‘ഇന്ത്യന്‍ ചാര’നായി ബി.എം.കുട്ടി, കൂട്ടാളിയായി പത്രപ്രവര്‍ത്തകന്‍ വി.പി.ആർ !

എൻ.പി.രാജേന്ദ്രൻ

പാക്കിസ്ഥാന്‍ മലയാളിയായ ബി.എം. കുട്ടി എഴുതിയ 528 പേജ് വരുന്ന ‘ഒരു പാകിസ്താന്‍ മലയാളിയുടെ ആത്മകഥ’ എന്ന ദീര്‍ഘകൃതിയില്‍ വാസ്തവകഥകള്‍ ഏറെയുണ്ട്. വിഭജനകാലത്ത് ഉത്തരേന്ത്യന്‍ മുസ്ലിങ്ങളാണല്ലോ അഭയാര്‍ത്ഥികളായി പാക്കിസ്ഥാനിലേക്കു വന്നത്…നല്ല നാടായ കേരളത്തില്‍നിന്ന് എന്തിന് ഇങ്ങോട്ടു വന്നു എന്ന ചോദ്യം പലരും മലപ്പൂറം തിരൂര്‍ വൈലത്തൂര്‍ ചിലവില്‍ ദേശത്ത് ബിയ്യാത്തില്‍ തറവാട്ടുകാരനായ ബി.എം കുട്ടിയോട് ചോദിച്ചിട്ടുണ്ട്. അങ്ങനെ ചോദിച്ചവരില്‍ ഒരാള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന, തൂക്കിക്കൊല്ലപ്പെട്ട സുള്‍ഫിക്കര്‍ അലി ഭൂട്ടോയാണ്. മുന്‍കൂട്ടിയൊരു തീരുമാനമൊന്നുമില്ലാതെ ഏകനായി ചുറ്റിക്കറങ്ങി ആദ്യം കറാച്ചിയിലും പിന്നെ ആരോടും മിണ്ടാതെ ലാഹോറിലേക്കും പോയി അവിടെ രാഷ്ട്രീയപ്രവര്‍ത്തനവും ചില ജോലികളുമൊക്കെയുമായി സ്ഥിരതാമസമാക്കിയ കുട്ടിക്ക് താനെന്തിന് പോയി എന്ന് കൃത്യമായി വിശദീകരിക്കാന്‍ കഴിയാറില്ല.

ആ ദൂരൂഹത കുട്ടിയെ വലിയൊരു അപകടത്തിലും പെടുത്തി. രണ്ടു വര്‍ഷത്തിലേറെ ജയിലിലായി. ഇടതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയപ്രവര്‍ത്തനം ഉണ്ടായിരുന്ന കുട്ടി, രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ച നാളുകളില്‍ ഭാര്യയെയും കൂട്ടി നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത് ചില്ലറ ഭയം കൊണ്ടുതന്നെയായിരുന്നു. പെട്ടന്നു ഇന്ത്യന്‍ വിസ കിട്ടാന്‍ അന്ന് പാകിസ്ഥാനില്‍ 

പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ലേഖകനായിരുന്ന വി.പി രാമചന്ദ്രന്റെ സഹായവും നേടി. വി.പി രാമചന്ദ്രന്‍ പില്‍ക്കാലത്ത് മാതൃഭൂമി പത്രാധിപരും കേരള മീഡിയ അക്കാദമി ചെയര്‍മാനുമെല്ലാം ആയിരുന്നു. ഇക്കഥകളെല്ലാം വായിക്കാന്‍ അദ്ദേഹം ഇപ്പോഴും എറണാകുളം കാക്കനാട്ട് വിശ്രമ ജീവിതം നയിക്കുന്നുണ്ട്. അതു വേറെ കഥ.

നാട്ടില്‍ കുറച്ചുകാലം കഴിച്ചുകൂട്ടിയ ശേഷം എല്ലാം ശാന്തമായി എന്നു കരുതി പാക്കിസ്ഥാനിലേക്കു മടങ്ങിയ കുട്ടിയെ കാത്ത് പൊലീസ് നില്‍പ്പുണ്ടായിരുന്നു. ഒരു കാരണവും പറയാതെ മൂന്നു മാസത്തിലേറെ അവിടെയും ഇവിടെയുമെല്ലാം തടവിലിട്ട ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കാര്യം പറഞ്ഞു.’ നീ മുസ്ലിം ഒന്നുമല്ല. നിന്നെ ചാരവൃത്തക്കു വേണ്ടി ഇന്ത്യ അയച്ചതാണ്. ഖുറാന്‍ ചൊല്ലാനും നിസ്‌കരിക്കാനുമെല്ലാം അവര്‍ പഠിപ്പിച്ചതാണ്. നീ ഇനി ജീവിതകാലം മുഴുവന്‍ ജയിലിലായിരിക്കും. നിന്നെ സഹായിക്കാനാണ് പത്രപ്രവര്‍ത്തക വേഷത്തില്‍ വി.പി. രാമചന്ദ്രന്‍ എന്നൊരു കേരളക്കാരനെ ഇങ്ങോട്ടയച്ചത്. അയാളാണ് നിങ്ങള്‍ക്കും ഭാര്യക്കും കേരളത്തിലേക്കു പോകാനുള്ള ഇന്ത്യന്‍ വിസ ഒറ്റ ദിവസംകൊണ്ട് ശരിയാക്കിത്തന്നത്. ട്രെയിന്‍ യാത്രയില്‍ ഒരു മലയാളി സൈനികോദ്യോഗസ്ഥനുമായി നിങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചില്ലേ. അയാളെ ഇന്ത്യ സര്‍ക്കാര്‍ അയച്ചതാണ്….’ ഇങ്ങനെപോയി പാക് പൊലീസ് ചമച്ച, ബി.എം. കുട്ടിയെപ്പോലും വിശ്വസിപ്പിക്കാവുന്ന തരം കഥ. നിരപരാധിത്തം തെളിയിച്ചു പുറത്തിറങ്ങാന്‍ രണ്ടു വര്‍ഷത്തിലേറെയെടുത്തു. അപ്പോഴേക്കു വി.പി രാമചന്ദ്രന്‍ ട്രാന്‍സ്ഫര്‍ ആയി ഇന്ത്യയിലേക്കു മടങ്ങിയിരുന്നു.

ബി.എം കുട്ടിയുടെ ആത്മകഥയില്‍ ഒരുപാട് കഥകളുള്ളതില്‍ വി.പി.രാമചന്ദ്രന്‍ (വി.പി.ആര്‍ എന്നേ ആരും വിളിക്കൂ ) കഥയില്‍ എനിക്ക് താല്പര്യമേറെയുണ്ടാകാന്‍ കാരണമുണ്ട്. ഞാന്‍ 1981-ല്‍ മാതൃഭൂമിയില്‍ ചേരുമ്പോള്‍ അദ്ദേഹം എഡിറ്ററാണ്. ഞങ്ങളുടെ പ്രായക്കാരുടെ ഗുരു തന്നെ. മാതൃഭൂമി വിട്ട ശേഷം അദ്ദേഹം കേരള പ്രസ് അക്കാദമിയില്‍ പത്തു വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു. ആദ്യം ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട തലവനായും പിന്നെ അക്കാദമി ചെയര്‍മാനായും. ഞാന്‍ അക്കാദമിയില്‍ എത്തുന്നത് 2011ല്‍. അക്കാലത്തെല്ലാം വി.പി.ആര്‍ അക്കാദമിയില്‍ ഇടക്കിടെ വരുമായിരുന്നു.

അങ്ങനെയിരിക്കെ വി.പി.ആറിന്റെ ആത്മകഥ പ്രസിദ്ധപ്പെടുത്താന്‍ അക്കാദമി തീരൂമാനിച്ചു. ആത്മകഥയ്ക്ക് അല്പം കൂടി പോഷകം നല്‍കാന്‍, വി.പി.ആറിനൊപ്പം പ്രവര്‍ത്തിച്ച പഴയ സഹപ്രവര്‍ത്തകരുടെ ഓരോ ഓര്‍മക്കുറിപ്പു കൂടെ കൂട്ടിച്ചേര്‍ത്തു. അതിലൊരാള്‍ ബി.എം. കുട്ടി

എന്ന പാകിസ്ഥാന്‍കാരന്‍ ആയിരിന്നു. ഞാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം ആ കുറിപ്പ് (VPR in Lahore 1957-58 ) ഇ മെയില്‍ ചെയ്തുതരികയാണ് ചെയ്തത്. VPR Revisited എന്നാണ് ആത്മകഥയുടെ പേര്. അതിലെ ആമുഖക്കുറിപ്പ് ഞാന്‍ എഴുതിയതാണ്.

ബി.എം കുട്ടിയുടേത് സുദീര്‍ഘമായ കഥയാണ്. നീണ്ട കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനം, മാറി മാറിയുള്ള ജോലികള്‍, മുന്നു തവണ ജയില്‍വാസം, പല വിദേശയാത്രകള്‍…. നല്ല ഓര്‍മയും ഗവേഷണവും ഇതിനു പിന്നിലുണ്ട്. ഒട്ടനവധി ചരിത്രസംഭവങ്ങള്‍ വിശദാംശങ്ങളോടെ ഇതില്‍ വിവരിക്കുന്നുണ്ട്. കേരളത്തിലേക്കു നടത്തിയ യാത്രകളില്‍ ട്രെയ്‌നില്‍ പരിചയപ്പെട്ട ആളുകളുടെ പേരുകള്‍ പോലും അദ്ദേഹം എഴുതിയിട്ടുണ്ട്. ഇത്രയേറെ വിശദാംശങ്ങള്‍ ഞാന്‍ മറ്റൊരു ആത്മകഥയിലും കണ്ടിട്ടില്ല. വി.പി.ആറിന്റേത് ചെറിയ കഥയാണ്. നൂറ്റമ്പതില്‍ താഴെ പേജ് മാത്രം. വി.പി.ആര്‍ പറഞ്ഞു കൊടുത്തത് അന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായിരുന്ന അങ്കിത ചീരകത്തില്‍ ആണ് പുസ്തകരൂപത്തിലാക്കിയത്. ബി.എം കുട്ടിയുടെ കഥയില്‍ വി. പി.ആര്‍ പലേടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. കൃതി മനോരമ ബുക്‌സ് ആണ് മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയത്.

(മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്ററും കേരള പ്രസ്സ് അക്കാദമിയുടെ മുൻ ചെയർമാനുമാണ് ലേഖകൻ )

Leave a Reply

Your email address will not be published. Required fields are marked *