തുയിലുണർത്തു പാട്ടിൻ്റെ… ഓണപ്പുടവയുടെ ആ ഓണക്കാലം
ഓണത്തെക്കുറിച്ച് എഴുതുമ്പോൾ ഓർമ്മകളെ കുറിച്ചെഴുതാനേ സാധിക്കുകയുള്ളു. കാരണം ഓണം ഇന്ന് ഓർമ്മകളിൽ മാത്രമാണ്. ആ ഓർമ്മകൾ അവിസ്മരണീയങ്ങളുമാണ്. മനസ്സിനെ ധന്യമാക്കിയിരുന്ന ചെറുപ്പകാലത്തെ അനുഭവങ്ങളും ഓർമ്മകളുടെ പൂകൂടകൾ തന്നെ. എന്നും വാടാതെ മനസ്സിനെ സമാശ്വസിപ്പിക്കുന്ന, പ്രത്യാശ നൽകുന്ന, നിറഞ്ഞുനിൽക്കുന്ന വർണ്ണപുഷ്പങ്ങൾ തന്നെയാണ്.
സ്കൂൾ ജീവിത കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. സമൃദ്ധിയുടെ നാളുകൾ സമ്മാനിച്ച, സന്തോഷം പകർന്നിരുന്ന ഓണക്കാലം. ഉത്രാടരാത്രിയിൽ അത്താഴം കഴിഞ്ഞ് നേരത്തെ കിടന്നുറങ്ങാൻ പറയുമായിരുന്ന അച്ഛമ്മ. ആദ്യമൊന്നും കാരണമെന്താണെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ എല്ലാ വർഷങ്ങളിലും അതൊരു

പതിവായി മാറിയപ്പോൾ, ഉറക്കമൊഴിച്ച് അച്ഛമ്മയുടെ വിളി കേൾക്കാനായി കാത്തിരിക്കാറുണ്ട്. പൂർണ നിലാവ്
ഒഴുകിക്കൊണ്ട്, അണിമതി പോലും ഓണത്തെ വരവേൽക്കാനായുള്ള
കാത്തിരിപ്പ്. ഏകദേശം പന്ത്രണ്ട് മണിയാകുമ്പോൾ അച്ഛമ്മയുടെ വിളി കേൾക്കാം. എഴുന്നേറ്റ് ഉമ്മറത്തെത്തുമ്പോൾ
നിലവിളക്ക്, അരി, നെല്ല്, ഓണപ്പുടവ, നല്ലെണ്ണ, നേന്ത്രപ്പഴം, പപ്പടം എന്നീ സാധനങ്ങൾ എല്ലാമൊരുക്കി ആരെയോ കാത്തിരിക്കുന്ന അച്ഛൻ, അമ്മ, അച്ഛമ്മ, സഹോദരിമാർ. ഇവരുടെ ഇടയിലേക്ക് കയറിച്ചെന്ന് അമ്മയുടെ അടുത്തു സ്ഥാനമുറപ്പിച്ച് ഞാനും ആ കാത്തിരിപ്പിൽ പങ്കുചേരും. അധികം താമസിയാതെ ഒരു ചെണ്ടയും കൊട്ടിക്കൊണ്ട്, ഞങ്ങളുടെ ആശ്രിതനായി കഴിഞ്ഞിരുന്ന, വീട്ടിൽ പുറത്ത് ജോലി എല്ലാം ചെയ്തിരുന്ന രാമനും ഭാര്യ ഉണ്ണുനീലയും വന്ന് കുറച്ചു മാറി ഞങ്ങളുടെ

പത്തായപ്പുരയുടെ കോലായയിൽ കയറിയിരുന്ന് തുയിലുണർത്തു പാട്ടുപാടുവാൻ തുടങ്ങും. അമ്പലത്തിലെ തേവരെ പാട്ട് പാടി ഉണർത്തുന്നതാണ് തുയിൽ ഉണർത്തൽ. വീടുകൾ തോറും പോയി തുയിലുണർത്തു പാട്ട് പാടി അവരുടെ അവകാശം വാങ്ങുക അന്നൊരു പതിവായിരുന്നു. സ്വതസിദ്ധമായ ശൈലിയിൽ- വീട്ടിൽ ഓരോ അംഗത്തിന്റെയും പേരും, നാളും പറഞ്ഞു പൊലിച്ചു പാടും. അവസാനം എന്റെ പേരും – അവരെന്നെ ഉണ്ണി തമ്പുരാൻ എന്നാണ് വിളിച്ചിരുന്നത്. പാടുന്നതിന്റെ സാഹിത്യമോ അർത്ഥമോ അന്ന് അറിഞ്ഞിരുന്നില്ല. ഈ ചടങ്ങ് ഏകദേശം അരമണിക്കൂറോളം തുടരും. അതുകഴിഞ്ഞ് അവർ തിരിച്ചു പോകുമ്പോൾ അവിടെ ഒരുക്കിവച്ച സാധനങ്ങൾ അവർക്ക് നൽകി അവർക്ക് നന്മകൾ നേരാൻ ഞങ്ങളെ എല്ലാവരെയും അച്ഛമ്മ പറഞ്ഞ് ചട്ടം കെട്ടിയിരുന്നു.
തിരുവോണ ദിവസം രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞു പുതിയ വസ്ത്രങ്ങളുമിട്ട് കൂട്ടുകാരുടെ കൂടെ മുറ്റത്ത് നടന്നിരുന്ന തലമ പന്ത്, ആട്ടത്തല്ല് എന്നീ ആവേശകരമായ കളികളും, വിനോദങ്ങളും കാണാറുള്ള അനുഭവം പ്രത്യേകം എടുത്തു

പറയേണ്ടതാണ്. അതു കഴിയുമ്പോൾ അടുത്ത വീടുകളിൽ നടക്കാറുള്ള സത്രീകളുടെ തുമ്പിതുള്ളൽ, തെരുപറകൽ എന്നീ ഓണക്കാലകളികളെന്നു വിശേഷിപ്പിക്കാവുന്ന പരിപാടികൾ കാണുവാനായി സുഹൃത്തുകളുമൊത്ത് അങ്ങോട്ട് പോകും. വളരെ രസകരമായ ആ കളികൾ കണ്ട് കഴിയുമ്പോഴേക്കും ഓണസദ്യയ്ക്കുള്ള സമയമായിരിക്കും. ഇന്നതെല്ലാം ഓർക്കുമ്പോൾ മനസ്സ് ആകുലപ്പെടാറുണ്ട്. ഇനിയും ഒരിക്കലും തിരിച്ചു വരാത്ത ഓണക്കാലങ്ങൾ, നന്മയുടെയും ഐശ്വര്യത്തിന്റെയും നാളുകൾ.
വലിയ പപ്പടം, ചെറിയ പപ്പടം, രണ്ടോ, മൂന്നോ പായസങ്ങൾ തുടങ്ങി വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ണുവാൻ പന്തിയിൽ കയറി ഇരിക്കാൻ ഒരു തിരക്കാണ്. സദ്യ കഴിഞ്ഞാൽ കൂട്ടുകാരുമൊത്ത് സിനിമയ്ക്ക് പോകുന്നത് അന്നൊരു പതിവായിരുന്നു. അന്നൊരിക്കൽ കണ്ട “ഒരു പെണ്ണിന്റെ കഥ” എന്ന സിനിമ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു. സത്യൻ, ഷീല, അടൂർഭാസി എന്നിവരുടെ മികവുറ്റ, വാശിയേറിയ അഭിനയം, ഇന്നും മനസ്സിൽ തെളിഞ്ഞുവരുന്ന

ഇമ്പമേറിയ ഗാനങ്ങൾ – ഇവയെല്ലാം അതിനെ വളരെ വിശിഷ്ടമായ, ഒരു നല്ല സിനിമ എന്ന ഖ്യാതി നേടിക്കൊടുത്തു എന്നുപറഞ്ഞാൽ അതിൽ യാതൊരു അതിശയോക്തിയും ഇല്ല. സൂര്യഗ്രഹണം, പൂന്തേനരുവി എന്നീ ഗാനങ്ങൾ അന്നത്തെ ഏതോ ഒരോണക്കാലത്തിന്റെ സുന്ദര സ്മരണകൾ മനസ്സിൽ ഉണർത്താറുണ്ട്. സിനിമയിലെ സത്യൻ ചെയ്ത മാധവൻ തമ്പി എന്ന വേഷം – ഘനഗംഭീരമായ ശബ്ദത്തിലുള്ള ആ സംഭാഷണം- ” സിംഹം ജനിക്കുന്നത് തന്നെ ജയിക്കാൻ വേണ്ടിയാണ്, തോൽക്കുന്നവരുടെ കൂട്ടത്തിൽ മുയലുകളും കണ്ടേക്കാം, പക്ഷേ സിംഹം അത് ശ്രദ്ധിക്കാറില്ല”- ഇന്നും ഓർമയിലുണ്ട്.
അതിനെല്ലാം വളരെ വർഷങ്ങൾക്കു ശേഷം, അതായത് തൊണ്ണൂറുകളിൽ ഞാൻ റെക്കോർഡ് ചെയ്ത് പുറത്തിറക്കിയിരുന്ന ഓണപ്പാട്ടുകൾ ഹൃദ്യമായ അനുഭവങ്ങൾ തന്നെയായിരുന്നു. 1985 മുതൽ 2004 വരെ , 20 വർഷക്കാലം സ്ഥിരമായി എല്ലാവർഷവും ഓണപ്പാട്ടുകൾ ഇറക്കാറുണ്ട്. പ്രശസ്തരായ നിരവധി ഗാനരചയിതാക്കൾ, സംഗീതസംവിധായകർ, പിന്നെ യേശുദാസ്, ജയചന്ദ്രൻ, മാർക്കോസ്, ഉണ്ണി മേനോൻ, വേണുഗോപാൽ, എസ്. ജാനകി, ചിത്ര, സുജാത തുടങ്ങിയ ഗായിക

ഗായകരുമായി സഹകരിച്ച് പുറത്തിറക്കിയ ഓണപ്പാട്ടുകൾ – അന്തർലീനമായ പല ആശയങ്ങളും, മോഹങ്ങളും ആ ഗാനങ്ങളുടെ രചനകളിൽ പ്രതിഫലിച്ചിരുന്നു. മനസ്സിൽ അങ്കുരിച്ചിരുന്ന പല ചിന്തകളും, സ്പഷ്ടമായ ഗതകാല സ്മരണകളുടെ അയവിറക്കലായിരുന്നു.
ഗിരീഷ് പുത്തഞ്ചേരി രചിച്ച്, വിദ്യാസാഗർ സംഗീതം നൽകി യേശുദാസ് പാടിയ ആരോ കമഴ്ത്തി വെച്ച, തേവാരമുരുവിടും തത്തേ, ബേണി ഇഗ്നേഷ്യസ് സംഗീതം നൽകി ഗാനഗന്ധർവ്വൻ പാടിയ ഗന്ധർവ്വസംഗീത യാമം, ഓണത്തപ്പനെഴുന്നള്ളും, നീട്ടി കൊയ്തെ എന്നീ ഗാനങ്ങൾ സംഗീതാസ്വാദകർ കൈ നീട്ടി സ്വീകരിച്ച ഗാനങ്ങളിൽ ചിലത് മാത്രം ആണ്. 1995 ൽ ആണെന്ന് തോന്നുന്നു Magnasound എന്ന music labelന് വേണ്ടി ചെയ്ത ഓണപ്പാട്ടുകളും വളരെ പ്രചാരത്തിൽ ഉള്ളവയായിരുന്നു. ‘ഓണം ഓർമ്മകളിൽ’ എന്നായിരുന്നു ആൽബത്തിന്റെ പേര്. വേണുഗോപാൽ,ബിജു നാരായണൻ,സംഗീത എന്നീ ഗായകർ പാടിയ

ഗാനങ്ങൾ സംഗീതാസ്വാദകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളാവയിരുന്നു. രചന, സംഗീതം, ആലാപനം, പശ്ചാത്തല സംഗീതം എന്നീ എല്ലാ ഘടകങ്ങളിലും ഉന്നത നിലവാരം പുലർത്തിയിരുന്ന ആ ഗാനങ്ങൾ ഇന്നും എന്റെ മനസ്സിലുണർത്തുന്ന ഓർമകൾ ഒരു വേറിട്ട അനുഭവം തന്നെയാണ്. ആദ്യമായി ഈ ഗാനങ്ങൾ ദൃശ്യാവിഷ്കരണം ചെയ്ത് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്നു എന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. സംഗീതം ” Magnasound” എന്ന പേരിലാണ് കൊടുത്തിരുന്നത്. എന്നാൽ പാട്ടുകൾ ട്യൂൺ ചെയ്തതും, ബാഗ്രൗണ്ട് സ്കോർ ചിട്ടപ്പെടുത്തിയതും ഞാനടക്കമുള്ള ഒരു ടീം ആയിരുന്നു.
“ഓണം പൊന്നോണം തിരുവോണം
ഓർമ്മകൾ തൻ തിരിനാളങ്ങളിലും
വർണ്ണങ്ങൾ വിരിഞ്ഞുയരുമ്പോൾ
കർണങ്ങളിൽ ഈണം നിറയുന്നു”
ബിജുനാരായണൻ പാടിയ ഈ ഗാനം എന്നും മലയാളികളുടെ മനസ്സിൽ ജീവിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. ഓർമ്മിക്കാനും, ഓർത്തോർത്ത്പുളകം കൊള്ളുവാനും ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് ആ കാലങ്ങൾ കടന്നു പോയി. പ്രജകളെ കാണുവാനായി കേരളക്കരയിൽ എത്താറുള്ള മഹാബലി കാലം വരുത്തി

വെച്ച മാറ്റങ്ങൾ കണ്ട് ആശ്ചര്യപ്പെടുന്നുണ്ടാവാം. വന്നു കഴിഞ്ഞ മാറ്റങ്ങൾ, ആ മഹാരാജാവിന് എത്രത്തോളം ഉൾക്കൊള്ളാൻ സാധിക്കും എന്ന ആശങ്ക നമ്മളിൽ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാവുക തന്നെ ചെയ്യും എന്ന് ഞാൻ കരുതുന്നു. രാമനും ഉണ്ണുനീലിയും ഇന്നില്ല, അവരീ ലോകത്തോട് വിട പറഞ്ഞ് വർഷങ്ങളായി. അവരുടെ മക്കൾക്കോ , കൊച്ചുമക്കൾക്കോ അവരന്നു പാടിയിരുന്ന തുയിലുണർത്തു പാട്ട് ഓർമ്മയുണ്ടാവില്ല. നമ്മുടെ പഴയ സംസ്കാരത്തിന്റെ ഭാഗമായിരുന്ന നിരവധി കാര്യങ്ങൾ ഇന്ന് വെറും ഓർമ്മകൾ മാത്രം. ആ ഓർമ്മപ്പൂക്കൾ കൊണ്ട് പൂക്കളങ്ങൾ തീർത്തു നമുക്ക് ഈ പൊന്നോണം ആഘോഷിക്കാം. കണ്ണിനും, കരളിനും കുളിർമയും ഉന്മേഷവും പകർന്നുകൊണ്ട് മലയാള മണ്ണിന് ആവേശവുമായി വരുന്ന ഒരു പുത്തൻ പൊന്നോണത്തെ നമുക്ക് എതിരേൽക്കാം, ഒരു നല്ല നാളെക്കുള്ള കാത്തിരിപ്പുമായി.
സുരേഷ് മുതുകുളം




















