ഐ.ടി, ഐ.ടി അനുബന്ധ മേഖലകളില്‍ ക്ഷേമനിധി തുടങ്ങി
കേരളത്തിലെ ഐ .ടി, ഐ. ടി അനുബന്ധ മേഖലകളിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഏകദേശം ഒന്നര ലക്ഷത്തോളം ജീവനക്കാര്‍ ഈ മേഖലയില്‍ ജോലി ചെയ്തുവരുന്നതായാണ് കണക്കാക്കപ്പെടുന്നത്. നിലവില്‍ കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ് മെന്‍റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഐറ്റി മേഖലയില്‍ ജോലി ചെയ്യുന്ന 1,15,452 തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതില്‍ സംരംഭകരുടെ എണ്ണം 2,682 ആണ്. അവര്‍ക്കു കൂടി ക്ഷേമനിധി പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു.
കുറഞ്ഞത് പത്ത് വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച അംഗത്തിന്, അറുപത് വയസ്സ് തികയുന്ന മുറയ്ക്കോ, ശാരീരിക അവശത മൂലം രണ്ടു വര്‍ഷത്തിലധികമായി ജോലി ചെയ്യാന്‍ കഴിയാതിരുന്നാല്‍ അതു മുതല്‍ക്കോ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. പെന്‍ഷന്‍ തുക 3,000 രൂപയാണ്. തുടര്‍ന്നുള്ള ഓരോ വര്‍ഷത്തെ കാലയളവിനും 50 രൂപ
നിരക്കില്‍ വര്‍ദ്ധനവ് വരത്തക്കവിധം പെന്‍ഷന്‍ തുക അനുവദിക്കും. പെന്‍ഷന്‍ നല്‍കുന്നതിനു വേണ്ട മറ്റു മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് ഭരണസമിതിയായിരിക്കും. കുറഞ്ഞത് പത്തു വര്‍ഷം അംശാദായം അടച്ച ഒരംഗമോ, ഈ പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന അംഗമോ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിനു കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.
ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുള്ളതും ഇഎസ്ഐ പദ്ധതിയില്‍ വരാത്തതുമായ അംഗത്തിന് പ്രസവ ധനസഹായമായി 15,000 രൂപ ക്ഷേമനിധിയില്‍ നിന്നു ലഭിക്കും. ഇതില്‍ 10,000 രൂപ സര്‍ക്കാര്‍ വിഹിതവും 5,000 രൂപ ക്ഷേമനിധിയില്‍ നിന്നുള്ള വിഹിതവുമാണ്. അതുപോലെ തന്നെ അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെയും, സ്ത്രീ അംഗങ്ങളുടെയും, വിവാഹചെലവിനായി 10,000 രൂപയും ക്ഷേമനിധിയില്‍ നിന്നു ലഭിക്കും. മൂന്നു വര്‍ഷമെങ്കിലും നിധിയിലേക്ക് തുടര്‍ച്ചയായി അംശദായം അടച്ച അംഗങ്ങള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത ആശുപത്രിയില്‍ കിടന്നുള്ള ചികില്‍സയ്ക്ക് ചികില്‍സാ സഹായമായി പരമാവധി 15,000 രൂപ ലഭിക്കും. അംഗങ്ങള്‍ക്ക് ഹൃദയം, വൃക്ക എന്നിവ സംബന്ധമായ രോഗങ്ങള്‍ക്കും, ക്യാന്‍സര്‍, ബ്രെയിന്‍ട്യൂമര്‍, തളര്‍വാതം എന്നിവയെ തുടര്‍ന്നുള്ള ചികില്‍സയ്ക്കും ധനസഹായം ലഭ്യമാക്കും.
ഒരു വര്‍ഷമെങ്കിലും നിധിയിലേക്ക് തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെയും സംരംഭകരുടെയും സമര്‍ത്ഥരായ മക്കള്‍ക്ക് പഠന കാലയളവില്‍ തന്നെ വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതാണ്. കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം നിലവിലുളള വിദ്യാഭ്യാസാനുകൂല്യങ്ങളും, കാലാകാലങ്ങളില്‍ സര്‍ക്കാരിന്‍റെ അംഗീകാരത്തോടെ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ഈ ക്ഷേമനിധിയിലെ ജീവനക്കാര്‍ക്കും സംരംഭകര്‍ക്കും ലഭിക്കും.