കഥകളി സ്ക്കൂളിൻ്റെ പെരുമയിൽ തിളങ്ങി ഗോപാലകൃഷ്ണൻ

ശശിധരന്‍ മങ്കത്തില്‍

തിരുവനന്തപുരത്ത് 2011 ൽ ശ്രീശ്രീ രവിശങ്കറിൻ്റെ നേതൃത്വത്തിൽ നടന്ന ആനന്ദോത്സവത്തിൽ അണിനിരന്നത് 150 കഥകളി വേഷങ്ങൾ. 2006 ൽ കൊച്ചിയിൽ ആയിരം
മോഹിനിയാട്ടം നർത്തകിമാരെ അണിനിരത്തിയായിരുന്നു ആനന്ദോത്സവം. ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ രണ്ട് പരിപാടികളിലും കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിയത് ചെറുതുരുത്തിയിലെ കഥകളി സ്ക്കൂളായിരുന്നു. കൊച്ചിയിൽ 150 മോഹിനിയാട്ടം നർത്തകികളെയാണ്‌
കഥകളി സ്‌ക്കൂള്‍ അണിനിരത്തിയത്. ഇതിനു പിന്നിൽ പ്രവർത്തിച്ചത് സ്ക്കൂൾ ഡയരക്ടറായ 

കലാമണ്ഡലം ഗോപാലകൃഷ്ണൻ. ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും കഥകളി സ്ക്കൂൾ കേരളീയ കലകളെ പരിചയപ്പെടുത്തി കലാപരിപാടികൾ നടത്തിയിട്ടുണ്ട്. 2006 ൽ നവരാത്രി ആഘോഷത്തിന് കേരളത്തിൽ നിന്നുള്ള സംഘം ഗുജറാത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചപ്പോൾ അന്ന് ഗുജറാത്ത്    മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങിയിരുന്നു. രണ്ടര പതിറ്റാണ്ട് മുമ്പ് ചെറുതുരുത്തി കേരള

കലാമണ്ഡലത്തിനടുത്തായി തുടങ്ങിയ ഈ സ്ഥാപനത്തിൽ കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥകളിസംഗീതം, കഥകളി ചുട്ടി, ചെണ്ട, മൃദംഗം എന്നിവയിൽ പരിശീലനം നൽകി വരുന്നുണ്ട്. കേന്ദ്ര സർക്കാർ ഗ്രാൻ്റോടെ പ്രവർത്തിക്കുന്ന കഥകളിസ്ക്കൂളിൽ വിദേശ വിദ്യാർത്ഥികളും

പഠിക്കുന്നുണ്ട്. കലാമണ്ഡലം ഗോപി അടക്കമുള്ള പ്രതിഭകളെ അണിനിരത്തി മേജർസെറ്റ് കഥകളിയും രംഗത്ത് അവതരിപ്പിച്ചു വരുന്നുണ്ട്.  2015ൽ തിരുവനന്തപുരത്ത് നടന്ന നാഷണൽ ഗെയിംസിൽ കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, തെയ്യം, തിറ, പൂക്കാവടി,ചെണ്ട, ഇടയ്ക്ക, തിമില എന്നിവയടക്കം അയ്യായിരം

കലാകാരന്മാരെ ഒരുക്കി സംവിധായകൻ ടി.കെ.രാജീവ് കുമാര്‍ ഒരുക്കിയ പരിപാടി ഏകോപിപ്പിച്ചത് വലിയൊരു അനുഭവമായിരുന്നുവെന്ന് കഥകളി സ്ക്കൂൾ ഡയരക്ടർ ഗോപാലകൃഷ്ണൻ പറഞ്ഞു. 2006 ൽ ‘ശിവാജി ദി ബോസ് ‘ എന്ന രജനീകാന്ത് ചിത്രത്തിൽ നൂറോളം പുലിക്കളി കലാകാരന്മാരെയും ഇരുപത് പൊട്ടൻ തെയ്യവും അണിനിരത്തിയപ്പോൾ രജനീകാന്ത് നേരിട്ട് അഭിനന്ദനം

അറിയിച്ചിരുന്നു. തൃശ്ശൂരിൽ നിന്നും കണ്ണൂരിൽ നിന്നും എത്തിയ പുലിക്കളി തെയ്യം കലാകാരമാർക്ക് ഷൂട്ടിംഗ് കഴിഞ്ഞയുടൻ അയ്യായിരം രൂപ വീതം രജനികാന്ത് പാരിതോഷികം നൽകിയതായി ഗോപാലകൃഷ്ണൻ പറഞ്ഞു. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയായ ഗോപാലകൃഷ്ണൻ സ്വാതന്ത്ര്യ സമര സേനാനി പരേതനായ പുറവങ്കര ശങ്കരൻ നായരുടെയും മഹാകവി പി.കുഞ്ഞിരാമൻ നായരുടെ മകൾ

എം.രാധയുടെയും മകനാണ്. കേരള കലാമണ്ഡലത്തിൽ കഥകളി വേഷം പഠിച്ച ഗോപാലകൃഷ്ണന് 2018 ൽ കേന്ദ്ര സാംസ്ക്കാരിക മന്ത്രാലയത്തിൻ്റെ സീനിയർ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഫെല്ലോഷിപ്പ് നൽകുന്ന കഥകളി വിദഗ്ധ സമിതി അംഗം കൂടിയാണ്. കഥകളി അധ്യാപകൻ, കൊറിയോഗ്രാഫർ, പ്രോഗ്രാം കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ

പ്രവർത്തിക്കുന്ന ഗോപാലകൃഷ്ണൻ ഇന്ത്യയിൽ മാത്രമല്ല ഒട്ടേറെ വിദേശ രാജ്യങ്ങളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ആയിരത്തോളം വേദികൾ പിന്നിട്ടു കഴിഞ്ഞു. പല സിനിമകളിലും കഥകളി വേഷങ്ങളുടെ കൊറിയോഗ്രാഫി ചെയ് തിട്ടുമുണ്ട്. സോണി ബ്രാവിയ ടി.വിയുടെ പരസ്യചിത്രത്തിലും കഥകളി അവതരിപ്പിച്ചു. ഇന്ത്യൻ സംഘത്തിൻ്റെ നേതൃത്വത്തിൽ

2004ൽ നടത്തിയ ചൈന, ജപ്പാൻ പര്യടനത്തിൽ കഥകളിയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. 2006 ൽ ആസ്ത്രേലിയയിലെ മെൽബണിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൻ്റെ സമാപന ചടങ്ങിലും കഥകളി അവതരിപ്പിച്ചു. അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, ഇറ്റലി,  ജർമ്മനി, മെക്സിക്കൊ തുടങ്ങി 21 രാജ്യങ്ങളിൽ കഥകളിയുമായി പര്യടനം നടത്തിയിട്ടുണ്ട്. 

One thought on “കഥകളി സ്ക്കൂളിൻ്റെ പെരുമയിൽ തിളങ്ങി ഗോപാലകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *