അമ്മയുടെ കൈ പിടിച്ച് വീണ്ടും വീട്ടിലേക്ക്

കെ.കെ.മേനോൻ

ഘടികാരത്തിന്റെ സൂചി തിരിച്ചു വെച്ച് പിറകോട്ട് പോകാനുള്ള ശക്തി ഉണ്ടായിരുന്നെങ്കിൽ- കുട്ടിക്കാലത്ത് ഞാൻ താമസിച്ചിരുന്ന, എന്റെ ബാല്യകാലത്തെ എല്ലാ കുസൃതികൾകും, വികൃതികൾക്കും സാക്ഷ്യംവഹിച്ച ആ വീട്ടിലേക്ക് ഒന്ന് മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ, ഒരുപക്ഷേ ഞാൻ അന്ന് സ്നേഹിച്ചിരുന്നതി നേക്കാൾ ഇപ്പോൾ ആ വീടിനെ ഏറെ ഇഷ്ടപ്പെടും എന്ന് എനിക്കറിയാം. അമ്മയുടെ മുട്ടോളം ഉയരമുണ്ടായിരുന്ന ഞാൻ അമ്മയുടെ കൈ പിടിച്ചു നടന്ന കാലം. അമ്മ അന്ന് പറഞ്ഞുതന്ന കാര്യങ്ങൾ ഒരിക്കൽക്കൂടി അമ്മയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ… അന്നത്തേക്കാൾ ശ്രദ്ധിച്ച് ഞാൻ അത് കേൾക്കും. കാരണം ജീവിതം എന്താണെന്ന് അമ്മയ്ക്ക് നല്ലപോലെ അറിയാമായിരുന്നു.

അന്ന് കാണാൻ കഴിയാതെ പോയ അമ്മയുടെ സ്നേഹനൊമ്പരങ്ങൾ, സ്നേഹത്തിന്റെ മിഴിനീർ കണങ്ങൾ – എല്ലാം ഇപ്പോഴും ഓർമ്മയിലുണ്ട്. വാടാതെ,തളരാതെ, മതിയാവോളം സ്നേഹിച്ചു കൊതി തീർക്കാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. അമ്മയുടെ കൈപിടിച്ച് നടന്നതും, ആ മടിയിൽ തല വെച്ച് ഉറങ്ങിയതും, അമ്മയുടെ 

ഉണ്ണിക്കുട്ടൻ ആയി വളർന്ന കാലങ്ങളും – ആ ഓർമ്മകൾ മാറോടു ചേർത്തു വെച്ചു താലോലിക്കുമ്പോൾ, വിരിഞ്ഞ നറു മുല്ല പൂവിന്റെ സുഗന്ധമായി, അമ്മ ഒരു തെന്നലായി എന്നെ വന്നു തഴുകുന്നു. ഇപ്പോൾ എന്റെ ഏകാന്തതകളിൽ അയവിറക്കുന്ന ഭൂതകാല സ്മരണകൾ, ഒരു അനിർവചനീയമായ അനുഭവമാണ്. അതുകൊണ്ടുതന്നെ ഞാൻ ഏകാന്തതയെ ഇഷ്ടപ്പെടുന്നു.

പഴയ വീട്ടിലേക്ക് തിരിച്ചുപോകുവാൻ മനസ്സ് തിരക്ക് കൂടുമ്പോൾ, പല ചെറിയതും വലിയതുമായ ഞാൻ നിരീക്ഷിച്ചിരുന്ന കാര്യങ്ങൾ ഓർമ്മ വരുകയാണ്. വീടിന് ചുറ്റുമുള്ള പൂത്തുനിൽക്കുന്ന ചെമ്പരത്തി ചെടികൾ, മുൻവശത്തെ പൂന്തോട്ടം, പിൻഭാഗത്തുള്ള പൊട്ടക്കിണർ – ഞങ്ങൾ അതിനെ പൊട്ടക്കിണർ എന്നാണ് വിളിക്കാറുള്ളത്, കാരണം വേനൽക്കാലം ആവുന്നതിന് എത്രയോ മുമ്പുതന്നെ ആ കിണർ വറ്റിയിട്ടുണ്ടാവും-, വീടിന്റെ കിഴക്കുവശത്തെ കാലിത്തൊഴുത്ത്, ഞങ്ങൾ ഊഞ്ഞാൽ ഇട്ടിരുന്ന വലിയ പ്ലാവ്, 

കർപ്പൂര മാവ് – പഴുത്താൽ കർപ്പൂരത്തിന്റെ മണമുള്ള മാങ്ങ അന്ന് ആർത്തിയായിരുന്നു. വീടിന്റെ ചുറ്റുമുള്ള ചുമരുകളിൽ കരിക്കട്ട കൊണ്ട് ഞാൻ വരച്ചിരുന്ന ചിത്രങ്ങൾ, രൂപങ്ങൾ പിന്നെ കൂട്ടുകാരുമൊത്ത് കളിച്ചിരുന്ന പടിഞ്ഞാറും മറ്റും – അങ്ങനെ എത്ര എഴുതിയാലും തീരാത്ത, വറ്റാത്ത ഓർമ്മകൾ. ആ ഓർമ്മകൾ അവയെത്ര സുന്ദരങ്ങളാണ്. മനസ്സിലെന്നും പൂത്തുനിൽക്കുന്ന സൗരഭ്യമുള്ള ഒരു പിടി പൂക്കൾ.

ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ പുറത്തു നല്ല മഴ പെയ്തു കൊണ്ടിരിക്കുകയാണ്. മഴയിൽ നിന്നും നനയാതിരിക്കാനായി രണ്ടു കിളികൾ ബാൽക്കണിയുടെ ഗ്രില്ലിൽ വന്നിരുന്നു. എന്നെ കണ്ട മാത്രയിൽ അവർ പരസ്പരം നോക്കി, എന്നെയും നോക്കി അവിടെ തന്നെ ഇരുന്നു. ഒരു ഭയവുമില്ലാതെ, ഞാൻ ഒരു സഹൃദയൻ ആണെന്ന് തോന്നിയത് കൊണ്ടാവാം. ഈ കിളികളെ കണ്ടപ്പോൾ, ആ കാലങ്ങളിൽ ഞങ്ങളുടെ വീടിന്റെ ഊൺ മുറിയുടെ ജനലിൽ വന്നിരുന്ന് അമ്മയെ കാത്തിരിക്കാറുള്ള ഓലഞ്ഞാലി കിളി, ഞങ്ങൾ അതിനെ കുഞ്ഞിക്കിളി എന്ന് പേരിട്ടു, ആണ് ഓർമ്മ വന്നത്. അമ്മയുടെ തോളത്ത് വന്നിരുന്നു, കയ്യിൽ നിന്ന് ഭക്ഷണം വാങ്ങി കഴിക്കാറുള്ള കുഞ്ഞിക്കിളിയേ 

മറക്കാൻ സാധിക്കുകയില്ല. അമ്മ മുറിയിലേക്ക് വരാൻ കുറച്ചു വൈകിയാൽ, ഉറക്കെ ശബ്ദം ഉണ്ടാക്കി തന്റെ പ്രതിഷേധം അറിയിക്കാൻ കുഞ്ഞിക്കിളി മറക്കാറില്ല. ചെറുപ്രായത്തിൽ മരിച്ചുപോയ എന്റെ ജേഷ്ഠ സഹോദരിയുടെ ആത്മാവായിരിക്കാം ആ കുഞ്ഞിക്കിളി എന്ന് അമ്മ എപ്പോഴും പറയാറുണ്ട്.

അച്ഛൻ നൽകിയിരുന്ന എല്ലാ ഉപദേശങ്ങളും അച്ഛന്റെ ശബ്ദവും ഞാൻ മരിക്കുന്നതുവരെയും ഓർമ്മിക്കും . അന്നൊന്നും ആ ഉപദേശങ്ങൾ അത്ര കാര്യമായി ഞാൻ എടുത്തിരുന്നില്ല. പക്ഷേ അതെല്ലാം ജീവിതത്തിലെ നല്ല പാഠങ്ങൾ ആയിരുന്നു എന്നുള്ള തിരിച്ചറിവാണ് ഇന്നെന്നെ നയിക്കുന്നത്. വളരെ ചെറുപ്പത്തിൽ അച്ഛൻ മരിച്ചതിനു ശേഷം അമ്മയുടെ ശിക്ഷണത്തിൽ വളർന്നുവന്ന് എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് സമൂഹത്തിലും ഔദ്യോഗികരംഗത്തും സമുന്നത സ്ഥാനം സ്വപ്രയത്നത്താൽ നേടിയെടുത്ത മാതൃകാപുരുഷനായിരുന്നു എന്റെ അച്ഛൻ. അറിയാനും പഠിക്കാനുമായി നിരവധി ജീവിതാനുഭവങ്ങൾ മക്കളുമായി പങ്കുവയ്ക്കാറുള്ള സായാഹ്നങ്ങൾ രസകരമായ അനുഭവങ്ങൾ ആയിരുന്നു. അച്ഛനും അമ്മയ്ക്കും വേണ്ടി ഇനിയും എന്തൊക്കെയോ ചെയ്യേണ്ടതായിരുന്നു എന്നു തോന്നാറുണ്ട്. അവരുടെ ജീവിതയാത്രയിൽ അവിസ്മരണീയങ്ങളായ ഇനിയും കുറേ നല്ല മുഹൂർത്തങ്ങൾ

സൃഷ്ടിക്കുന്നതിനു വേണ്ടി ശ്രമിക്കാമായിരുന്നു. അവർ ഒന്നും ആവശ്യപ്പെട്ടിട്ടില്ല, ഒട്ടും പ്രതീക്ഷിചിട്ടും അല്ല. എങ്കിലും….. എന്തോ….. ഒരു നൊമ്പരമായി ആ ചിന്തകൾ മനസ്സിൽ തളംകെട്ടി നിൽക്കുന്നു.

ഇപ്പോൾ അവരുടെ പാവനമായ ഓർമ്മകളിലൂടെയുള്ള ഒരു തീർത്ഥാടനമാണ്. പുണ്യമായ ആ ഓർമകളെ നമിച്ചുകൊണ്ട്, കഴിഞ്ഞുപോയ നല്ല നാളുകൾ തന്നു അനുഗ്രഹിച്ച അവരെ സ്മരിച്ചുകൊണ്ട്, അവരുടെ ആത്മാക്കളുടെ നിത്യ ശാന്തിക്കായി പ്രാർത്ഥിച്ചു കൊണ്ട്. വർഷങ്ങൾ,കാലങ്ങൾ കടന്നു പോകുന്നു. ആരെയും കാത്തു നിൽക്കാതെ, ഇനി ഒരു തിരിച്ചുവരവ് സാധിക്കാതെ. സമയത്തിന്റെ യാത്ര വളരെ പെട്ടെന്നാണ്. ഭൂതകാല സ്മരണകളുടെ പിടിയിലമർന്നെരിയാതെ, നമ്മെ കാത്തിരിക്കുന്ന നല്ല കാലങ്ങളിലേക്കുള്ള യാത്രകളിലേക്ക് വേണ്ട ഊർജ്ജവും ഉന്മേഷവും കണ്ടെത്തുവാൻ വേണ്ടി ആ നല്ല ഓർമ്മകൾ പ്രചോദനമാവട്ടെ.

ചിത്രങ്ങള്‍: ഷൈജു അഴീക്കോട്‌

53 thoughts on “അമ്മയുടെ കൈ പിടിച്ച് വീണ്ടും വീട്ടിലേക്ക്

  1. വളരെ മനോഹരമായി എഴുതിയിരിക്കുന്നു 👌👌👌ഒരുപാട് ഇഷ്ടമായി ❤️❤️ ഷൈജുവിന്റെ ചിത്രങ്ങളും മനോഹരം ❤️❤️

    1. എന്റെ ലേഖനം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം ഉണ്ട്. അനുമോദനങ്ങൾക്ക് നന്ദി.

    2. Thank you dear KK for this post! The detailed description of your young days are so touching and I did able to picturise in my mind!
      Keep going… Looking forward for more and more 🙏🌹

      1. Thank you for the sincere comments. Nice to know you could recollect some of those precious moments of your childhood years while reading my write-up.

    3. നന്മയുള്ള ഭൂതകാല ഓർമ്മകൾ..ഒരു മനുഷ്യനുണ്ടാവേണ്ടത് അത്യാവശ്യമാണ് അല്ലേ sir, അത് ലഭിക്കുന്നത് ഒരു ജന്മ പുണ്യവും.. അത് ജീവിതയാത്രയിലെ തളർച്ചകളിലും ഉയർച്ചകളിലും ഒരു വന്ഇ ന്ധനം തന്നെയാണ്…എപ്പഴത്തെയും പോലെ അങ്ങയുടെ. എഴുത്തിലൂടെ വായനക്കാരനെയും കൂട്ടികൊണ്ട് പോകുന്നു .. സുന്ദരമായ ഒരു തലത്തിലേക്കു ഈ…. ഗൃഹാതുര ഓർമകുറിപ്പും.. ഹൃദയം നിറഞ്ഞ നന്ദി ❤️🙏🏼🙌

      1. അഭിനന്ദനങ്ങൾക്കും, അഭിപ്രായങ്ങൾക്കും വളരെ നന്ദി. ഒരു എഴുത്തുകാരന്റെ ഭാഗ്യം വായനക്കാരിൽ നിന്ന് ലഭിക്കുന്ന പ്രോത്സാഹനങ്ങൾ ആണ്.

  2. ഓർമകളെ തൊട്ടു തലോടിക്കൊണ്ട് അതി മനോഹരമായി വിവരിച്ചിരിക്കുന്നു. പലനിമിഷങ്ങളും തിരിച്ചു കിട്ടിയെങ്കിൽ എന്നാശിച്ചുപോകുന്നത് മനുഷ്യ സഹജം. തികച്ചും അഭിനന്ദനങ്ങൾ അർഹിക്കുന്നു. വായനക്കാരെയും അവരുടെ ഓർമകളിലേക്ക് കൊണ്ടെത്തിച്ചു. അതൊരു എഴുത്തുകാരന്റെ കഴിവ് തന്നെ. അമ്മയുടെയും അച്ഛന്റെയും അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. 👌🏻👌🏻👍

  3. Childhood memories will be always in our heart for ever. Recollecting those memories will be always bring ultimate pleasure and relaxation. I really enjoyed the way you explained. Keep going……

    1. Thank you for the sincere comments and encouragement. I’m glad you could relate to the memories described in my write-up.

  4. വായനക്കാരെ തങ്ങളുടെ പൂർവേകാലത്തേയ്ക്കു കൂട്ടിക്കൊണ്ടുപോകുന്ന അതിമനോഹരമായ രചന..

    1. ആത്‍മാർത്തമായ അഭിനന്ദനങ്ങൾക്ക് വളരെ നന്ദി.

  5. മാതാപിതാക്കൾ നമ്മുടെ സുകൃതം ആണ്… അവർ നമുക്കുവേണ്ടി അനുഭവിച്ച യാ ത ന കൾ വേ ദ ന കൾ..
    ഇപ്പോഴാണ് നമുക്ക് അതിന്റെ വിലയറിയുന്നത്…

  6. അങ്ങയുടെ രചനയിലൂടെ ഞാൻ എന്റെ ഓർമ്മകളി ലേക്ക് പോയി…

    1. എന്റെ രചനയിലൂടെ കഴിഞ്ഞു പോയ ആ നല്ല കാലങ്ങളിലേക്കു ഒന്ന് തിരിഞ്ഞു നോക്കുവാൻ കഴിഞ്ഞെങ്കിൽ ഞാൻ ധന്യനായി. ചില ഓർമ്മകൾ ഓർക്കുമ്പോൾ സുഖവും, മറ്റു ചിലതു നൊമ്പരപ്പെടുത്തുന്നതും ആവാം. എങ്കിലും ഓർമ്മകൾ നമുക്ക് എപ്പോഴും പ്രചോദനവും, വഴികാട്ടിയും ആണ്.

  7. ഇത് വായിച്ചപ്പോൾ ഞങ്ങളെയും KK
    കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൈ പിടിച്ചു കൊണ്ടുപോയി… കർപ്പൂരമാവ്, പ്ലാവിൻ കൊമ്പത്തെ ഊഞ്ഞാൽ, ഓലേഞ്ഞാലികിളി … ഇവയെല്ലാം അതിലെ കഥാപാത്രങ്ങളുമായി… അച്ഛന്റെയും, അമ്മയുടെയും ഓർമ്മകളും ഈ കുറിപ്പിന് ജീവൻ നല്കി… 🌹🌹🌹👌👌👌👌👌 നന്നായി എഴുതി… ഇനിയും എഴുതൂ… വായിക്കാൻ ഞങ്ങൾ റെഡിയായിരിക്കുന്നു 👍👍👍

  8. ആത്‍മർത്ഥമായ അനുമോദനങ്ങൾകും, പ്രോത്സാഹനങ്ങൾക്കും നന്ദി. എന്റെ ഈ ഓർമ്മക്കുറിപ്പ് വായനക്കാരുടെ ഓർമകളെ തട്ടി ഉണർത്തി എന്നറിയുമ്പോൾ വളരെ സന്തോഷം. ആ ഓർമ്മകൾ ആണല്ലോ നമുക്കെവർക്കും ജീവിതത്തിൽ പ്രചോദാനവും.

  9. I also grew up in similar surroundings during the same period! Felt like a replay of my own nostalgic childhood memories!
    Keep writing….

    1. Let me thank you for the most sincere comments. Im glad if you could relate to your childhood memories while reading my write-up. We live in those memories of childhood as they give us joy at times and make you feel greatful for all what your parents did for you.

  10. ശരിക്കും ഒരു നഷ്ട ബോധം…..
    എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, അല്ലെങ്കിൽ ചിത്രം വരയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മനസ്സിൽ തോന്നിയ വികാരങ്ങൾ പ്രകടിപ്പിക്കാം ആയിരുന്നു

    1. കമന്റ്സ്ന് വളരെ നന്ദി. ആവിസ്മരണീയമായ അനുഭവങ്ങൾ, ആ അനുഭവങ്ങളെകുറിച്ചുള്ള ഓർമ്മകൾ, ചില നഷ്ടബോധങ്ങൾ ഇവിയെല്ലാമാണല്ലോ നമ്മൾ പലപ്പോഴും ഓർത്തിരുന്നു പോകുന്നത്. ഇപ്പോഴുള്ള തിരക്കേറിയ ജീവിതത്തിൽ ഇടക്കൊന്ന് തിരിഞ്ഞു നോക്കാത്തവർ വിരളമായിരിക്കും. മറന്നു പോയ ചില കാര്യങ്ങളൊക്കെ എന്റെ ലേഖനത്തിലൂടെ ഓർത്തെടുക്കാൻ കഴിഞ്ഞെങ്കിൽ ഞാൻ സംതൃപ്തനായി.

  11. Well written . Took me back to our childhood days. It was so easy to visualise. Felt very sad that you cannot go back to those days. Would love to relive those days

  12. Well written. It was like reading a novel. Nice illustrations too.Took me back to our childhood days.
    Keep writing . All the best

    1. Thank you for your heartfelt appreciation of my write-up and the sincere comments. Your words of encouragement will, no doubt, give me the motivation to continue writing.

  13. വായനക്കാരെ തങ്ങളുടെ പൂർവ്വകാലത്തേയ്ക്കു കൂട്ടിക്കൊണ്ടുപോകുന്ന മനോഹര രചന…

  14. വളരെ നന്നായിട്ടുണ്ട് . തെളിവാർന്ന ഓർമ്മകൾ വളരെ മനോഹരമായി പകർത്തി.

  15. എന്റെ ഓർമകുറിപ് ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷം ഉണ്ട്. അഭിപ്രായങ്ങൾക്കും, അഭിനന്ദനങ്ങൾക്കും വളരെ നന്ദി.

  16. മനോഹരമായ ഓർമ്മകുറിപ്പ് ✒️✒️📋👌👌👌😍😍😍
    ഗൃഹാതുരത്വം നൽകുന്നു. 😔❤️❤️
    ഇതിലെ ചിത്രങ്ങളും മനോഹരം 👌

    1. താങ്കളുടെ അനുമോദനങ്ങൾക്ക്വ വളരെ നന്ദി.

  17. A very well written article..Took me back to my younger days in my village..Mothers are all caring and loveable.Their lives revolve around their children.At 66,I am very fortunate that my mother is with me…

    1. Thank you for appreciating my write-up. Very nice to know that your mother is with you and I hope you’ll share some of the finer points in my article with her.

  18. വായിച്ചു കഴിഞ്ഞപ്പോൾ ദുഖവും, സന്തോഷവും നൽകുന്ന ഒരുപാടോർമ്മകൾ മനസ്സിലൂടെ കടന്നുപോയി. ഒരിക്കലെങ്കിലും ആ കഴിഞ്ഞ കാലത്തേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടായിരുന്നങ്കിലെന്ന് ആഗ്രഹിച്ചുപോയി.
    അതി മനോഹരമായി എഴുതിയിരിക്കുന്നു.
    അഭിനന്ദനങ്ങൾ.

    1. എല്ലാവരുടെയും ജീവിതം ഓർമകളിലൂടേയുള്ള ഒരു യാത്രയാണ്. തിരിഞ്ഞു നോക്കുമ്പോൾ സന്തോഷങ്ങളും നൊമ്പരങ്ങളും തരുന്ന ഒട്ടേറെ അനുഭവങ്ങളും, ഓർമകളും നമുക്കു പങ്ക് വെക്കാനുണ്ടാവും. അഭിനന്ദനങ്ങൾക്ക് വളരെ നന്ദി.

  19. സുന്ദരമായ ബാല്യകാല ഓർമ്മകൾ….. താങ്കളുടെ ഈ ഓർമ്മകുറിപ്പുകൾ ഞങ്ങളുടെ ബാല്യകാലത്തെയും ഓർമ്മപ്പെടുത്തുന്നു…. മറന്നു പോയത് പോലും….👌👌👌

  20. പരിപൂർണമായ ആത്‍മർത്ഥതയയിൽ നിന്ന് മാത്രം പറയാൻ പറ്റുന്ന വാക്കുകൾ, അനുമോദനങ്ങൾ! നന്ദി! എന്റെ ലേഖനം ബാല്യകാലസ്മരണകളെ തൊട്ടുനർത്തിയെങ്കിൽ ഞാൻ ഏറ്റവും സന്തുഷ്ടനാണ്‌.

  21. The writer has a madhavikutty touch. A nostalgic opera. Best wishes.

  22. മാതൃത്വം എല്ലായിടത്തും എല്ലാകാലത്തും ഒരുപോലെ ആണ് എങ്കിലും ഒററപ്പാലം ചെർപ്ലശ്ശേരി തുടങ്ങിയ ഭാഗത്ത് ഒക്കെ വർഷം മുഴുവൻ പോരാ ഒരായുസ്സു മുഴുവൻ അതു മാത്രം ആണോ എന്നും തോന്നിപ്പിക്കുന്ന വിധത്തിലുള്ള അമ്മമാരായിരുന്നു എന്നു തോന്നിപ്പോയിരുന്നു ..

    ഉദ്യോഗസ്ഥരായ സ്ത്രീകൾ കുറവായ അന്ന് അവർ ഊണിലും ഉറക്കത്തിലും കുട്ടികളെ ചുറ്റിപ്പറ്റി മാത്രം ഉള്ള ഒരു ജീവിതം നയിച്ചിരുന്നവർ ആയിരുന്നതും ഒരു കാരണമാകാം..

    ഇന്നത്തെ കാലത്ത് മാതൃത്വം സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ കാരണം കുറച്ച് കൂടി സ്റ്റേർണസ് ആണ് .. അല്ലാതെ കുറവായതല്ല..കൂടുതൽ സൗകര്യങ്ങൾ നൽകാൻ ഉള്ള ഓട്ടത്തിൽ പിന്നീട് ഇതു പോലെ ഓർക്കാൻ പറ്റുന്ന സന്തോഷങ്ങൾ കുറച്ച് കുറഞ്ഞു പോകുന്നതാണ് എന്നു തോന്നുന്നു

    കൂടാതെ അന്നത്തെ പാറ്റേണിലെ വീടുകളും തൊടികളും മരങ്ങളും അയൽപക്കങ്ങളും ജീവിത രീതികളും എല്ലാം കൂടി നൽകിയിരുന്ന ഒരു കുട്ടിക്കാലം
    ഇന്നത്തെ ചുറ്റുപാടിൽ സ്വപ്നം കാണാനേ സാദ്ധ്യമാവൂ..

    പറഞ്ഞ പോലെ സ്വാദുകളും വാസനകളും ലാളനകളും ഓർമ്മകളും ഒക്കെ ഒരായുഷ്ക്കാലത്തിന് ബാക്കി നിർത്തിപ്പോയിരുന്ന ഒരു തലമുറ ..

    വളരെ നന്നായി എഴുതി .. അതേ കാലഘട്ടത്തിൽ അതേ സ്ഥലത്ത് അതേ പോലെ ഒരമ്മയുടെ കൈ പിടിച്ച് വളർന്നതു കൊണ്ട് എഴുതിയതുമായി താദാത്മ്യം പ്രാപിക്കാൻ എളുപ്പത്തിൽ സാധിച്ചു

    ചിത്രങ്ങളും മനോഹരം ..

    1. എന്റെ ലേഖനം ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ സന്തോഷമുണ്ട്. അതിലെ ആശയങ്ങളുമായി താദാത്മ്യം കണ്ടെത്താൻ കഴിഞ്ഞു എന്നത് അതിലേറെ സന്തോഷം നൽകുന്നു.അഭിപ്രായങ്ങൾക്കും അനുമോദനങ്ങൾകും നന്ദി.

  23. My mom passed away recently. KK s recollections of his mother simply put me in his place . When I finished I realized tears had welled up in my eyes.🙏🙏

    1. I can understand your emotions and state of mind while reading my write-up. I pray for the departed soul and may her soul rest in peace.

  24. പഴയ സുഖമുള്ള, നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ഇതിനേക്കാൾ വിലപിടിപ്പുള്ള എന്താണ് ഈ ചെറിയ ജീവിതത്തിൽ നമുക്കുള്ളത്?. എന്നെ ഏറ്റവും ആകർഷിച്ചത് കുഞ്ഞിക്കിളിയും അമ്മയുമായുള്ള ബന്ധമാണ്. അമ്മയുടെ നിർമ്മല മനസ്സ് നമുക്കിവിടെ കാണാം. ആശംസകൾ നേരുന്നു.

  25. അഭിപ്രായങ്ങൾ ക്കും,ആശംസകൾകും അനുമോദനങ്ങൾക്കും വളരെ നന്ദി.

Leave a Reply

Your email address will not be published. Required fields are marked *