റബ്ബർതോട്ടങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതാ ഭൂപടം തയ്യാറായി

കേരളത്തിലെ റബ്ബർതോട്ടങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളുടെ ഭൂപടം റബ്ബർ ബോർഡ് തയ്യാറാക്കി. ഈ പ്രദേശങ്ങളെ ഉരുൾപൊട്ടലിനുള്ള സാധ്യത കൂടിയത്, ഇടത്തരം, കുറഞ്ഞത് എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഇതിലൂടെ ഓരോ പ്രദേശത്തെയും ഉരുൾപൊട്ടൽ സാധ്യതയ്ക്കനുസരിച്ച് ഏതു തരത്തിലുള്ള കാർഷികവൃത്തികളാണ് ചെയ്യേണ്ടതെന്നും ചെയ്യാതിരിക്കേണ്ടതെന്നും ശുപാർശ ചെയ്യാനും മണ്ണിടിച്ചിൽസാധ്യതകൾ കുറയ്ക്കാനും റബ്ബർബോർഡിന് കഴിയും. കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി തയ്യാറാക്കിയിട്ടുള്ള റബ്ബർതോട്ടങ്ങളുടെ ഉപഗ്രഹ മാപ്പുകളുടെ സഹായത്തോടെയാണ് ഇത് തയ്യാറാക്കിയത്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ റബ്ബർതോട്ടങ്ങളുടെയും റബ്ബർകർഷകരുടെയും വിശദമായ സ്ഥിതിവിവരങ്ങൾ ശേഖരിക്കുന്നതിന് രാജ്യവ്യാപകമായി സെൻസസ്

റബ്ബർബോർഡ് നടത്തുന്നുണ്ട്. ബന്ധപ്പെട്ട വികസനപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് റബ്ബറിന്റെ പുതുക്കൃഷിയും ആവർത്തനക്കൃഷിയും സംബന്ധിച്ച വിവരങ്ങൾ, കൃഷിവിസ്തൃതി, ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള കൃഷിപരിപാലനമുറകളുടെ അനുവർത്തിക്കൽ, വിളവെടുപ്പുരീതികൾ, മരങ്ങളുടെ പ്രായം, പുതിയ നടീലിനങ്ങളുടെ സ്വീകാര്യത, റബ്ബർമേഖലയിലെ തൊഴിലാളികളെക്കുറിച്ചുള്ള വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം ആവശ്യമാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കേരളയുടെ സഹായത്തോടെയാണ് ഇതിനായുള്ള ‘റുബാക് ‘ എന്ന മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇന്ത്യയിലെ റബ്ബർകൃഷിമേഖലകളിൽ ഘട്ടം ഘട്ടമായിട്ടായിരിക്കും സെൻസസ് പൂർത്തിയാക്കുക. ആദ്യഘട്ടമെന്ന നിലയിൽ കോട്ടയം ജില്ലയിൽ സെൻസസിന് തുടക്കം

കുറിക്കും. ലാൻഡ്‌സ്‌ലൈഡ് സൊണേഷൻ മാപ്പിന്റെയും രാജ്യത്തെ റബ്ബർ സെൻസസിനുവേണ്ടി വികസിപ്പിച്ചെടുത്ത ‘റുബാക്’ മൊബൈൽ ആപ്പിന്റെയും ഉദ്ഘാടനം കോട്ടയം ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റബ്ബർബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ നിർവഹിച്ചു. സ്‌പൈസസ് ബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരളയും റബ്ബർബോർഡും സംയോജിതമായി ഏലത്തോട്ടങ്ങളുടെ ഡിജിറ്റലൈസ്ഡ് സോയിൽ ഫെർട്ടിലിറ്റി മാപ്പ് തയ്യാറാക്കുന്നതിനും ‘റബ്‌സിസ്’ (റബ്ബറിന്റെ ഓൺലൈൻ വളപ്രയോഗ ശുപാർശാ സംവിധാനം) മാതൃകയിൽ ഏലത്തിന് ഓൺലൈൻ വളപ്രയോഗ ശുപാർശാ സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനുള്ള ധാരണാപത്രവും ചടങ്ങിൽ കൈമാറി.  ഉദ്ഘാടന ചടങ്ങിൽ പ്രൊഫ. സജി ഗോപിനാഥ് (വൈസ് ചാൻസലർ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള), ഡി. സത്യൻ ഐ.എഫ്.എസ്. (ചെയർമാൻ ആൻ്റ് സെക്രട്ടറി, സ്‌പൈസസ് ബോർഡ്), ഡോ. എം.ഡി. ജെസ്സി (റബ്ബർഗവേഷണകേന്ദ്രം ഡയറക്ടർ-റിസർച്ച് ഇൻ ചാർജ്), എം.ജെ. ലിസ്സി (ജോയിന്റ് ഡയറക്ടർ, സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്ലാനിങ് വിഭാഗം, റബ്ബർബോർഡ്) എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *