ലോക്തക് തടാകത്തിലെ ഒഴുകുന്ന ഫുംഡി ഗ്രാമങ്ങൾ
ഡോ. മനോജ് പി. സാമുവൽ
ഇനിയുമുണ്ട് കയറാൻ. കുര്യൻ സാർ കിതച്ചു കൊണ്ട് പറഞ്ഞു. മണിപ്പൂ
രിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് ഏകദേശം 30 കിലോ മീറ്ററോളം തെക്കു പടിഞ്ഞാറാണിപ്പോൾ. താങ്‌ജിങ് കുന്നുകൾ വനവും പാറയും മരംവെട്ടിയ കാലി സ്ഥലവുമൊക്കെയായി കിഴുക്കാം തൂക്കായ ഭൂപ്രദേശം. 1991ൽ ഒരു വിമാനം ഈ മലയിൽ ഇടിച്ചാണ് തകർന്നത് – വഴികാട്ടിയായ ഇബോബിസിങ് പറഞ്ഞു. മണിപ്പൂരിലെ തനത് മെയ്റ്റെയ് വംശജനാണ് സിങ്. ഒരു പക്ഷേ ട്രൈബൽ വിഭാഗത്തിൽ പെടാത്ത വടക്കു കിഴക്കൻ പ്രദേശങ്ങളിലെ ഏക ജനസമൂഹം. പുരുഷൻമാരേറയും സിങ് എന്നും സ്ത്രീകൾ ദേവി എന്നും പേരിനോടൊപ്പം ചേർക്കുന്നു. 1991 ഓഗസ്റ്റ് 16 നാണ് ഇംഫാൽ വിമാന താവളത്തിലേക്ക് താഴ്നിറങ്ങിയ എയർ ഇന്ത്യ വിമാനം മല നിരകളിൽ ഇടിച്ചു തകർന്നത് വിമാനത്തിലുണ്ടായിരുന്ന 69 പേരും മരിച്ചു. എത്രയോ പേർ കത്തിയമർന്ന സ്ഥലകൂടിയാണല്ലൊ നടക്കുന്നത് എന്നറിഞ്ഞപ്പോൾ കാലിനൊരു വിറയൽ. കുര്യൻ സാർ കയറ്റം കിതച്ചു കിതച്ചു കയറുകയാണ്. ഇബോബിക്ക് ഒരു ക്ഷീണവും കാണാനില്ല. നിത്യാഭ്യാസി ആനയെ എടുക്കും എന്നല്ലേ..
2011 ലാണ് ലോക്തക് തടാകത്തെ കുറിച്ച് പഠിക്കാൻ കോഴിക്കോട് സി.
ഡബ്ല്യൂ. ആർ. ഡി. എം. മുൻ ഡയറക്ടർ ഡോ. ഇ. ജെ ജെയിംസ് സാറിന്റെ നേതൃത്വത്തിൽ മണിപ്പൂരിൽ എത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ആണ് ലോക്തക് .ലോക്തക് എന്ന വാക്കിന്റെ അർത്ഥം ‘നീർച്ചാൽ വരെ’ എന്നാണ്. സാധാരണ സമയങ്ങളിൽ 250 ചതുരശ്ര കിലോ മീറ്ററും നീരോഴുക്ക് കൂടിയ മഴക്കാലത്തിന് ശേഷം ഉഗ്ര രൂപം പൂണ്ട് 500 ചതുരശ്ര കിലോ മീറ്റർ വരെയും വിസ്താരം വയ്ക്കാറുള്ള മഹാജല സമുച്ചയം. അതായത് ഒരു മൂന്ന് നാല് കൊച്ചി നഗരം ഉൾകൊള്ളാനുള്ള ശേഷി. ഒരു ജല വൈദ്യുത പദ്ധതിയും ഏതാനും ചെറുകിട ജല സേചന പദ്ധതികളും ഈ തടാകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. പക്ഷേ സവിശേഷമായ ചില പ്രശ്നങ്ങൾ നേരിടുകയാണ് ഈ ജലാശയം. ‘ഫുംഡി’ എന്ന പേരിൽ അറിയപ്പെടുന്ന മണ്ണും സസ്യങ്ങളും
ജൈവ വസ്തുക്കളും ഒക്കെ ഉൾപ്പെട്ട, വെള്ളത്തിൽ പൊങ്ങി കിടക്കുന്ന ചെറു തുരുത്തുകളാണ് തടാകത്തിന്റെ മുഖ്യ ആകർഷണവും ഭീഷണിയും. തടാകത്തിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്നും ഒഴുകി ഇറങ്ങുന്ന ജൈവ വസ്തുക്കൾ നിറഞ്ഞ മേൽമണ്ണും അതോടൊപ്പം വരുന്ന ജൈവ വസ്തുക്കളും പുല്ലുകളുടെയും സസ്യങ്ങളുടെയും വിത്തുകളും വേരുകളും ഒക്കെ ചേർന്ന് രൂപം കൊണ്ട ഒരു പ്രത്യേക ഭൗമ പ്രതിഭാസം. 40 ചതുരശ്ര കിലോ മീറ്റർ വരെ വ്യാപ്തിയുള്ള ഇത്തരം ഒഴുകി കളിക്കുന്ന ചെറുദ്വീപുണ്ട് തടാകത്തിൽ. അതായത് പൊങ്ങി കിടക്കുന്ന ഒരു ആലപ്പുഴ പട്ടണം! നൂറു കണക്കിന് കുടുംബങ്ങളാണ് ഈ ഫുംഡികളിൽ വസിക്കുന്നത്, ജിപ്സികളെ പോലെ. തടാകത്തിലെ ശുദ്ധജല മത്സ്യങ്ങളെ പിടിച്ചു വിറ്റാണ് ഉപജീവനം. ഫ്യൂംഷോങ് എന്നാണിവരെ വിളിക്കുന്നത്. ലോക്തക് തടാകത്തിലെ മീനുകൾക്ക് ഇമ മാർക്കറ്റിൽ നല്ല പ്രിയമാണ്. ഇമ എന്നാൽ മണിപ്പുരിയിൽ അമ്മ എന്നാണർത്ഥം. അമ്മമാർ മാത്രം നിയന്ത്രിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്ന ഇമ ചന്ത ഇമ്ഫാലിന്റെ പ്രത്യേകതയാണ്.
ലോകത്തെവിടെയും കാണാത്ത ഒരു സവിശേഷത കൂടിയുണ്ട് ഈ തടാകത്തിനും അതിലെ ഫുംഡികൾക്കും. കെയ്ബുൾ ലാംജാ ദേശീയോദ്യാനം ഇതിലാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏക പൊങ്ങി കിടക്കുന്ന, ഒഴുകുന്ന നാഷണൽ പാർക്ക്! സിംഗായ് എന്ന വംശനാശം നേരിട്ട് കൊണ്ടിരിക്കുന്ന പ്രത്യേകതരം മാനുകളുടെ ആവാസ സ്ഥലമാണിവിടം. അറുപതിലധികം ഗ്രാമങ്ങളും മറ്റു നഗര ജനവാസ മേഖലകളും ലോക് തക് തടാകവുമായി ബന്ധപെട്ടു നിലനിൽക്കുന്നു. ഒന്നൊന്നര ലക്ഷം ജനങ്ങൾ ഈ ആവാസ വ്യവസ്ഥയുടെ ഭാഗമാണ്. 1990 ൽ ഈ ശുദ്ധജല തടാകം രാംസാർ പ്രദേശങ്ങളിലൊന്നായി മാറ്റപ്പെട്ടു. അതോടു കൂടി തന്നെ ഈ ശുദ്ധജല തടാകത്തെ നിലനിർത്തേണ്ടത് പ്രകൃതിയോടും ആഗോള സമൂഹത്തോടും സംസ്ഥാനത്തിനും രാജ്യത്തിനും ഉള്ള ഉത്തരവാദിത്തമായിമാറി. ഫുംഡികൾ കൂടുതലായി രൂപപ്പെട്ടു വന്നതോടു കൂടി തടാകം സാവധാനം ഇല്ലാതായി കൊണ്ടിരുന്നു. ഇംഫാൽ എത്താറായപ്പോൾ വിമാനത്തിന്റെ ജനലിൽകൂടി നോക്കിയപ്പോൾ ഇത്ര വലിയ തടാകം ഒന്നും കണ്ടില്ലലോ എന്നോർത്തു. ജലാശയം ഒട്ടു മുക്കാലും ഫ്യൂംഡി തുരുത്തുകളാൽ നിറഞ്ഞിരിക്കുന്നു, ജലം പുറമെ കാണുന്നത് ഏതാനും ഇടങ്ങളിൽ മാത്രം. ഈ സ്ഥിതി ഏറെ ആശങ്കാ ജനകമാണ്. തടാകം ഒരു സ്വാഭാവിക മരണത്തിലേക്ക് നടന്നെടുക്കുന്നു. അതിലെ മത്സ്യം ഉൾപ്പെടെയുള്ള ജല ജീവികളും സസ്യങ്ങളും അതിജീവനത്തിനായി പാടുപെടുന്നു. ജലാശയവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന അനേകായിരം പേരുടെ നിലനിൽപ്പ് തന്നെ ഭാവിയിൽ ബാധിക്കപ്പെട്ടേക്കാം. തടാകവുമായി ബന്ധപ്പെട്ടിട്ടുള്ള വൈദ്യുത- ജല സേചന പദ്ധതികൾ നീരോഴുക്കില്ലാത്തതിനാൽ പ്രവർത്തനം നിർത്തി വെക്കേണ്ടുന്ന സ്ഥിതിയിലാണ്.
പക്ഷേ മറുവശം തീക്ഷ്ണ യഥാർഥ്യങ്ങൾ നിറഞ്ഞതാണ്. ഫുംഡി ഇല്ലാതായാൽ അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മീൻപിടുത്തക്കാർ, അവരുടെ കുടുംബങ്ങൾ, ദേശിയോദ്യാനം, അതിലെ വംശ നാശ ഭീഷണി നേരിടുന്ന മാൻ ഇനം എല്ലാവരുടെയും എല്ലാത്തിന്റെയും നിലനിൽപ്പ് അവതാളത്തിലാകും. ഏതു തരത്തിൽ ചിന്തിച്ചാലും പ്രശ്നം തന്നെ. ഫ്യൂംഡികളിൽ താമസിക്കുന്ന മുക്കുവരെ ഇറക്കി വിടാൻ (ഈ പൊങ്ങി കിടക്കുന്ന സ്ഥലത്തിന് പ്രത്യേകിച്ച് ഭൂരേഖകളോ പട്ടയമോ ഒന്നുമില്ല) സംസ്ഥാന സർക്കാർ ഒരു ശ്രമം നടത്തുകയുണ്ടായി. കൊള്ളിവെപ്പിലും കലാപത്തിലും ആണ് അത് കലാശിച്ചത്. ഈ ദുർഘട സന്ധിയിലാണ് കേന്ദ്ര ആസൂത്രണ ബോർഡിന്റെ (ഇന്നത്തെ നിതിഅയോഗ് ) സഹായത്തോടെ ലോക്തക് വികസന അതോറിറ്റി രൂപീകൃതമായത്. അതിന്റ തുടർച്ച എന്നൊണമാണ് പഠനത്തിനായി ഞങ്ങളുടെ ടീം മണിപ്പൂരിൽ എത്തിയത്.
ലോക്തക് തടാകത്തിൽ ഇനിയും ഫുംഡികൾ രൂപപ്പെടാതെയും ഇപ്പോഴുള്ളവ ഇനിയും വിസ്തൃതി കൂട്ടാതെയും ഇരിക്കുക എന്ന ലക്ഷ്യത്തിലൂന്നിയ പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ചത്. അതിന് ഇടപെടൽ പ്രവർത്തനങ്ങൾ ഉയർന്ന വൃഷ്ടി പ്രദേശങ്ങളിൽ വെച്ചു തന്നെ തുടങ്ങണം. ഏകദേശം ആലപ്പുഴ ജില്ലയുടെ അത്ര തന്നെ വിസ്തീർണം വരുന്ന വൃഷ്ടി പ്രദേശമാകെ നടന്നു. ഓരോ പ്രദേശത്തും ചെയ്യേണ്ട മണ്ണ് -ജല -വന സംരക്ഷണ മാർഗങ്ങളും ഇടപെടൽ പ്രവർത്തനങ്ങളും കണ്ടെത്തി ഒരു നീർത്തട പരിപാലന സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് ആദ്യം ചെയ്തത്. വൃഷ്ടി പ്രദേശത്തെ മണ്ണും ജലവുംസംരക്ഷിക്കാൻ എല്ലായിടത്തും ഒരേ രീതികൾ പറ്റില്ല. ചരിവ്, മണ്ണിന്റെ ഘടന, ഭൂ വിനിയോഗം ഇവയൊക്കെ കണക്കിലെടുത്തു വേണം ഏതു തരം ഇടപെടൽ പ്രവർത്തനങ്ങൾ വേണമെന്ന് തീരുമാനിക്കാൻ. അതാത് സ്ഥലത്തു ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണത്തിനാണ് പ്രാധാന്യം കൊടുത്തത്. സിമെന്റ്, കമ്പി എന്നിവ കൊണ്ടുള്ള നിർമിതികൾ അത്യാവശ്യം വേണ്ടിടങ്ങളിൽ
മാത്രം. കഴിയുന്നതും ആഗ്രോണോമിക്കൽ (കൃഷി – സസ്യ സംബന്ധമായ) പ്രവർത്തനങ്ങൾക്ക് പ്രാധ്യാന്യം കൊടുത്തു. തദ്ദേശീയ പങ്കാളിത്തവും തൊഴിലുറപ്പും ഉറപ്പാക്കി. തുടർ പ്രവർത്തനങ്ങൾക്കും ചെയ്ത നിർമിതികളുടെയും പ്രവൃത്തികളുടെയും പരിപാലനത്തിനായും ചുറ്റുവട്ട കമ്മിറ്റികൾക്ക് രൂപം കൊടുത്തു. ഈ പ്രവർത്തനങ്ങളുടെയും തുടർ പ്രവർത്തികളുടെയും ഫലമെന്നോണം വർഷങ്ങൾ കൊണ്ട് ലോക്തക് തടാകത്തിലെ ഫുംഡികളുടെ വ്യാപ്തിയും വിസ്തൃതിയും കുറഞ്ഞു. വെള്ളം പുറത്തേക്ക് തല നീട്ടി സൂര്യ രശ്മികളുമായി ചേർന്ന് ചിരിച്ചു. പ്രതിഫലിച്ച സൂര്യൻ ശീതകാല തണുപ്പിൽ ആശ്വാസമായി. പരന്ന് കിടക്കുന്ന നീല ജലാശയം വിമാനത്തിൽ നിന്ന് കാണാനായി തുടങ്ങി. കുര്യൻ സാറിനും ഇബോബി സിങ്ങിനും ഒപ്പം കിതച്ചു കയറിയ മലകൾ കലങ്ങിയ വെള്ളത്തിനു പകരം തെളി നീർ ചുരത്തി തുടങ്ങി. വനങ്ങൾ മെല്ലെ മടങ്ങി വന്നു തുടങ്ങി, കൃഷി രീതിയും ഭൂവിനിയോഗവും കൂടുതൽ ശാസ്ത്രീയമായി. പുത്തൻ ഉറവകൾ തുറന്നു വന്നു, തെളിനീരുമായി.
( കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ
ഡയരക്ടറാണ് ലേഖകൻ )
ചിത്രങ്ങൾ : പി.കെ. കുര്യൻ
Gud@💖.. Informative 👍👍