മാലിന്യ സംസ്ക്കരണത്തിന് മാതൃകയായി ഐ.ഐ.എം കോഴിക്കോട്

പ്രകാശ്. പി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മാനേജ്മെൻ്റ് കോഴിക്കോട് കാമ്പസ് മനോഹരമാണ്. ഭംഗിയുള്ള പുൽത്തകിടിയും,
ചെടികളും ഇൻഡോർ ചെടികളും കാമ്പസിനെ ഹരിതഭൂമിയാക്കുന്നു. ചിട്ടയോടും വൃത്തിയോടും കൂടി കാത്തുസൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങളും പരിസരവും കുളിർമയേകുന്ന കാഴ്ച തന്നെയാണ്. ഇവിടത്തെ മാലിന്യ സംസ്ക്കരണവും വളം നിർമ്മാണവും മാതൃകാപരം തന്നെ. കാമ്പസിലെ മാലിന്യം വളമാക്കി ചെടികൾക്ക് ഉപയോഗിക്കുന്നു. വരാന്തകളിൽ നിറയെ ചെടികളും പല സ്ഥലത്തും ജൈവ അജൈവ മാലിന്യ 

കുട്ടകളും കാണാം. ഹരിത കേരളം മിഷൻ ടീം കാമ്പസ് സന്ദർശിച്ചപ്പോൾ മാതൃകാപരമായ കാഴ്ചകളാണ് കണ്ടത്. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജൈവമാലിന്യ സംസ്കരണത്തിന് മെച്ചപ്പെട്ട സംവിധാനം കൊണ്ടു വരുന്നതിനുള്ള അന്വേഷണമാണ് ഹരിതകേരളം മിഷൻ ടീമിനെ കോഴിക്കോട് ഐ.ഐ.എമ്മിൽ എത്തിച്ചത്. ജില്ലാ കളക്ടർ ഡോ. എൻ തേജ്ലോഹിത്ത് റെഡ്ഡി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലുള്ള സോൾവേർത്ത് എക്കോടക്ക് എന്ന കമ്പനിയുടെ ജൈവമാലിന്യ സംസ്ക്കരണ പ്ലാൻ്റിനെക്കുറിച്ച്

അറിയാൻ കഴിഞ്ഞത്. ഇത് കോഴിക്കോട് ഐ. ഐ.എമ്മിൽ സ്ഥാപിച്ചതായും അറിഞ്ഞു. ഐ.ഐ.എം. സന്ദര്‍ശിച്ചപ്പോൾ കേണൽ (റിട്ട.) സെഡ്രിക് തോമസ്, കൊടുംപുറത്ത് കുര്യാക്കോസ് എന്നീ ഉദ്യോഗസ്ഥർ മാലിന്യ സംസ്ക്കരണത്തെക്കുറിച്ച് വിശദീകരിച്ചു. ജൈവ, അജൈവ മാലിന്യങ്ങൾ പച്ചയും മഞ്ഞയും നിറമുള്ള കുട്ടകളിലും ഇവേസ്റ്റ് കറുപ്പ് നിറമുള്ള കുട്ടകളിലുമാണ് നിക്ഷേപിക്കുന്നത്.

മൂന്ന് വിഭാഗങ്ങളായിട്ടാണ് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജൈവ മാലിന്യങ്ങൾക്കായി യന്ത്രം ഉപയോഗിച്ചുള്ള സംസ്കരണം, അജൈവ പാഴ്‌വസ്തു ശേഖരണത്തിനും വേർതിരിക്കലിനുമായി സെഗ്രിഗേഷൻ ആൻ്റ് സ്റ്റോറേജ് യൂണിറ്റടക്കമുള്ള എം.സി.എഫ്, നാപ്കിൻ, സാനിറ്ററി പാഡുകൾ പോലുള്ളവയ്ക്ക്

ഇൻസിനറേറ്റർ. അജൈവ മാലിന്യ സംസ്കരണ സംവിധാനം നിറവ് വേങ്ങേരിയാണ് ഏറ്റെടുത്തിരിക്കുന്നത്. ശേഖരിക്കുന്നു മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരണത്തിന് എല്ലാ മാസവും കൈമാറുന്നു.

ഇതിൽ കമ്പോസ്റ്റിങ്ങ് യൂണിറ്റിൽ സോൾവേർത്തിന്റെ 250, 500 കിലോയുടെ രണ്ടു യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. പ്രതിദിനം നിക്ഷേപിക്കുന്ന മാലിന്യങ്ങൾ 16 മുതൽ 24 മണിക്കൂറിനുള്ളിൽ സംസ്കരിച്ച് വളമാക്കി മാറ്റുന്നു. ഓട്ടോമാറ്റിക് സംവിധാനത്തിൽ  യന്ത്രത്തോട് ചേർന്നുള്ള ട്രേയിൽ വളം ശേഖരിക്കുന്നു. 500 കിലോ മാലിന്യത്തിൽ നിന്ന് ഏകദേശം 50 കിലോ വരെ വളം ലഭിക്കുന്നു. കട്ടികൂടിയ ജൈവമാലിന്യങ്ങളായ തേങ്ങയുടെ തൊണ്ട്, 

മാങ്ങയണ്ടി പോലെയുള്ള കായ്കൾ എന്നിവ ഒഴിച്ചാൽ മറ്റ് എല്ലാ ജൈവമാലിന്യങ്ങളും നിക്ഷേപിക്കാം . ഉയർന്ന താപനിലയിൽ പ്രവർത്തിക്കുന്നതിനാൽ മാലിന്യമായി പുറത്തേക്കു വരുന്ന സ്ലറി വളരെ കുറഞ്ഞ തോതിലായിരിക്കും. അത് ചെറിയ പൈപ്പ് വഴി പുറത്തുള്ള ടാങ്കിലേക്ക് കളയുന്നു. രണ്ടു വർഷമായി ഈ സംവിധാനം ഇവിടെ ഉപയോഗിച്ചുവരുന്നു. മേൽനോട്ടം വഹിക്കാനായി ഒരു സ്റ്റാഫിനേയും നിയമിച്ചിരിക്കുന്നു. 500 കിലോ ജൈവമാലിന്യം സംസ്കരിക്കുന്ന യന്ത്രത്തിന് ഏകദേശം 16 ലക്ഷമാണ് വില. പ്ലാസ്റ്റിക്, മെറ്റൽ, ചില്ല് എന്നിവ യന്ത്രത്തിൽ ഇടാൻ പാടില്ല. കോഴിക്കോട് സിവിൽ സ്റ്റേഷനിലും ഇത്തരമൊരു മാതൃക ചെയ്യാനാവുമോ എന്ന പരിശോധന നടന്നുവരികയാണ്.

(ഹരിത കേരളം മിഷൻ കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്ററാണ് ലേഖകൻ )