മൊബൈല്‍ ഫോണുകൾ നിരത്തി മമ്മൂട്ടിയുടെ ചിത്രം

അറുന്നൂറ് മൊബൈൽ ഫോണുകൾ തറയിൽ നിരത്തിവെച്ച് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രം. കൊടുങ്ങല്ലൂരിലെ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷിൻ്റെ കരവിരുതാണിത്. മമ്മൂട്ടി സിനിമയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയതും സെപ്റ്റംബര്‍
ഏഴിനു മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചുമാണ് അദ്ദേഹത്തിന് ആദരമായി ‘മൊബൈൽ ഫോൺ’ ചിത്രരചന.

കൊടുങ്ങല്ലൂര്‍ എം ടെല്‍ മൊബൈല്‍സിന്‍റെ ഉടമസ്ഥനായ അനസിന്‍റെ മൂന്നു ഷോപ്പുകളില്‍ നിന്നെടുത്ത അറുന്നൂറ് മൊബൈല്‍ ഫോണുകളും

ആറായിരം മൊബൈല്‍ അക്സസറീസും ഉപയോഗിച്ചാണ് സുരേഷ് ഇരുപതടി വലുപ്പമുള്ള മമ്മൂട്ടി ചിത്രം തയ്യാറാക്കിയത്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെൻഷന്‍ സെന്‍ററിലെ ബാബുക്കയുടെ സഹകരണത്തോടെ ഹാളിനുള്ളിലാണ് ചിത്രമൊരുങ്ങിയത്.

വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വസ്തുവായ മൊബൈല്‍ ഫോണ്‍ ചിത്രമാക്കി മാറ്റാന്‍ പത്തു മണിക്കൂര്‍ സമയമെടുത്തതായി സുരേഷ് പറഞ്ഞു. പൂർണ്ണമാകണമെങ്കിൽ പല നിറങ്ങളും നൽകണം.

ഇതിനായി പൗച്ചുകൾ, സ്ക്രീൻ ഗാഡ്, ഡാറ്റാ കേബിൾ, ഇയര്‍ഫോൺ ചാര്‍ജർ തുടങ്ങിയ മൊബൈല്‍ അനുബന്ധ സാമഗ്രികളും ഉപയോഗിച്ചു. ക്യാമറാമേന്‍ സിംബാദും ഫെബിയും റിയാസും എം ടെല്‍ മോബൈല്‍സിലെ ജീവനക്കാരായ അംഷിത്, ഫൈസല്‍ , സാദിക്ക്, റമീസ്, തൊയിബ്എന്നിവരും സഹായത്തിനുണ്ടായിരുന്നു.

നൂറു മീഡിയത്തിൽ ചിത്രങ്ങളൊരുക്കുക എന്ന ലക്ഷ്യത്തോടെ ഡാവിഞ്ചി സുരേഷ് ചെയ്യുന്ന എഴുപത്തി അഞ്ചാമത്തെ 

മീഡിയമാണ് മൊബൈല്‍ ഫോണ്‍. സ്പോട്സ് ഉപകരണങ്ങൾ കൊണ്ട് മെസ്സിയുടെചിത്രവും മാളിലെ കടകളിൽ നിന്നുള്ള സാധനങ്ങൾ കൊണ്ട് വ്യവസായി എം.എ.യൂസഫലിയുടെ ചിത്രവും സുരേഷ് ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *