മൂവായിരം പവൻ്റെ സ്വർണ്ണ ശോഭയിൽ അബ്ദുൾ കലാം

മൂവായിരം പവൻ്റെ സ്വർണ്ണാഭരണങ്ങൾ കൊണ്ട് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിൻ്റെ രൂപം. കൊടുങ്ങല്ലൂരിലെ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷാണ് സ്വർണ്ണാഭരണങ്ങൾ നിരത്തിവെച്ച് കലാമിൻ്റെ രൂപം തീർത്തിരിക്കുന്നത്. ഇന്ത്യയുടെ സുവര്‍ണ്ണ പുരുഷനോടുള്ള ആദരസൂചകമായാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.

മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുൾ കലാമിന്‍റെ ചരമ വാര്‍ഷിക ദിനമായ ജൂലായ് 27 ന് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിനടുത്ത് മിഷന്‍ ക്വാർട്ടേഴ്‌സ് റോഡിലുള്ള ടി സി ഗോള്‍ഡ്‌ ഉടമ ബിജു തെക്കിനിയത്തിന്‍റെയും സുഹൃത്ത്‌ പ്രിന്‍സന്‍ അവിണിശ്ശേരിയുടെയും സഹകരണത്തോടെയാണ് ചിത്രം നിർമ്മിച്ചത്. നിലത്ത് കറുത്ത ഷീറ്റിട്ട് അതിനു മുകളിലാണ് മൂവായിരം പവൻ്റെ ആഭരണങ്ങൾ നിരത്തിയത്. കലാം താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം ചോക്കു കൊണ്ട് 

വരച്ച് ആഭരണങ്ങൾ നിരത്തുകയാണ് ചെയ്തത്. പത്തടി വലുപ്പമുണ്ട് ചിത്രത്തിന്. സ്വര്‍ണത്തിന്‍റെ വളയും മാലയും മോതിരവും പതക്കങ്ങളും കമ്മലും ചെയിനുമൊക്കെ വളരെ സൂക്ഷ്മതയോടെ ഒരുക്കിവെച്ച് അഞ്ചുമണിക്കൂര്‍ കൊണ്ടാണ് ചിത്രം ഉണ്ടാക്കിയത്. നൂറുമീഡിയങ്ങളിലായി ചിത്രം ഉണ്ടാക്കണമെന്ന ആഗ്രഹവുമായി പലസ്ഥലത്തും ചിത്രരചനയിലാണ് സുരേഷ്. വിവിധ മീഡിയങ്ങളില്‍ ചിത്രം തീര്‍ക്കുമ്പോള്‍ സ്വപ്നത്തില്‍ പോലും ഒരിക്കലും വരാത്ത

ഒന്നായിരുന്നു സ്വര്‍ണ്ണം. പക്ഷെ ഇപ്പോൾ സ്വർണ്ണത്തിൽ ചെയ്യാനും ഭാഗ്യമുണ്ടായി. നൂറു മീഡിയതിലേയ്ക്കുള്ള യാത്രയില്‍ എഴുപത്തി ഒന്നാമത്തെ മീഡിയമാണ് സ്വര്‍ണ്ണമെന്ന് സുരേഷ് പറയുന്നു. ചിത്രനിര്‍മാണത്തിന് ടി സി ഗോള്‍ഡ്‌ ജീവനക്കാരും ക്യാമാറാമൻ പ്രജീഷ് ട്രാന്‍സ് മാജിക് എന്നിവരും സഹായത്തിനുണ്ടായിരുന്നു. പുസ്തകങ്ങൾ, വിറക്, ചൂല്, സ്പോട്സ് ഉപകരണങ്ങൾ, ധാന്യങ്ങൾ, കാപ്പിക്കുരു എന്നിങ്ങനെ ഒട്ടേറെ സാധനങ്ങൾ ഉപയോഗിച്ച് ഡാവിഞ്ചി സുരേഷ്  കൗതുക ചിത്രങ്ങൾ ഒരുക്കിയിരുന്നു.

One thought on “മൂവായിരം പവൻ്റെ സ്വർണ്ണ ശോഭയിൽ അബ്ദുൾ കലാം

Leave a Reply

Your email address will not be published. Required fields are marked *