418 കിലോ വെള്ളി ആഭരണങ്ങളിൽ ജഗന്‍മോഹന്‍ റെഡ്ഡിയുടെ ചിത്രം
മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുൾ കലാമിന്‍റെ ചിത്രം ഡാവിഞ്ചി സുരേഷ് സ്വർണ്ണത്തില്‍ തീര്‍ത്തത് കണ്ടപ്പോൾ ആന്ധ്രക്കാര്‍ക്കൊരു മോഹം, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ ചിത്രം വെള്ളിയിൽ തീർത്താലോയെന്ന്. നെല്ലൂര്‍ അർബന്‍ ഡവലപ്മെന്റ്റ് അതോറിറ്റിയുടെ ചെയര്‍മാന്‍ ദ്വാരകാനാഥിനാണ് ഇങ്ങനെയൊരു താല്പര്യം ഉണ്ടായത്. അദ്ദേഹത്തിന്‍റെ സുഹൃത്തുകൂടിയായ ദക്ഷിണേന്ത്യയിലെ വെള്ളി
പാദസരങ്ങളുടെ ഡീലര്‍ ബാബു ശങ്കറാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷിന് ചിത്രം നിര്‍മ്മിക്കാനുള്ള അവസരം ഉണ്ടാക്കിയത്.
സേലത്ത് ധനഭാഗ്യം കല്യാണ മണ്ഡപത്തിലെ ഹാളിലാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉണ്ടാക്കിയത്. സുരേഷിനെക്കൂടാതെ സഹായിയായി ഫെബിനും ക്യാമറാമേൻ പ്രജീഷ് ട്രാന്‍സ് മാജിക്കും സച്ചിനും ആണ് ഇതിനായി സേലത്ത് എത്തിയത്. പതിമൂന്നു മണിക്കൂര്‍ സമയമെടുത്ത് നാനൂറ്റി പതിനെട്ടു കിലോ വെള്ളി ആഭരണങ്ങള്‍
തറയിൽ നിരത്തിയാണ് ചിത്രം ഉണ്ടാക്കിയത്. 35 അടി വലുപ്പമുണ്ട് ചിത്രത്തിന്. പോളീഷ് ചെയ്തതും ചെയ്യാത്തതുമായ പാദസരങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്. അതിനാല്‍ കളറിൽ വൈവിദ്ധ്യം കൊണ്ടു വരാനായി. കറുത്ത വെല്‍വെറ്റ് തുണിയിലാണ് ആഭരണങ്ങൾ നിരത്തിയത് ബാക്ക് ഗ്രൗണ്ടിൽ നീല തുണിയും ഉപയോഗിച്ചു. ഡാവിഞ്ചി സുരേഷ് നൂറു മീഡിയങ്ങളില്‍ ചിത്രങ്ങൾ തീർക്കുന്ന ദൗത്യ ത്തിൽ എഴുപത്തി എട്ടാമത്തെ മീഡിയമാണ് വെള്ളി ആഭരണങ്ങൾ.