ജൈവ കീടരോഗ നിയന്ത്രണ ഉപാധികളുടെ ഉത്പാദനകേന്ദ്രം തുറന്നു
കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകൾ പ്രവർത്തന മേഖലയായിട്ടുളള പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജൈവ കീടരോഗ നിയന്ത്രണ ഉപാധികളുടെ ഉത്പ്പാദനകേന്ദ്രം പ്രവർത്തനം തുടങ്ങി.
കർഷക ദിനാചരണത്തോടനുബന്ധിച്ച് പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസന്ന കുമാരി ജൈവ രോഗ നിയന്ത്രണ ഉപാധികൾ വിവിധ പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുത്ത കർഷകർക്ക് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
സസ്യകീട രോഗങ്ങൾക്കെതിരെ ഫലപ്രദമായ ജൈവ നിയന്ത്രണ ഉപാധികളായ മിത്ര ജീവാണുക്കളെ ഉത്പ്പാദിപ്പിച്ച് ആവശ്യാനുസരണം കൃഷിക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഗവേഷണ കേന്ദ്രത്തിൽ പുതുതായി ആരംഭിച്ച യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഇവയുടെ ഉപയോഗരീതി, ഉത്പ്പാദനം തുടങ്ങിയവയിൽ പരിശീലനവും നൽകുന്നതാണ്. പ്രാരംഭ ഘട്ടത്തിൽ മിത്ര കുമിളായ ട്രൈക്കോഡർമ്മയും മിത്ര ബാക്ടീരിയയായ സ്യൂഡോമോണാസുമാണ്
ഈ കേന്ദ്രത്തിൽ ലഭ്യമാകുന്നത്. ഇതോടൊപ്പം തന്നെ ഷഡ്പദകീടങ്ങളെ ജൈവികമായി നിയന്ത്രിക്കാൻ കടന്നൽ വർഗ്ഗത്തിൽപ്പെട്ട ട്രൈക്കോഗ്രാമയുടെ മുട്ടകാർഡുകളും കീടങ്ങളെ അക്രമിക്കുന്ന സൂഷ്മ ജീവികളായ ബ്യൂവേറിയ, ലെക്കാനിസീലിയം, പേസിലോമൈസിസ് തുടങ്ങിയവയും ഉത്പ്പാദിപ്പിക്കാനുളള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
വിളകളെ അക്രമിക്കുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതിനുളള സസ്യജന്യ കീടനാശിനി (രക്ഷ) ഉത്പ്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ചടങ്ങിൽ മികച്ച കർഷക തൊഴിലാളിക്കുളള സംസ്ഥാന അവാർഡായ ശ്രമശക്തി അവാർഡ് നേടിയ ചെറുവത്തൂർ പഞ്ചായത്തിലെ മനോഹരൻ.കെ, പച്ചക്കറി ഉത്പാദന മികവിന് അവാർഡ് നേടിയ ചീമേനി തുറന്ന ജയിൽ അധികൃതർ എന്നിവരെ ആദരിച്ചു.
ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി പ്രൊഫ. ഡോ.വനജ. ടി അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കെ.രാജഗോപാലൻ , അസി. പ്രൊഫസർമാരായ ഡോ.സഞ്ജു ബാലൻ, ലീന.എം.കെ എന്നിവർ പദ്ധതി വിശദീകരിക്കുകയും ചെയ്തു.