“ചികിത്സയ്ക്ക് ശാസ്ത്ര പഠനം മാത്രം പോര; യുക്തിബോധം കൂടി വേണം”
എൻ. ഇ. സുധീർ
മിടുക്കരായ വൈദ്യന്മാരും ഡോക്ടർമാരും ദീർഘായുസ്സുകളായിരിക്കണം എന്നാഗ്രഹിക്കുന്നതിനു പിന്നിൽ ഒരു സ്വാർത്ഥത ഒളിഞ്ഞിരിപ്പുണ്ട്.
നമ്മളെ കാത്തിരിക്കുന്ന രോഗങ്ങളെ ചികിത്സിക്കാനായി മിടുക്കന്മാർ ഉണ്ടായിരിക്കട്ടെ എന്ന ചിന്തയാണിത്. അങ്ങനെ കേരളം സ്വാർത്ഥ മോഹത്തോടെ ദീർഘായുസായിരിക്കട്ടെ എന്ന് ആഗ്രഹിച്ച ഒരാളാണ് വിട പറഞ്ഞ പി.കെ. വാര്യർ.
അനുകമ്പയാണ് ആയുർവേദത്തിന്റെ അടിസ്ഥാനം എന്നദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചു. അതു പ്രവർത്തിയിലൂടെ കാണിച്ചു തരികയും ചെയ്തു. തന്നെ തേടിയെത്തുന്നവർക്ക് ആരോഗ്യം പ്രദാനം ചെയ്യുക എന്ന ശ്രേഷ്ഠകർമ്മം സന്തോഷത്തോടെ നിർവ്വഹിക്കുകയും ചെയ്തു.
യുക്തിഭദ്രതയോടെയാണ് അദ്ദേഹം തന്റെ കഴിവിനെ നോക്കിക്കണ്ടത് എന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ‘സ്മൃതി പർവം’ എന്ന ഓർമ്മക്കുറിപ്പിൽ അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്.
“ശാസ്ത്ര പഠനം മാത്രം പോരാ ചികിത്സയ്ക്ക്, യുക്തിബോധംകൂടി വേണം. ഇത് രണ്ടും ചേരുമ്പോഴാണ് ചികിത്സ ഫലിക്കുന്നത്. ഈ യുക്തിബോധത്തിന്റെ സത്ഫലമാണ് കൈപ്പുണ്യമെന്ന നിലയിൽ രോഗികൾക്ക് അനുഭവപ്പെടുന്നത്. ഒരു വൈദ്യന് ഇത് മുൻകൂട്ടിത്തീരുമാനിച്ചു വെയ്ക്കാവുന്നതല്ല. കഥകളിയിലെ മനോധർമ്മത്തെപ്പറ്റി കുഞ്ചുനായരാശാൻ പറയുന്നതു പോലെ വൈദ്യവൃത്തിയുടെ മനോധർമ്മമാണിത്. അതാതു സന്ദർഭത്തിൽ താനേ തോന്നണം.”(സ്മൃതിപർവം പേജ് 339).
ഇതാണ് സത്യസന്ധത. കൈപ്പുണ്യത്തെ ഇതിലും ഭംഗിയായി മറ്റാരും വിശദീകരിച്ചു ഞാൻ കണ്ടിട്ടില്ല. വ്യാപാരത്തിലും വാര്യർ സത്യസന്ധത പുലർത്തി. പുസ്തകത്തിൽ മറ്റൊരിടത്ത് അദ്ദേഹം എഴുതി:
“ആയുർവേദത്തിനുണ്ടായ പ്രചാരവും അംഗീകാരവും ആര്യ വൈദ്യശാലയ്ക്ക് വളരെയേറെ പ്രയോജനം ചെയ്തിട്ടുണ്ട്. ആയുർവേദം കൊണ്ട് ആര്യവൈദ്യശാലയും ആര്യവൈദ്യശാല മൂലം ആയുർവേദവും പരസ്പരം പുഷ്ടിപ്പെട്ടു.”(പേജ് 484)
താൻ ഏറ്റെടുത്ത ഉത്തരവാദിത്തത്തെ വിനയത്തോടെ നെഞ്ചോട് ചേർത്തു വെക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സ്മൃതിപർവത്തിൽ നിന്നും ഒരു ഭാഗം കൂടി വായിക്കാം.
“വലിയമ്മാവൻ നട്ട് , ജ്യേഷ്ഠൻ വളമിട്ട് , അനേകർ പരിലാളിച്ച് വളർത്തിയ ഒരു മഹാവൃക്ഷമാണ് ആര്യവൈദ്യശാല. അതിന്റെ കാവൽക്കാരൻ ആവാനുള്ള നിയോഗമാണ് എനിക്ക് ലഭിച്ചത്.”
ഇന്നിതാ ആ കാവൽക്കാരൻ വിട പറഞ്ഞിരിക്കുന്നു. അനുകമ്പയോടെ ആ ജ്ഞാനമേഖലയെ കാത്തുകൊള്ളുക എന്നതാണ് നമുക്കിനി ചെയ്യാനുള്ളത്.
ഒന്നു നേരിൽ കാണണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. അതിനു ഭാഗ്യമുണ്ടായില്ല. ഇനിയും കുറേകാലം അങ്ങ് ഇവിടെയുണ്ടാവുമെന്ന് മനസ്സ് പറഞ്ഞു. അതൊരു യുക്തിരഹിതമായ തോന്നലായിപ്പോയി എന്നറിയാൻ മരണം തന്നെ സംഭവിക്കേണ്ടി വന്നു.