കെ.എസ്.ആർ.ടി.സി.100 പുതിയ ബസുകൾ പുറത്തിറക്കുന്നു.

കെ.എസ്.ആർ.ടി.സി. അത്യാധുനിക ശ്രേണിയിലുള്ള 100 പുതിയ  ബസുകൾ പുറത്തിറക്കുന്നു. നവംബർ ഒന്നിന് കേരള പിറവി ദിനത്തിൽ ആദ്യഘട്ടത്തിലുള്ള ബസുകൾ പുറത്തിറക്കാനാണ് ശ്രമമെന്ന് മന്ത്രി ആൻ്റണി രാജു അറിയിച്ചു. 2022 ഫെബ്രുവരി മാസത്തോടെ മുഴുവൻ ബസുകളും പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെ.എസ്‌.ആർ.ടി.സി യുടെ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 50 കോടി രൂപയിൽ നിന്നും 44.64 കോടി രൂപ ഉപയോഗിച്ചാണ് ബസ്സുകൾ വാങ്ങുന്നത്. സ്ലീപ്പർ, സെമി സ്ലീപ്പർ, എയർ സസ്പെൻഷൻ നോൺ എ.സി തുടങ്ങിയവയിലെ ആധുനിക ബിഎസ് സിക്സ് ബസുകളാണ് കെഎസ്ആർടിസിയിൽ എത്തുന്നത്. ഇതോടെ ദീർഘ ദൂരയാത്രക്കാരെ കൂടുതലായി കെഎസ്ആർടിസിയിലേക്ക് ആകർഷിക്കാനാകും

എട്ട് സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എയർ സസ്പെൻഷൻ നോൺ എ.സി ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. തമിഴ്നാടിന് 140 ബസ്സുകളും കർണ്ണാടകയ്ക്ക് 82 ബസുകളുമാണ് സ്ലീപ്പർ വിഭാ​ഗത്തിൽ ഉള്ളത്. കേരളത്തിന് സ്ലീപ്പർ ബസുകൾ ഇല്ല. ഈ പോരായ്മ പുതിയ ബസുകൾ വരുന്നതോടെ ഇല്ലാതാകും

വോൾവോ കമ്പിനിയിൽ നിന്നാണ് സ്ലീപ്പർ ബസുകൾ വാങ്ങുന്നത്. നാല് തവണ വിളിച്ച ടെന്ററിൽ ബസ്സൊന്നിന് 1.385 കോടി രൂപ എന്ന നിരക്കിൽ ആകെ 11.08 കോടി രൂപ ഉപയോ​ഗിച്ചാണ് എട്ട് ബസുകൾ വാങ്ങുന്നത്. സെമി സ്ലീപ്പർ വിഭാ​ഗത്തിൽ അശോക് ലൈലന്റ് 47.12 ലക്ഷവും, ഭാരത് ബെൻസ് 58.29 ലക്ഷവും നിരക്കായി സമർപ്പിച്ചു. അതിൽ കുറഞ്ഞ നിരക്ക് സമർപ്പിച്ച അശോക്‌ ലയ്‌ലന്റിൽ നിന്ന് ബസ്സൊന്നിന് 47.12 ലക്ഷം രൂപ നിരക്കിൽ 9.42 കോടി രൂപയ്ക്ക്‌ 20 എ.സി സീറ്റർ ബസുകളും വാങ്ങും.

എയർ സസ്പെൻഷൻ നോൺ എ.സി വിഭാഗത്തിൽ ലയ്ലാന്റ് 33.79 ലക്ഷവും, റ്റാറ്റാ 37.35 ലക്ഷവും നിരക്ക് നൽകിയതിൽ നിന്നും ലയ്ലാന്റിന്റെ കരാർ ഉറപ്പിക്കുകയായിരുന്നു. അശോക്‌ ലയ്‌ലന്റിൽ നിന്ന് ബസ്സൊന്നിന് 33.78 ലക്ഷം രൂപ മുടക്കി 24.32 കോടി രൂപക്ക് 72 ബസുകളാണ് വാങ്ങുന്നത്.

വോൾവോ ബസുകൾ ബോഡി സഹിതം കമ്പിനി നിർമ്മിച്ച് നൽകും. ലയ്ലാന്റ് കമ്പിനിയുടെ ഉത്തരവാദിത്തതിൽ പുറമെ കൊടുത്താണ് ബസ് ബോഡി നിർമ്മിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള മികച്ച യാത്രയാണ് പുതിയ ബസുകൾ വാ​ഗ്ദാനം ചെയ്യുന്നത്. മികച്ച യാത്രാ സൗകര്യത്തോടൊപ്പം, മൊബൈൽ ചാർജിം​ഗ് പോയിന്റ്, കൂടുതൽ ല​ഗേജ് സ്പെയ്സ്, വൈഫെ തുടങ്ങിയവും പുതിയ ബസുകളിലെ സൗകര്യങ്ങളാണ്.

നിലവിൽ ദീർഘദൂര സർവീസുകൾക്കായി കെഎസ്ആർടിസി ഉപയോഗിക്കുന്ന ബസുകൾക്ക് അഞ്ച് വർഷം മുതൽ എഴു വർഷം വരെ പഴക്കമുണ്ട്. 12 വോൾവോ, 17 സ്കാനിയ, 135 സൂപ്പർ ഡീലക്സ്, 53 എക്സ്പ്രസ്സ്‌ ബസുകളാണ് കെ എസ് ആർ ടി സി ദീർഘ ദൂര സർവീസുകൾക്ക് നിലവിൽ ഉപയോ​ഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *