മിമിക്രി വേദികളിലെ പ്രിയ താരമായി മനോഹർ പി.എം.എം.

ശശിധരന്‍ മങ്കത്തില്‍
 
നടൻ മധുവിനോട് ചായക്കട നടത്തുന്ന സുകുമാരൻ… അയ്യോ പാവം, പാവം… കുടിക്കാൻ കാപ്പിയോ അതോ ചായയോ? എടാ എനിക്കൊരു ഗ്ലാസ് വെള്ളം മതിയെന്ന് മധു. ഒന്ന് പോണം… പോണം… വെള്ളം കുടിക്കാൻ വന്നിരിക്കുന്നു ഒരാൾ… എന്ന് സുകുമാരൻ്റെ ഡയലോഗ്. സുകുമാരനും മധുവും  മുന്നിൽ നിൽക്കുന്നതു പോലെ ! മനോഹർ പി.എം.എം.എന്ന മിമിക്രി ക്കാരനാണ് വേദിയിൽ. വേദിയിൽ ഒരാളെ ഉള്ളുവെങ്കിലും സുകുമാരനും മധുവിനും മുമ്പ്
 
 
ജയനും, ശങ്കരാടിയുമൊക്കെ സ്റ്റേജിൽ ഡയലോഗും തമാശയും വിളമ്പിക്കഴിഞ്ഞു. എഴുപതുകളുടെ അവസാനം തൊട്ട് മിമിക്രി എന്ന കലയിലൂടെ ജനങ്ങളുടെ കൈയടി നേടിയ കാസർകോട് നീലേശ്വരത്തെ മനോഹർ പി.എം എം. ഇന്നും ഈ കലയുടെ ഉപാസകനാണ്. നാലു പതിറ്റാണ്ടായി മിമിക്രിയുമായി നാടുചുറ്റിയ മനോഹർ മിമികിയെ ജനകീയവൽക്കരിക്കുന്നതിൽ മികച്ച സംഭാവന നൽകിയിട്ടുണ്ട്.
 
 
എഴുപതുകളിൽ മോണോ ആക്ടിൽ മിമിക്രിയും ഉണ്ടായിരുന്നു.
പിന്നീടാണ് മിമിക്രി എന്ന കലാരൂപം ഇതിൽ നിന്ന് വേർപെടുത്തി പ്രത്യേകമായി അവതരിപ്പിക്കാൻ തുടങ്ങിയത്. എൺപതുകളിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഈ രംഗത്ത് അധികം ആളില്ല. മനോഹർ
തന്നെയായിരുന്നു മിമിക്രി താരം.1980 ൽ ‘അങ്ങാടി’ എന്ന സിനിമ ഇറങ്ങിയപ്പോൾ ചുവന്ന ബനിയനും തലക്കെട്ടുമായി നെഞ്ച് വിരിച്ചുള്ള ജയൻ്റെ ഡയലോഗ് കൈയടി നേടി. “മേബി വിആർ പൂവർ, കൂലിസ്… ട്രോളി പുള്ളേഴ്സ്…ബട്ട്… വിആർ നോട്ട് ബെഗ്ഗേഴ്സ്” ഈ ഡയലോഗ്
 
 
വേണമെന്ന് പലപ്പോഴും സദസിൽ നിന്ന് ആവശ്യപ്പെടുമായിരുന്നു. ശങ്കരാടിയെ അവതരിപ്പിക്കാത്ത വേദിയില്ല. “കാണം വിറ്റും ഓണം ഉണ്ണണം… അതാ പ്രമാണം” എന്ന ഡയലോഗിനൊക്കെ നിർത്താത്ത കൈയടിയായിരുന്നുവെന്ന് മനോഹർ ഓർക്കുന്നു. കോഴിക്കോട് മാവൂരിൽ കലാപരിപാടി ഉദ്ഘാടനം ചെയ്യാൻ നടൻ സുകുമാരൻ വന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് അദ്ദേഹം സദസ്സിലിരുന്ന് ഞങ്ങളുടെ മിമിക്രി കണ്ടു. ഞാൻ അദ്ദേഹത്തെ അനുകരിക്കുകയും ചെയ്തു – അതൊരു സന്തോഷകരമായ അനുഭവമായിരുന്നു – മനോഹർ പറഞ്ഞു. ആദ്യകാലത്ത് പക്ഷികളുടെയും മൃഗങ്ങളുടെയും  ശബ്ദവും  വെസ്റ്റേൺമ്യൂസിക്കും 
 
 
മരണക്കിണറിലെ മോട്ടോർ സൈക്കിളുമൊക്കെയായിരുന്നുവെങ്കിലും പിന്നീട് നടന്മാരുടെ ശബ്ദത്തിനൊപ്പം അത് അഭിനയിച്ച് കാണിക്കാനും തുടങ്ങി. കരുണാകരൻ, അച്യുതാനന്ദൻ തുടങ്ങി പല രാഷ്ടീയ  നേതാക്കളെയും അനുകരിച്ചു. ആനുകാലിക സംഭവങ്ങളും അവതരിപ്പിക്കാൻ തുടങ്ങി. ഫറോക്കിൽ പുലി ഇറങ്ങിയപ്പോൾ പിന്നീട് അതായി സ്റ്റേജിൽ. പുലിയെ തുരത്താൻ നടന്മാർ
 
 
വരുന്നത് അവതരിപ്പിച്ചു. ആദ്യകാലത്ത് ഗാനമേളക്കിടയിലും മറ്റുമായിരുന്നു ഒറ്റയ്ക്കുള്ള മിമിക്രി. അന്ന് 100-200 രൂപ വരെെ കിട്ടി. പിന്നീട് ട്രൂപ്പിലായപ്പോൾ 500 വരെെയായി. ചിറ്റാരിക്കാൽ  ഹൈസ്‌ക്കൂളിലും നീലേശ്വരംം രാജാസ് ഹൈസ്‌ക്കൂളിലുമാണ്‌ പഠിച്ചത്. കാഞ്ഞങ്ങാട് നെഹറു ആർട്സ് ആൻ്റ് സയൻസ്
 
 

കോളേജിലായിരുന്നു പ്രീഡിഗ്രിയും ഡിഗ്രിയും. ആലപ്പി അഷറഫിൻ്റെ മിമിക്രിയാണ് ഈ രംഗത്തേക്ക് ആകർഷിച്ചത്. കോളേജിൽ പ്രശസ്തനായപ്പോൾ നാട്ടിലെ ക്ലബ്ബ് വാർഷികങ്ങൾക്കെല്ലാം മനോഹർ പി.എം.എം. ഒഴിച്ചുകൂടാനാവാത്ത മിമിക്രിക്കാരനായി. പിന്നീട് കോഴിക്കോട്ടെ പി.കെ. ബാബുരാജിൻ്റെ ട്രൂപ്പിലും രമേഷ് പയ്യന്നൂരിൻ്റെ ഫണ്ണി മിമിക്സിലും കണ്ണൂർ ചാപ്ലിൻസ് ഇന്ത്യ ട്രൂപ്പിലും സ്പിന്നേഴ്‌സിലും

പ്രവർത്തിച്ചു. മട്ടന്നൂർ ശിവദാസൻ, ശാർങധരൻ കൂത്തുപറമ്പ്, ബാബുവള്ളിത്തോട് എന്നിവരൊക്കെ ചാപ്ലിൻസിൽ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് രാമചന്ദ്രൻ്റെ ഗാനമേളയിലും പീർ മുഹമ്മദിൻ്റെ ഗാനമേളയിലും കേരളത്തിൽ ഒട്ടേറെ സ്ഥലങ്ങളിൽ മിമിക്രി അവതരിപ്പിച്ചു. നീലേശ്വരംം രാജാസ് ഹൈസ്ക്കൂൾ അധ്യാപകനായി 2010 ലാണ് വിരമിച്ചത്. അധ്യാപകനായിരുന്നപ്പോൾ യുവജനോത്സവങ്ങൾക്ക് കുട്ടികളെ പരിശീലിപ്പിച്ചു. വെസ്റ്റേൺ

മ്യൂസിക്ക്‌ ഗായകൻ കൂടിയാണ്. ജാസ് ഡ്രംസ്, ഓർഗൻ എന്നിവ വായിക്കും. നീലേശ്വരം സെൻ്റ് ആൻസ് സ്കൂൾ അധ്യാപികയായി വിരമിച്ച പ്രേമയാണ് ഭാര്യ. മകൾ ഡോ. ഇൻസി ഗാർഗി (കാസർകോട് അണങ്കൂർ ഗവ. ആയുർവേദ ആസ്പത്രി). മാത്യം കെ.എം. റെജീനമേരി ദമ്പതിമാരുടെ മകനാണ് മനോഹർ. പാലായിൽ നിന്ന് ചിറ്റാരിക്കാലിലേക്ക് കുടിയേറിയവരാണ് മനോഹറിൻ്റെ കുടുംബം. ഇപ്പോൾ നീലേശ്വരം മന്ദംപുറത്ത് കാവിനടുത്താണ് താമസം.

4 thoughts on “മിമിക്രി വേദികളിലെ പ്രിയ താരമായി മനോഹർ പി.എം.എം.

  1. മാഷെക്കുറിച്ച്് വിശദമായി അറിയാന്‍ കഴിഞ്ഞു

  2. A fitting tribute to a great artiste . Remember PMM’s rollicking performances of the 1980s and 90s 👍🏾✊🏾

  3. കുഞ്ഞു നാളിൽ നീലേശ്വരത്തെത്തുമ്പോൾ മിക്കവേദികളിലും പി.എം.എം. മനോഹർ എന്ന മനോഹരൻ മാഷിൻ്റെ ഹാസ്യാനുകരണങ്ങൾ ആരാധനയോടെ കണ്ടിരുന്നിട്ടുണ്ട്. രാജാസ് സ്കൂൾ പ്ലാറ്റിനം ജൂബിലിക്ക് വിശേഷിച്ചും… മലയാള മനോരമ ലേഖകനായി നീലേശ്വരത്തെത്തിയപ്പോൾ ആ ആരാധനാ ബിംബത്തെ അടുത്തറിയാനും സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞത് ഭാഗ്യം.

Leave a Reply

Your email address will not be published. Required fields are marked *