ഡോ. കെ.പ്രതാപൻ ഡി.വൈ. പാട്ടീൽ സർവ്വകലാശാല വി.സി.യായി ചുമതലയേറ്റു.

മഹാരാഷ്ട്രയിലെ കൊൽഹാപുർ ഡി.വൈ.പാട്ടീൽ കാർഷിക-സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ.കെ.പ്രതാപനെ നിയമിച്ചു. സർവ്വകലാശാലയിൽ നടന്ന ചടങ്ങിൽ അദ്ദേഹം സ്ഥാനമേറ്റെടുത്തു. അഗ്രിക്കൾച്ചർ എഞ്ചിനീയറിങ്, മാനേജ്മെൻ്റ്  തുടങ്ങി എല്ലാ മേഖലയിലുള്ള കോഴ്‌സുകൾക്കും ഇവിടെ ആധുനിക പഠന സൗകര്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരത്തിനടുത്ത പത്മനാഭപുരം കൽക്കുളം സ്വദേശിയാണ്. കേരള കാർഷിക സർവ്വകലാശാലയുടെ ബാലരാമപുരം നാളികേര ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസറും സയൻ്റിസ്റ്റ് ഇൻചാർജുമായി  പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. പ്ലാൻ്റേഷൻ അഗ്രോണമിസ്റ്റായ ഡോ. പ്രതാപൻ രണ്ടര പതിറ്റാണ്ട് കേരളത്തിലെ കാർഷിക പഠന – ഗവേഷണ മേഖലയിൽ പ്രവർത്തിച്ച ശേഷമാണ് വൈസ് ചാൻസലർ പദവിയിലെത്തുന്നത്‌. കൽക്കുളം ഗവ.ഹൈസ്ക്കൂളിലും കോയമ്പത്തൂർ തമിഴ്നാട് കാർഷിക സർവ്വകലാശാലയിലുമായിരുന്നു പഠനം. ബിരുദാനന്തര ബിരുദത്തിനു

ശേഷം കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ്‌
അഡ്മിനിസ്ട്രേഷനിലും ബിരുദം നേടി. 1989 -ൽ മഹാരാഷ്ട്രയിലെ താനെ റബ്ബർ ഗവേഷണ കേന്ദ്രത്തിൽ ശാസ്ത്രജ്ഞനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.1996- ൽ കേരള കാർഷിക സർവ്വകലാശാലയുടെ കാസർകോട് പിലിക്കോട് കേന്ദ്രത്തിൽ അസി. പ്രൊഫസറായി. തുടർന്ന് വെള്ളായണി കാർഷിക കോളേജിലും പ്രവർത്തിച്ചു. 2007- ൽ സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ ഡയരക്ടറായി. 2016 ലാണ് ബാലരാമപുരം

നാളികേര ഗവേഷണ കേന്ദ്രത്തിലെത്തുന്നത്. ഹയർ സെക്കൻ്ററി പ്രിൻസിപ്പലും ചീഫ് എജുക്കേഷൻ ഓഫീസറുമായിരുന്ന കല്പടി വീട്ടിൽ കേശവപിള്ളയാണ് പിതാവ്. അമ്മ ആനന്ദവല്ലീശ്വരി (റിട്ട. ചീഫ് ഫിനാൻസ് ഓഫീസർ, തമിഴ്നാട് വൈദ്യുതി വകുപ്പ്.) തിരുവനന്തപുരത്ത് വൈദ്യുതി ബോർഡിൽ എക്സികുട്ടീവ് എഞ്ചിനീയറായ ശ്രീലതയാണ് ഭാര്യ. മകൾ: പ്രത്യുഷശ്രീഹരി (നെതർലാൻ്റ്സ്). മരുമകൻ: ശ്രീഹരിശ്രീകുമാർ ( കമേഴ്സ്യൽ ഡയരക്ടർ, ടി- സിസ്റ്റംസ്, നെതർലാൻ്റ്സ്.)

Leave a Reply

Your email address will not be published. Required fields are marked *