ കടയിലും നൽകുന്നുണ്ട്.
കിലോഗ്രാമിന് 150 രൂപ വരെ ലഭിച്ച സമയമുണ്ട്. ഇപ്പോൾ വില കുറവാണ്. എന്നാലും 60 – 75 രൂപ ലഭിക്കും. നാലു നാരകങ്ങളിൽ നിന്നുമായി ചെറിയൊരു വരുമാനവും അങ്ങനെ ലഭിക്കുന്നുണ്ട്.
നാരകത്തിന് താങ്ങു കാലുകൾ നൽകി നിലത്ത് നിന്ന് ഉയർത്തി നിർത്തിയിട്ടുണ്ട്. ഉള്ളിലേക്ക് മാഷും ഞാനും നൂണ്ടു കയറി, ഉള്ളിൽ സുഖമായി നിൽക്കാം. ചില്ലകളിൽ മഞ്ഞയും പച്ചയും കലർന്ന നിറമുള്ള ചെറുനാരങ്ങ. ഒത് കാണാൻ തന്നെ മനോഹരമാണ്. വർക്കി മാഷ് കോടഞ്ചേരി പഞ്ചായത്തിൽ മൈക്കാവിനടുത്ത്
കാഞ്ഞിരാട് എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ഇപ്പോൾ മൈക്കാവ് ആനിക്കോടാണ് താമസം. ചാമോറ ഗവ. എൽ.പി സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായാണ് വിരമിച്ചത്.
നല്ലൊരു കർഷകൻ കൂടിയാണ് എൺപതുകാരനായ മാഷ്. പലപ്പോഴും വൈകിട്ട് സ്കൂൾ വിട്ടു വന്ന് പെട്രോമാക്സ് വെളിച്ചത്തിൽ പറമ്പിൽ കപ്പക്കൂടവും ഇഞ്ചിയും മഞ്ഞളുമെല്ലാം നടാനുള്ള സ്ഥലം ഒരുക്കുമായിരുന്നു. എള്ളുകൃഷിയും കപ്പയോടൊപ്പം നിലക്കടല കൃഷിയും ഉണ്ടായിരുന്നു. ഭാര്യ സാറ ഹിന്ദി കോഴ്സ് കഴിഞ്ഞ് കുട്ടികൾക്ക്
ട്യൂഷൻ എടുക്കുമായിരുന്നു. പശുവളർത്തലിലും കോഴിവളർത്തലിലും തല്പരയായിരുന്നു. ഫോട്ടോ എടുത്ത് മടങ്ങുമ്പോൾ സാറചേച്ചി കുറച്ചു നാരങ്ങ തന്നു. പറഞ്ഞ പോലെ തന്നെ നല്ല മണവും നീരുമുള്ളവ. വീട്ടിലെത്തി താമസിയാതെ തന്നെ അമ്മയുടെ കൈപ്പുണ്യത്തിൽ അച്ചാറാക്കാൻ ചെറു കഷണങ്ങളായി ഉപ്പിലിട്ടു കഴിഞ്ഞു. ചെറുനാരങ്ങ നമ്മുടെ നാട്ടിലും വളരുമെങ്കിലും സംസ്ഥാനത്തേക്ക് ചെറുനാരങ്ങ പ്രധാനമായും വരുന്നത്
തമിഴ്നാട്ടിൽ നിന്നാണ്. സൂക്ഷ്മ മൂലകളായ സിങ്ക്, ബോറോൺ, മാംഗനീസ് എന്നിവ ആവശ്യമായ സസ്യമാണ് ചെറുനാരകം. ഒരുപക്ഷേ അതാകാം നാരകം നട്ട നിലം മറ്റൊന്നിനും പറ്റില്ല എന്ന മട്ടിൽ ചില ചൊല്ലുകളും വന്നത്. നാടൻ ചെറുനാരകത്തിന് മഞ്ഞ നിറം അല്പം കുറവാണെങ്കിലും ഗുണത്തിൽ മുന്നിൽ തന്നെയാണ്.