മൂടിക്കെട്ടിയ ലോകവും മുഖമില്ലാത്ത മനുഷ്യരും
ഇപ്പോള്‍ ഞാന്‍ ‘ലോക്ഡൗണ്‍ ‘ കാലത്തിന്റെ വലിയ ആരാധകനും പ്രോത്സാഹകനുമായിത്തീര്ന്നിരിക്കുന്നു. ഈ അടച്ചുപൂട്ടലുകള്‍ അടുത്തൊന്നും അവസാനിക്കരുതേ എന്ന് മൗനമായി പ്രാര്‍ത്ഥിക്കുന്നു…!!
സതീഷ്ബാബു പയ്യന്നൂർ
പുതുവര്‍ഷം തുടങ്ങിയതുതന്നെ അടച്ചുപൂട്ടലിന്റെ വേദനകളുമായിട്ടായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി പലപല ടെലിവിഷന്‍ ചാനലുകളിലുമായി ‘പനോരമ’ യിലൂടെ ഞാന്‍ ഒരുക്കിയിരുന്ന വിവിധ പരിപാടികള്‍ ഡിസംബര്‍ 31ന് പെട്ടെന്നങ്ങ് അവസാനിപ്പിക്കേണ്ടിവന്നു !
പരസ്യസാധ്യതകളുടെ കുറവും ചാനല്‍ കരാറുകള്‍ പുതുക്കാനാവാത്തതുമൊക്കെയായിരുന്നുകാരണങ്ങള്. സാരമില്ല, ഞാന്‍ കരുതി, ഡിസംബര്‍ 4 ന് ആരംഭിച്ച ‘ കേരള പനോരമ ‘ യൂട്യൂബ് ചാനല്‍ അപ്പോഴേക്കും വരിക്കാരും പ്രേക്ഷകപങ്കാളിത്തവും വര്‍ദ്ധിച്ച് ‘മോണിറ്റൈസേഷനി’ ലേക്കു വരുന്നുണ്ടായിരുന്നു… ഇനിയുള്ളകാലം ഓണ്‍ലൈനിലേക്കു മാറാമെന്ന് മനസ്സ് തീരുമാനിച്ചുറപ്പിച്ചു…
ചൈനയില്‍ ഏതോ ഒരു വൈറസ് താണ്ഡവ നൃത്തമാടുന്ന വാര്‍ത്തകള്‍ പതിയെ വന്നുതുടങ്ങുമ്പോള്‍, എല്ലാ ശരാശരി ഭാരതീയനെയുംപോലെ അതും വീഡിയോക്കഥകളാക്കി അവതരിപ്പിച്ചാഘോഷിക്കുമ്പോള്, ഒരിക്കലും കരുതിയിരുന്നില്ല, അദ്ദേഹമിങ്ങുടന് വിളിക്കാതെ പറന്നെത്തുമെന്ന് ! ഇന്ത്യയിലാദ്യത്തെ രോഗി ചൈനയില്‍ നിന്ന് ‘മ്മടെ തൃശ്ശൂരി’ ല്‍ എത്തിയപ്പോഴും നാം മലയാളീസിന് കാര്യഗൗരവമൊന്നുമുണ്ടായിരുന്നില്ല, കോന്നിയില്‍ അച്ചായന്മാര് അഭിവന്ദ്യ കോറോണത്തിരുമേനിയുമായി ഇറ്റലിയില്‍നിന്ന് വന്നിറങ്ങി അലഞ്ഞു നടന്നതിനെ പഴിപറയുമ്പോഴും, നമ്മള് ഒരു നിയന്ത്രണവുമറിയാതെ ഷോപ്പിങ്ങ് മാളുകളിലും തിയറ്റര്‍ കോംപ്ലക്സുകളിലും അര്‍മാദിച്ചു നടക്കുകതന്നെയായിരുന്നു…
മാര്‍ച്ച് ആദ്യം, പിന്നെ എല്ലാം വേഗത്തിലായിരുന്നു. സ്കൂളുകള്‍, മാളുകള്‍, തിയറ്ററുകള്‍… അങ്ങനെയങ്ങനെ പലയിടത്തും തുരുതുരാ പൂട്ടുകള്‍ വീണുകെണ്ടേയിരുന്നു !
മാര്‍ച്ച് 11ന്, കാട്ടാക്കട പങ്കജകസ്തൂരി ആയുര്‍വ്വേദ മെഡിക്കല്‍ കോളേജില്‍നിന്ന്, ഹോസ്റ്റല്‍ പെട്ടെന്നടച്ചതിനാല്, അനിയന്റെ മകള്‍ നേഹയെ വിളിച്ചുകൊണ്ടു വരുമ്പോള്‍, അവളും കൂട്ടുകാരിയും എല്ലാ മെഡിക്കല്‍ സ്റ്റോറിനു മുന്നിലും കാര്‍ നിര്‍ത്തിച്ചു. അന്നാണ് ‘സാനിറ്റെസര്‍’ എന്ന വാക്ക് ഞാന്‍ കൃത്യമായി കേള്‍ക്കുന്നത്. ഒരിടത്തും ആ സാധനമില്ല. ഒരു മാസ്ക്ക് എങ്കിലും കിട്ടിയാല്‍ മതിയായിരുന്നു എന്ന്, കര്‍ച്ചീഫ് കൊണ്ട് മൂക്കും വായയും അടച്ചു കെട്ടുമ്പോള്‍ ‘വരുംകാല വൈദ്യ’കളായ അവര്‍ പിറുപിറുത്തു. മുന്‍ സീറ്റിലിരുന്ന് റെയില്‍വേ സ്റ്റേഷനിലെത്തുവോളം, ഞാന്‍ അവരുടെ പരവേശത്തെ കളിയാക്കി മനസ്സാ ചിരിച്ചു…സ്കൂള്‍ അടപ്പിനെത്തുടര്ന്ന്, കാസര്‍ക്കോട്ടെ നീലേശ്വരത്തുനിന്ന് തിരുവനന്തപുരത്തെത്തിയ ഭാര്യയ്ക്ക് പത്താം തരം പരീക്ഷകള്‍ക്കായി തിരിച്ചു മടങ്ങേണ്ടത് മാര്‍ച്ച് 11ന്. ഗിരിജയുടെ ചേച്ചിയും ഭര്‍ത്താവും കൂടിയുണ്ടായിരുന്നു, തിരുവനന്തപുരത്തുള്ള അവരുടെ മകളെ സന്ദര്‍ശിച്ചശേഷം, നാട്ടിലേക്കു മടങ്ങാന്‍. വൈകിട്ട് റെയില്‍വേസ്റ്റേഷനില്‍ ഗിരിജക്കൊപ്പം യാത്രയാക്കാനെത്തിയ ഞാന്‍ കാണുന്നത് ആളൊഴിഞ്ഞ റെയില്‍വേസ്റ്റേഷനാണ്. മംഗലാപുരത്തേക്കുള്ള മാവേലി എക്സ്പ്രസ്സിന്റെ പല കമ്പാര്‍ട്ടുമെന്റുകളിലും അധികമാരുമില്ല. കോമളേച്ചിയും ഗോപേട്ടനും മുഖമാകെ മൂടിക്കെട്ടിയിരുന്നു. അവര്‍ ഗിരിജക്കും ഒരു മുഖാവരണം കൊടുത്തു. വളരെ ശ്രമപ്പെട്ട് അത് ഒതുക്കി കെട്ടിവെക്കുവാന്‍ അവള് പാടുപെടുന്നത് കണ്ട്, വീണ്ടും ഞാന്‍ മനസ്സില്‍ ചിരിച്ചു. നീലേശ്വരത്തെത്തുവോളം ആ കമ്പാര്‍ട്ട്മെന്റില്‍ അവരടക്കം പത്തോളം പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പിറ്റേന്ന് അവള് ഫോണില്‍ പറഞ്ഞു. മാസ്ക്ക് കാരണം മുഖം ചുവന്നു നീരുവന്നുവെന്നും !
പിന്നെയെല്ലാം വളരെ വേഗത്തിലായിരുന്നു. മാര്‍ച്ച് 22 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാകര്‍ഫ്യൂവും അനുസരണയോടെ അനുഷ്ഠിക്കുമ്പോഴും, ഹര്‍ത്താലിന്റെ ഉല്ലാസം അനുഭവിച്ചു പരിചയിച്ച മലയാളികളോടൊപ്പമായിരുന്നു ഞാനും.
23ന് പിണറായി വിജയനും 24ന് നരേന്ദ്രമോദിയും ഈ ലോകം അടച്ചുപൂട്ടി. തുടര്‍ന്ന് തിരുവനന്തപുരത്തെ ഫ്ളാറ്റിന്റെ നാലു ചുവരുകള്ക്കകത്തായി എന്റെ ഏകാന്ത ജീവിതം. യൂട്യൂബ് ചാനലിനായി പ്രര്‍ത്തിച്ചു കൊണ്ടിരുന്ന എന്റെ ഹോം സ്റ്റുഡിയോ അടച്ച് സഹപ്രവര്‍ത്തകരും നേരത്തേത്തന്നെ സ്ഥലംവിട്ടിരുന്നു. സ്കൂള്‍ ജീവിതം സമാധാനമായി പര്യവസാനിപ്പിക്കാനാവാതെ ഗിരിജ നീലേശ്വരത്ത് അവളുടെ വീട്ടിലും മകള്‍ വര്‍ഷയും ഭര്‍ത്താവ് ശ്രീരാജും ഗുജറാത്തിലെ ജാംനഗറിലുള്ള ഫ്ളാറ്റിലും ഒറ്റപ്പെട്ടു. സാമൂഹികജീവിതം, കുടുംബജീവിതം തുടങ്ങിയ മനുഷ്യാവകാശങ്ങളില്‍ നിന്ന് എല്ലാവരും ക്രൂരമായി പറിച്ചെറിയ പ്പെട്ടു. അപ്പോഴും വില്ലന്ചിരിയുമായി ആ അജ്ഞാത ശത്രു നമ്മുടെ പടിവാതില്ക്കല് കാവല്‍കിടന്നു. ഇതാ, അറുപത് ദിവസങ്ങള്‍ പിന്നിടുമ്പോഴും അത് തുടരുന്നു…
ആദ്യവാരത്തിലെ അനിശ്ചിതത്വത്തിനും അങ്കലാപ്പിനുശേഷം, ഞാന്‍ പതിയെ ജീവിതത്തിലേക്കു നടന്നുകയറി. സര്‍വ്വത്ര നിശ്ശബ്ദവും ഏകാന്തവുമായ ലോകത്തെ ഞാന്‍ ബാല്‍ക്കണിയുടെ ചൂരല്‍ മറയ്ക്കിടയിലൂടെ നോക്കിക്കണ്ടു. ശൂന്യമായ നിരത്തിനപ്പുറം പച്ചമരങ്ങളില്‍ കിളികള്‍ ചിലക്കുന്നതും, ഫ്ളാറ്റിന്റെ ഇറവരമ്പിലിരുന്ന് പ്രാവുകള്‍ കുറുകുന്നതും കണ്ടു, കേട്ടു. ആ ചെറുശബ്ദങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സംഗീതാനുഭവമായി മനസ്സില്‍നിറഞ്ഞു. ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പമോ, ഹോണടികളുടെ ബഹളമോ ഇല്ല, കൂട്ടംകൂടിയുയരുന്ന പൊട്ടിച്ചിരികളോ അലറിവിളികളോ ഇല്ല. ശാന്തസുന്ദരവും പ്രാര്‍ത്ഥനാഭരിതവുമായ പ്രകൃതി. ചെറിയ ഇലയനക്കങ്ങള്‍, കുയിലിന്റെ കൂവലുകള്‍…
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, സമാധാനപൂര്‍വ്വം എഴുതുന്നതിനായി മാറ്റിവെച്ച നോവലിന്റെ ഫയല്‍ ഞാന്‍ പുറത്തെടുത്തു. പത്തു വര്‍ഷം മുമ്പായിരുന്നു ‘ഉള്‍ഖനനങ്ങള്‍’ എന്ന അവസാനനോവലെഴുതിയത്. അതും തമ്പാനൂരിലെ ഒരു ലോഡ്ജ് മുറിയില്‍ ഇരുപത്തഞ്ചുദിവസത്തോളം അടച്ചു പൂട്ടിയിരുന്ന്…! ഇതാ അത്തരം മൗനഭരിതവും മൂകസാന്ദ്രവുമായ ദിനങ്ങള്‍ എനിക്കുമുന്നില്‍. ഞാന്‍ ആഹ്ലാദം വീണ്ടെടുത്തു. കഴിഞ്ഞ 29 വര്‍ഷമായി ഞാന്‍ മഹാകവി പി. കുഞ്ഞിരാമന് നായരെ പിന്തുടരുന്നു. 1993 ല്‍ ‘ ആതിരത്തെന്നലിന്റെ അശാന്തി ‘ എന്ന പേരില്‍, തിരുവനന്തപുത്തെ സി.പി. സത്രത്തിലെ കവിയുടെ അന്ത്യനിമിഷങ്ങള്‍ അന്വേഷിച്ച് ഞാന്‍ ‘കലാകൗമുദി’യി ഒരു ഫീച്ചെറെഴുതിയിരുന്നു.
അവധൂതനും അന്തമില്ലാത്ത യാത്രികനുമായ കവി അക്കാലത്താണ് എന്നില്‍ കടന്നുകൂടിയത്. പിന്നീടങ്ങോട്ട് അദ്ദേഹമെഴുതിയതും അദ്ദേഹത്തെക്കുറിച്ചെഴുതിയതുമായ എത്രയോ പുസ്തകങ്ങളിലൂടെ ഞാന്‍ പലതവണ യാത്രചെയ്തു. വെള്ളിക്കോത്തും, പട്ടാമ്പിയിലും, തിരുവില്ലാമലയിലും, കൂടാളിയിലും കൊല്ലങ്കോടും, ഗുരുവായൂരും, തൃശ്ശൂരും, കോട്ടയത്തുമൊക്കെ കവിയുടെ യാത്രാപഥം അനുധാവനം ചെയ്തു. നീണ്ട കുറിപ്പുകള്‍ തയ്യാറാക്കി. കവിയുടെ തന്നെ ഭാഷയില്‍ ‘ബൗണ്ടുബുക്കു’കളില്‍ അവ ഉറങ്ങിക്കിടക്കുകയായിരുന്നു. അഞ്ചാറുവര്‍ഷം മുമ്പ് ‘സത്രം’ എന്ന പേരില്‍ നോവല്‍ എഴുതിത്തുടങ്ങിയെങ്കിലും പലവട്ടം, കവി പിടിതരാതെതെന്നിമാറി. അകലെനിന്നു കാണാന്‍ സുസ്മേരനും സുന്ദരനുമായ സൂര്യന്, അടുത്തേക്കു ചെല്ലുമ്പോള്‍ പൊള്ളിക്കുന്നതുപോലെ, ഞാനും ആ സൂര്യാഘാതമേറ്റ് പിടഞ്ഞു.
കൊറോണ സമ്മാനിച്ച ഈ മൗനഘട്ടം എന്റെ മനസ്സിനെ മഹാകവിയിലേക്ക് സധൈര്യം നടക്കുവാന്‍ ശക്തിയും ശേഷിയും നല്കി. ഞാന്‍ ഉന്മേഷിതനും ഉന്മത്തനുമായി. ഇതാ ഞാന്‍ ‘സത്ര’ത്തിലേക്കുള്ള പാതിവഴികളും പിന്നിട്ടിരിക്കുന്നു. എഴുതിയ അദ്ധ്യായങ്ങള്‍ രണ്ടും മൂന്നും തിരുത്തിയെഴുത്തുകള്‍ ഇതിനകം കഴിഞ്ഞിരിക്കുന്നു. കൊറോണ സമ്മാനിച്ച സുകൃതം എന്ന് ഞാനീ എഴുത്തുകാലത്തെ താലോലിക്കുന്നു. കുറേക്കൂടി ദിവസങ്ങള്‍ ഇങ്ങനെ ലഭിച്ചാല്‍ ഞാന്‍ ‘സത്ര’ത്തിലേക്ക് പൂര്‍ണ്ണമായും നടന്നെത്തും. ഇപ്പോള്‍ ഞാന്‍ ‘ലോക്ഡൗണ്‍’ കാലത്തിന്റെ വലിയ ആരാധകനും പ്രോത്സാഹകനുമായിത്തീര്ന്നിരിക്കുന്നു. ഈ അടച്ചുപൂട്ടലുകള്‍ അടുത്തൊന്നും അവസാനിക്കരുതേ എന്ന് മൗനമായി പ്രാര്‍ത്ഥിക്കുന്നു…!!
അല്ലെങ്കില്‍ത്തന്നെ എന്തൊരു സുന്ദരന്‍ കാഴ്ചകളാണ് ചുറ്റിലും. മുഖലാവണ്യത്തിലും മുഗ്ധമായ പുഞ്ചിരിയിലും അഭിരമിച്ചിരുന്ന സുന്ദരവിഡ്ഢികളായ നാം മുഖമടച്ചുകെട്ടി അഭിമാനത്തോടെ നടന്നുശീലിക്കുന്നു. ഹസ്തദാനത്തിലും ആശ്ലേഷത്തിലും ഉല്ലസിച്ചിരുന്ന ചിരപരിചിതസൗഹൃദങ്ങള് തെന്നിയകന്നിരിക്കുന്നു. ഉറക്കെ ശബ്ദിക്കുവാനും ആരവങ്ങള്‍ മുഴക്കുവാനും ആള്ക്കൂട്ടങ്ങളിലലിയുവാനും നാം മറന്നുപോയിരിക്കുന്നു. പുതിയ ഒരു ജീവിതക്രമം മനുഷ്യകുലത്തിനുമേല്‍, മറ്റൊരു വൈറസായി പടര്‍ന്നുപന്തലിച്ചിരിക്കുന്നു…
സതീഷ്ബാബു പയ്യന്നൂർ
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശി . കഥാകൃത്ത്, നോവലിസ്റ്റ്, മാധ്യമ പ്രവർത്തകൻ, ഇപ്പോൾ ദൃശ്യ മാധ്യമ രംഗത്ത് ശ്രദ്ധേയരായ കേരള പനോരമ ഓണ്‍ലൈന്‍ മീഡിയയുടെ സാരഥി.
ന്യൂസ് റീഡറും പൂച്ചയും, വൃശ്ചികം വന്നു വിളിച്ചു , ഖമറുന്നീസയുടെ കൂട്ടുകാരി, ദൈവം, മണ്ണ് , സീൻ ഓവർ ,പേരമരം, ഉൾഖനനങ്ങൾ ഫോട്ടോ, മഞ്ഞ സൂര്യന്റെ നാളുകൾ, മഴയിലുണ്ടായ മകള്‍, തുടങ്ങി മുപ്പതോളം കൃതികൾ പ്രസിദ്ധീകരിച്ചു. ഭാരത് ഭവൻ്റെ മെമ്പർ സെക്രട്ടറി,
കേരള സാഹിത്യ അക്കാദമി അംഗം, കേരള ചലച്ചിത്ര അക്കാദമി അംഗം, കണ്ണൂർ യൂനിവേഴ്സിറ്റി സെനറ്റർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉദ്യോഗസ്ഥന്, ‘ ഈയാഴ്ച ‘ വാരിക എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കാരൂർ പുരസ്കാരം, കേരള സാഹിത്യ വേദി അവാർഡ്, അബുദാബി ശക്തി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ് ,ഫൊക്കാന ഇൻറർനാഷനൽ ലിറ്റററി അവാർഡ്, മലയാറ്റൂർ അവാർഡ്, ഫിലിം ക്രിട്ടിക്സ് . ടി. എൻ സുവർണ്ണ മുദ്ര എസ്.ബി.ടി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടി. തിരുവനന്തപുരത്ത് വഞ്ചിയൂര്‍ ആര്.പി. അപ്പാർട്ട്മെന്റ്സിലാണ് താമസം. satheeshbabupayyanur@gmail.com
നല്ല വായനാനുഭവം. ആശംസകൾ
സാർ….,
ലോക് ഡൗൺ കാലം സാർത്ഥകമായതിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…’ സത്ര ‘ത്തിലെത്താൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു…
സംഘർഷങ്ങൾ ചിലപ്പോൾ സർഗ്ഗപ്രതിഭയെ ഉണർത്താറുണ്ട് . തടവിലായിരിക്കുമ്പോളും എഴുതാൻ കഴിയുന്നത് വളരെ അനുഗ്രഹമാണ് . സതീഷ് ബാബുവിന്റെ എഴുത്തിൽ അത് പ്രകടമ്മയി കാണുന്നു. ലേഖനം വായിച്ചു വളരെ നന്നായിരിക്കുന്നു . ഞാനും ഫിലിം എഡിറ്റിങ്ങ് എന്ന വിദ്യ സ്വായത്തമാക്കിയത് ഇപ്പോഴത്തെ ഈ വീട്ടു തടങ്കൽ സമയത്താണ് . എന്റ ഒരു ലളിതമായ കവിതയിൽ തന്നെയാണ് പരീക്ഷണം നടത്തിയത്. അതിന്റ ലിങ്കും ഇതോടൊപ്പം അയക്കുന്നു .
അടിപൊളി… ഞാനും സമാനമായ ചിന്തകളുടെ സഹയാത്രികനായിരുന്നു… ഒരു വ്യത്യാസം.. കുടുംബം ഒന്നിച്ചു ഒരു quarentine കാലം അനുഭവിച്ചു… ഇപ്പോൾ ഒരു സമാധാനം.. കുഴപ്പമില്ല.. ഭാര്യയും മക്കളും അത്ര കുഴപ്പക്കാരല്ല… ഞാൻ.. ഞാൻ മാത്രം..
കഥാകൃത്തിന്റെ ലോക്ക് ഡൗണ്‍ അനുഭവങ്ങൾ ഹൃദ്യമായിരിക്കുന്നു..!👍
ചിലർക്ക് അങ്ങെനെയാണ് … സംഘർഷങ്ങൾ സർഗ്ഗശേഷി വർദ്ധിപ്പിക്കും … അടച്ചുപൂട്ടൽക്കാലം സാർത്ഥകമായതിൽ സന്തോഷം … താങ്കൾ പറഞ്ഞതുപോലെ പ്രാവുകൾ കുറുകുന്നതുും കുയിലുകൾ കൂവുന്നതും തൊട്ടടുത്ത് കേട്ടു … കണ്ടു … പ്രകൃതി ഇത്രയും മനോഹരിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ കാലം കൂടിയാണിത്.