നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്, നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്

ശശിധരൻ മങ്കത്തിൽ എഴുതിയ ഫേസ് ബുക്ക് നോവലിൽ നിന്ന്

കൂരിരുട്ടിൽ സുകു ആഞ്ഞു വീശി കത്തിക്കുന്ന ചൂട്ടിന്റെ വെളിച്ചത്തിൽ രഘുനാഥ കൈമൾ നടന്നു. ഇടവഴികൾ പലതും പിന്നിട്ടു. വഴിപരിചയമില്ലാത്തതിന്നാൽ കൈമൾക്ക് സുകുവിനൊപ്പം നടന്നെത്താൻ കഴിയുന്നില്ല. പല ഇടവഴികളിലും ചൂട്ടിന്റെ വെളിച്ചമുണ്ട്. എല്ലാവരും പൊട്ടൻ തെയ്യം കാണാൻ തണ്ടാൻ രാമന്റെ വീട്ടിലേക്കാണ്.
തണ്ടാൻ തോട് കടക്കുമ്പോൾ സുകു കൈമളിന്റെ കൈ പിടിച്ചു. കുറച്ചു ദൂരം കണ്ടത്തിൽ വരമ്പില്ല. മഴക്കാലത്ത് വെള്ളമൊഴുകുന്ന വഴിയാണ് ഈ തോട്. തോടും കണ്ടവും കഴിഞ്ഞാൽ പിന്നെ നിറയെ വീടുകളാണ്.

ചൂട്ടുപിടിച്ചു പോകുന്ന ആളുകളുടെ കൂട്ടത്തിൽ നായ്ക്കളുമുണ്ട്.പല വീടുകളിലുമായി അലഞ്ഞു തിരിയുന്ന നായ്ക്കൾ ആളുകൾ പോകുന്നതിനു പിന്നാലെ നടക്കുകയാണ്. വഴിയിൽ പലയിടത്തും കാൽ പൊക്കി മൂത്രമൊഴിച്ചു കൊണ്ടാണ് നടപ്പ്. ചിലപ്പോൾ ആളുകളുടെ മുന്നിലായും നായ്ക്കൾ നടക്കും. ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിച്ചാൽ പിന്നെ പോയ വഴിയിലൂടെ മണം പിടിച്ച് ഇവ മടങ്ങും.
രാമന്റെ വീട്ടുപറമ്പിനു ചുറ്റും ആൾക്കൂട്ടം നിറഞ്ഞിരിക്കുകയാണ്. ഒരാൾ ഉയരത്തിൽ വിറക് കൂട്ടിയിട്ട് ഉണ്ടാക്കിയ നിരുപ്പിന് തീ കൊടുത്തിരിക്കുന്നു. തിങ്ങിക്കൂടിയ ആളുകളുടെ മുഖത്ത് പ്രകാശം പരത്തി തീ ആകാശത്തേക്ക് ഉയർന്നു കത്തിക്കൊണ്ടിരിക്കുകയാണ്.

പറമ്പിലെ വലിയ പ്ലാവിനടുത്തായിട്ടാണ് നിരുപ്പ് കൂട്ടിയിട്ടിരിക്കുന്നത്. പൊട്ടന്റെ പ്ലാവ് എന്നാണ് ഈ പ്ലാവിനെ വിളിക്കുന്നത്. പ്ലാവിന് താഴെയായി വാഴത്തടയും കുരുത്തോലയും കൊണ്ട് ചെറിയ പള്ളിയറയുണ്ടാക്കി അകത്തും പുറത്തുമായി നിലവിളക്കുകൾ നിരത്തിയിരിക്കുന്നത് കാണാൻ നല്ല ഭംഗി. ബലൂണും കളിപ്പാട്ടവും വിൽക്കുന്നവർ ഒരു ഭാഗത്ത് നിരന്നിരിക്കുന്നു. ഐസ്, കടല വില്പനക്കാരുമുണ്ട്.ഇവരെയെല്ലാം ചുറ്റിപ്പറ്റി കൈയിൽ പൈസയില്ലാത്ത

കുട്ടികളുമുണ്ട്. അവരിൽ ചിലർ കളിപ്പാട്ടം നോക്കി വെള്ളമിറക്കികൊണ്ടിരിക്കുകയാണ്. ഊതിപ്പൊന്തി ഗോപാലന്റെ ബലൂൺ തട്ട് കാണാൻ നല്ല ചന്തം. ഒരു തെയ്യത്തിന്റെ തിരുമുടി പോലെ മാലമാലയായി കോർത്ത് കെട്ടിയിരിക്കുകയാണ് ചെറുതും വലുതുമായ കളിപ്പാട്ടങ്ങൾ.
ഏറ്റവും മുകളിലായി പലതരത്തിലുള്ള ബലൂണുകൾ. നീണ്ട ബലൂണിൽ കൈപമ്പ് കൊണ്ട് കാറ്റടിച്ചു കയറ്റി അറ്റം കെട്ടിയ ശേഷം ഗോപാലൻ ഇത് പിരിച്ച് നിമിഷ നേരം കൊണ്ട് പല രൂപങ്ങൾ ഉണ്ടാക്കും. കുരങ്ങ്, ആന, പൂവ്… ഇങ്ങനെ കാണാൻ ഭംഗിയുള്ള രൂപങ്ങൾ.
ചുറ്റും കൂടി നിന്ന് ആളുകൾക്ക് കളിപ്പാട്ടങ്ങൾ കാണാൻ പറ്റാതായതോടെ കുട്ടികളെ ഗോപാലൻ കണ്ണുമിഴിച്ച് പേടിപ്പിച്ച് ഓടിച്ചു.
“കൈമ ഒറ്റ പൈസീല്ലാതെ മോന്തിക്ക് ബന്നിറ്റ് ഇങ്ങനെ മോൾളോട്ട് നോക്കിറ്റ് എന്ത് കാര്യം. ബേഗം പോയ്ക്കോ ഈട്ന്ന് ” – ഗോപാലൻ കുട്ടികളെയെല്ലാം മുന്നിൽ നിന്ന് നീക്കി.
രണ്ട് മണിക്കൂറിനുള്ളിൽ പൊട്ടൻ തെയ്യത്തിന്റെ വിറക് കത്തിത്തീരും. അതുവരെ സമയം ചെലവഴിക്കണമല്ലോ എന്നു കരുതി. സുകു, രഘുനാഥ കൈമളേയും കൂട്ടി ജയരാജൻ മാഷിന്റെ അടുത്തേക്ക് പോയി. തെയ്യത്തെക്കുറിച്ച് നല്ല അറിവുള്ള ആളാണ് ജയരാജൻ മാഷ്. എവിടെ തെയ്യമുണ്ടെങ്കിലും നല്ല സംഘാടകൻ കൂടിയായ ജയരാജൻ മാഷ് മുന്നിലുണ്ടാകും. കൈമളെ കണ്ടപ്പോൾ ജയരാജൻ മാഷിനും സന്തോഷമായി. പൊട്ടൻ തെയ്യത്തിന്റെ ഉത്ഭവം തൊട്ട് മാഷ് വിവരിച്ചു കൊടുത്തു. പൊട്ടനായി അഭിനയിച്ച് നാട്ടിലെ അനാചാരങ്ങൾക്കുനേരെ വാളെടുക്കുന്ന തെയ്യത്തിന്റെ പുരാവൃത്തം കൈമൾക്ക് ഇഷ്ടമായി. ശ്രീപരമേശ്വരൻ ചണ്ഡാല വേഷം ധരിച്ച് ശങ്കരാചാര്യരെ പരീക്ഷിച്ചു എന്ന ഐതിഹ്യത്തിൽ നിന്നുണ്ടായ പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിലെ വരികൾ കൈമളെ വല്ലാതെ ആകർഷിച്ചു.
എന്റെയും നിങ്ങളുടെയും ദേഹത്ത് ഓടുന്നത് ചോര തന്നെയല്ലേ എന്ന അർത്ഥത്തിൽ
നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ് ?
നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ് ?
പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന് ?….
എന്ന വരികൾ വളരെ അർത്ഥവത്തായി കൈമൾക്ക് തോന്നി.
ചെറുപ്പക്കാരനായ കണ്ണൻ പണിക്കരാണ് പൊട്ടൻ തെയ്യം കെട്ടുന്നത്. അതിനുള്ള തയ്യാറെടുപ്പിലാണ് തെയ്യച്ചമയത്തിനുള്ള ഓലപ്പന്തലിൽ പണിക്കർ. പ്ലാവിന് താഴെയുള്ള പള്ളിയറയ്ക്കു മുന്നിൽ ചെണ്ടകൊട്ടിക്കൊണ്ടുള്ള പൊട്ടന്റെ തോറ്റം മുഴങ്ങുന്നുണ്ട്.
പുലർച്ചെ മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. നല്ല തണുപ്പണ്ടെങ്കിലും നിരുപ്പ് കത്തുന്നതു കൊണ്ട് തണുപ്പ് അറിയുന്നില്ല. പൊട്ടൻ പുറപ്പെടാറായി എന്നറിയിച്ച് മാലപ്പടക്കം പൊട്ടി. വാണം ആകാശത്ത് ചെന്ന് പൊട്ടാൻ തുടങ്ങിയപ്പോൾ വീടുകളിൽ നിന്ന് പിന്നെയും ആളുകൾ വന്നുകൊണ്ടിരുന്നു. നെഞ്ചിൽ അരിച്ചാന്ത് തേച്ച് അരയോട ചുറ്റി കൈവളകൾ അണിഞ്ഞ് പള്ളിയറക്കു മുന്നിലെ പീഠത്തിൽ പണിക്കർ ഇരുന്നു.
ചെണ്ടകൊട്ട് മുറുകി. ഒപ്പം വെടിക്കെട്ടും.തെയ്യത്തിന് ചിത്രപ്പണിയുള്ള മുഖപ്പാളവെച്ചു കെട്ടി കൈയിൽ മണിക്കത്തിയും കൊടുത്തു. പൊട്ടൻ പീഠത്തിൽ നിന്ന് എഴുന്നേറ്റ് ചൂട്ടിന്റെ വെളിച്ചത്തിൽ ഉറഞ്ഞു തുള്ളി. പിന്നെ ചുവന്ന് കത്തുന്ന കനൽ കട്ടയുള്ള നിരുപ്പിൽ പോയി ഇരുന്നു.
“ഓ… ഭയങ്കര തണുപ്പ്… ബെറക്ക്ന്ന തണുപ്പ്….ഇത് ഒന്ന് നല്ലോണം കത്തിക്ക് തണുപ്പ് കൂടട്ട് ” – പൊട്ടൻ വിളിച്ചു പറഞ്ഞു. കനൽ കത്തിജ്വലിക്കുന്നുണ്ടെങ്കിലും പൊട്ടൻ എഴുന്നേൽക്കണ്ട ഭാവമില്ല. ചുറ്റുമുള്ള കൈയ്യാളുകൾ പൊട്ടനെ എഴുന്നേൽപ്പിക്കാൻ ശമിച്ചു കൊണ്ടേയിരുന്നു. “ഇപ്പൊ ഞാൻ എണീക്ക… പക്ഷെ ഈ സുഖശയ്യക്ക് ഞാൻ എന്നും ബെരും കേട്ടോ… അപ്പൊ എന്ന
പിടിക്കണ്ട ” – ഈ ഉറപ്പോടെ പൊട്ടൻ എഴുന്നേറ്റു. പിന്നീട് ചെണ്ടമേളത്തിനൊത്ത് ചുവടു വെച്ചു.
” ആൾക്കൂട്ടത്തിൽ ജീൻസും ജുബ്ബയും ധരിച്ച രഘുനാഥനെ കൈമളെ കണ്ടപ്പോൾ പൊട്ടൻ ഒരു നിമിഷം നിന്നു. അടുത്തു പോയി മുന്നിൽ കുത്തിയിരുന്നു.
“ബെല്യെ രണ്ടാക്ക് കൂടണ്ട നീളാന കുപ്പായല്ല… ഒന്ന് എനക്ക്ണ്ട തെരാൻ. അല്ലേങ്കില് ഞാനും ഈന്റുളളില് കൂട “- പൊട്ടൻ കുപ്പായം പിടിച്ചു നോക്കി.
ചുറ്റും കൂടിയ കുട്ടികൾ ആർത്തു ചിരിച്ചു. ചിരി കണ്ടപ്പോൾ പൊട്ടൻ

വിളിച്ചു പറഞ്ഞു. “ചിരിക്കണ്ട… ചിരിക്കണ്ട ഞാൻ ആ തണുപ്പ്ള്ള നിരുപ്പിൽ കൊണ്ടിരുത്തും.” ഇത്രയും പറഞ്ഞ് നേരെ പോയി പൊട്ടൻ പ്ലാവിന്റെ ചെറിയ കൊമ്പിൽ കയറിയിരുന്ന് ഇരുന്ന കൊമ്പ് മുറിക്കാൻ കത്തിയോങ്ങി. “കൊത്തി കൊത്തി അവസാനം ഞാൻ തായ ബീവും. നിങ്ങ നോക്കി ചിരിക്കും. അത് വേണ്ട മക്കളെ ” – പൊട്ടൻ പ്ലാവിൽ നിന്ന് താഴെയിറങ്ങി വീണ്ടും നിരുപ്പിൽ പോയി ഇരുന്നു. കൈ രണ്ടും മുന്നിൽ കെട്ടി സുഖത്തിൽ കിടന്നു.
പിന്നീട് എഴുന്നേറ്റ് പോയി കിണറിനു ചുറ്റും നടന്ന് അകത്തേക്ക് എത്തി നോക്കി.”ഈ പാത്രത്തിന്റെ മൂടി ഓടുത്തു. ഈ ബെള്ളൂല്ലെ പാത്രം ഇങ്ങനെ തൊറന്ന് ബെക്കറ്… പൊടി
ബ് വും… എന്ന് വീട്ടുകാരോട് വിളിച്ചു പറഞ്ഞു. നേരെ വാഴക്കുട്ടത്തിലേക്ക് ഓടിക്കയറി എല്ലട്ത്തും ഭയങ്കര കാടല്ലോ എന്ന് വിളിച്ച് പറഞ്ഞ് കുലച്ച വാഴ അടിയിൽ വെച്ച് മുറിക്കാൻ വട്ടം കൂട്ടി.
ഇതിനിടയിൽ പല പ്രാവശ്യം നിരുപ്പിൽപ്പോയി ഇരുന്നു. സഹായിയോട് കൈ നീട്ടാൻ പറഞ്ഞ് കൈയിൽ കത്തി കൊണ്ട് കനൽ വാരിയിട്ട് എങ്ങിനെയുണ്ടെന്ന് ചോദിച്ചു. ആൾക്കൂട്ടത്തിൽ നിന്ന്ചിലരെ പിടിച്ചു കൊണ്ടുവന്ന് കനലിൽ ഇരിക്കാൻ പറഞ്ഞു. മണിക്കൂറുകളോളം പൊട്ടൻ തമാശകൾ വിളമ്പി. തെയ്യം തീയിൽ വീഴുന്നത് കണ്ടു കഴിഞ്ഞപ്പോൾ തന്നെ ആൾക്കൂട്ടം പിരിഞ്ഞു പോകാൻ തുടങ്ങി. തീയിൽചാട്ടമാണ് ആളുകൾക്ക് കാണേണ്ടത്.
പൊട്ടന്റെ ചിന്തിപ്പിക്കുന്ന തമാശകൾ കൊണ്ട് കൈമൾക്ക് സമയം പോയതറിഞ്ഞില്ല. “ഗുണം വരണം… എല്ലാ സഹായത്തിനും ഞാനുണ്ട് കൂടെ ” എന്നു പറഞ്ഞ് പൊട്ടൻ എല്ലാവർക്കും മഞ്ഞക്കുറി നൽകി. കൈമളും കൊടിയിലയിൽ നൽകിയ കുറി വാങ്ങി. എള്ളെണ്ണയുടെയും മഞ്ഞക്കുറിയുടെയും കത്തുന്ന നിരുപ്പിന്റേയും മണം കലർന്ന അന്തരീക്ഷം. ഏതോ ലോകത്ത് അകപ്പെട്ടതു പോലെയൊരു തോന്നൽ. പൊട്ടൻ തെയ്യത്തിന്റെ കേളികൾ കൈമളുടെ മനസിൽ നിറഞ്ഞുനിന്നു.

നാടൻ വാക്കുകൾ :
ചൂട്ട് – കത്തിച്ചു പിടിക്കാനുള ഓലക്കെട്ട് മോന്തി – രാത്രി, നിരുപ്പ് – വിറക് കത്തിച്ച കനൽ കൂമ്പാരം

Leave a Reply

Your email address will not be published. Required fields are marked *