ബാബു പ്രകൃതി ദൃശ്യങ്ങൾ വരയ്ക്കും ; ഫോട്ടോയെടുത്ത പോലെ
jordays desk
ബാബു എന്ന ചിത്രകാരൻ പ്രകൃതി ദൃശ്യങ്ങൾ ഒപ്പിയെടുക്കും. അതിന് ദിവസങ്ങളോളം സമയം വേണം. വരച്ചു കഴിഞ്ഞാൽ അത് ഫോട്ടോ എടുത്തതുപോലെയുണ്ടാകും. വരച്ചതാണെന്ന് ഒറ്റനോട്ടത്തിൽ പറയില്ല. കരുനാഗപ്പള്ളി പുതിയകാവ് കച്ചേരി വടക്കതിൽ ബാബു എന്ന അനുഗ്രഹീത കലാകാരൻ പ്രകൃതിയെ വർണ്ണം ചാലിക്കുമ്പോൾ പിന്നെ
എല്ലാം മറക്കും. ഏകാഗ്രതയോടെ ഒരാഴ്ചയിലധികം സമയമെടുത്താണ് വര. പത്ത് ദിവസംവരെയെടുത്ത് വരച്ച ചിത്രങ്ങളുണ്ട്. വാട്ടർ കളറാണ് ഇഷ്ടപ്പെട്ട മീഡീയം. പല വലുപ്പത്തിലുള്ള ഡ്രോയിങ്ങ് ഷീറ്റിലാണ് വര. രാവിലെയും വൈകുന്നേരവും പ്രകൃതി ഭംഗി
ആസ്വദിച്ച് നാടുചുറ്റും. നല്ല ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തും. പിന്നീട് ഈ പ്രകൃതി ദൃശ്യവുമായി ഒരു തപസ്യ പോലെ വരയ്ക്കാനിരിക്കും. ദിവസങ്ങളോളം ഇതിനെ വർണ്ണങ്ങളിൽ മിനുക്കിയെടുക്കും. പലരും നല്ല ദൃശ്യങ്ങൾ ഫോട്ടോയെടുത്ത് നൽകും. കായലിലെയും കായൽക്കരയിലെയും
ദൃശ്യങ്ങൾ ഒട്ടേറെ വരച്ചിട്ടുണ്ട് ബാബു. ഒരു വീട്ടുമുറ്റത്തെ കുളക്കടവിൻ്റെ ചിത്രം വരച്ച് ഫേസ് ബുക്കിലിട്ടപ്പോൾ അത് ആയിരക്കണക്കിന് ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കയർപിരിക്കുന്ന സ്ത്രീ, ലോറിയിൽ മരത്തടി കയറ്റുന്ന തൊഴിലാളികൾ, കടലിൽ തോണിയിറക്കുന്ന മത്സ്യതൊഴിലാളികൾ, പെട്ടിക്കടയ്ക്കു മുന്നിലെ ദൃശ്യം…. ഇങ്ങനെ ആരെയും ആകർഷിക്കുന്ന വാട്ടർ കളർ ചിത്രങ്ങൾ
ബാബുവിൻ്റെ ശേഖരത്തിലുണ്ട്.1986 ൽ പത്താം ക്ലാസ്സ് കഴിഞ്ഞ്സ്റ്റുഡിയോയിൽ ഫോട്ടോഗ്രാഫി പഠിക്കാൻ ചേർന്നു. അതു കഴിഞ്ഞ കമേഴ്സ്യൽ ആർട്സ് നടത്തി. ചിത്രകാരൻ എസ്.ആർ.കെ. രാജൻ്റെ കീഴിൽ കുറേ കാലംകമേഴ്സ്യൽ ആർട്ട് പഠിച്ചു. പിന്നീട് സ്വന്തമായി യൂണിവേഴ്സൽ അഡ്വർടൈസേഴ്സ് എന്ന സ്ഥാപനം നടത്തി. ഫ്ലക്സ് വ്യാപകമായതോടെ ബോർഡ് എഴുത്തിന് പ്രസക്തി കുറഞ്ഞു. ഇപ്പോൾ
വീട്ടിലിരുന്ന് ചിത്രരചനയാണ്. ചിത്രങ്ങളെല്ലാം ഫ്രെയിമിട്ട് വില്പന നടത്തണമെന്നുണ്ട്. ഇത്രയധികം ചിത്രങ്ങൾ വരച്ചപ്പോഴും ഒരിക്കലും ഒരു പ്രദർശനം നടത്താൻ കഴിഞ്ഞിട്ടില്ല. ഭംഗിയുള്ള ഫ്രെയിമിടാൻ വലിയ ചെലവ് വരുമെന്നതിനാൽ ആ വഴിക്ക് ആലോചിച്ചിട്ടില്ല. സ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ ബാബു നന്നായി വരയ്ക്കുമായിരുന്നു.
അമ്മാവൻ രാജന്‍ ആചാരി ദാരുശില്‍പ്പിയായിരുന്നു. സഹോദരങ്ങളും വരയ്ക്കും. ജ്യേഷ്ഠൻ രാജു മരത്തിൽ കൊത്തുപണി ചെയ്യും. കൊച്ചു കൃഷ്ണൻ ആചാരി ഓമന ദമ്പതിമാരുടെ മകനാണ് ബാബു. അനിൽകുമാർ, പ്രശാന്ത്, ഹരിപ്രിയ എന്നിവർ മറ്റു സഹോദരങ്ങളാണ്.