തെങ്ങിൻ തൈകളിലെ ഇലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാം
പ്രകാശ്. പി
മഴ ശക്തമാകുമ്പോൾ തെങ്ങിൻ തൈകളെ ആക്രമിക്കുന്ന ഇല ചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാം. ഗംഗാറാ തിർസിസ് എന്ന പേരിലറിയപ്പെടുന്ന കീടമാണ് മഴക്കാലത്ത് ഉപദ്രവകാരിയാവുന്നത്. ഇവയുടെ മുട്ട വിരിഞ്ഞു വരുന്ന പുഴുക്കൾ ഇലകളെ മുറിച്ച് ചുരുളുകളാക്കി അതിനുള്ളിൽ ഇരുന്ന് തെങ്ങോലകളെ തിന്നു നശിപ്പിക്കുന്നു. ഓലകളിൽ ഈർക്കിൽ ഭാഗം മാത്രം അവശേഷിക്കുന്ന രീതിയിൽ ഇലകളെ ഇവ ആക്രമിക്കും.
ഇലകളിൽ നിക്ഷേപിക്കുന്ന മുട്ടകൾ ഏതാണ്ട് ഒരാഴ്ച കൊണ്ട് വിരിയുകയും തുടർന്ന് മേൽപ്പറഞ്ഞ രീതിയിൽ തൈങ്ങിൻതൈകളുടെ ഇലകൾ നശിപ്പിക്കുകയും ചെയ്യും. ഇലച്ചുരുളുകളിൽ
പുഴുക്കളെ കാണാനാവും. ഏതാണ്ട് അഞ്ച് ആഴ്ച കൊണ്ട് പൂർണ വളർച്ചയെത്തുന്ന ഇവയുടെ ശരീരത്തിൽ നിറയെ വെള്ളപ്പൊടി നിറഞ്ഞ മെഴുക് ആവരണം കാണാനാവും. തോട്ടത്തിൽ വർഷം മുഴുവൻ ഇവയുടെ സാന്നിദ്ധ്യം ഉണ്ടാകുമെങ്കിലും, മഴ ശക്തമായ ജൂൺ – സെപ്റ്റംബർ മാസങ്ങളിലാണ് ഇവ കൂടുതലായും കാണുന്നത്.
ഇലച്ചുരുകളിനുള്ളിൽ തന്നെയാണ് ഏതാണ്ട് 10 ദിവസം നീണ്ടു നിൽക്കുന്ന ഇവയുടെ സമാധിഘട്ടവും. തവിട്ടു നിറമുള്ള പൂമ്പാറ്റകളുടെ മുൻചിറകുകളുടെ മധ്യ ഭാഗത്തായി വലിയ മൂന്ന് പുള്ളിക്കുത്തുകളും, പിൻചിറകുകളുടെ അറ്റത്തായി മൂന്ന് ചെറിയ പുള്ളിക്കുത്തുകളും കാണാനാവും. പുഴുക്കളോട് കൂടിയ ഇലച്ചുരുളുകൾ ശേഖരിച്ച് തീയിട്ടുനശിപ്പിക്കുകയോ,
നിലത്തിട്ട് ചവിട്ടിയരച്ച് നശിപ്പിക്കുകയോ ചെയ്യാം. സാധാരണ നിലയിൽ നിരന്തരമായുള്ള പരിശോധനയിലൂടെ മേൽപ്പറഞ്ഞ രീതിയിൽ പുഴുക്കളെ നശിപ്പിച്ചാൽ മതി. ആക്രമണം രൂക്ഷമാണെങ്കിൽ മാത്രം കൃഷി ഓഫീസറുടെ ശുപാർശയോടെ കീടനാശിനികൾ തളിക്കാം.
ജൈവനിയന്ത്രണ മാർഗമെന്ന നിലയിൽ ബീവേറിയ ബാസ്സിയാന അടങ്ങിയ കൾച്ചർ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന നിലയിലോ, ബാസ്സിലസ് തുറിഞ്ചിയൻസിസ് കർസ്ടാക്കി (Btk) മൂന്ന് മില്ലി ഒരു ലിറ്റർ
വെള്ളത്തിൽ എന്ന തോതിലോ തളിച്ചു കൊടുക്കാം. സാധാരണ നിലയിൽ പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുക എന്നതാണ് നല്ല
മാർഗ്ഗം. ജൂൺ – സെപ്റ്റംബർ മാസങ്ങളിലാണ് തെങ്ങിൻതൈകൾ നടുന്നത് എന്നതിനാൽ കർഷകർ ഇലചുരുട്ടിപ്പുഴുക്കളുടെ ആക്രമണം ശ്രദ്ധിക്കുകയും ആവശ്യമായ നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും വേണം.
(ഹരിത കേരളം മിഷൻ കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്ററാണ് ലേഖകൻ )