ചരക്കുഗതാഗതം സുഗമമാകും; കണ്ടെയ്നര്‍ കപ്പല്‍ ബേപ്പൂരിലെത്തി
ബേപ്പൂർ തുറമുഖത്തിൻ്റെ പഴയ ഖ്യാതി തിരിച്ചു വരുന്നു. രണ്ടരവര്‍ഷത്തിനു ശേഷം ബേപ്പൂരില്‍ കണ്ടെയ്നര്‍ കപ്പലെത്തി. സര്‍വീസ് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കല്‍ തീരദേശ ചരക്കു കപ്പല്‍ സര്‍വ്വീസിന് ഇതോടെ ഔദ്യോഗിക തുടക്കമായി. കൊച്ചി വല്ലാര്‍പ്പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ നിന്ന് 42 കണ്ടെയ്നറുകളുമായി ‘ഹോപ്പ് -7’ എന്ന കപ്പലാണ് ബേപ്പൂര്‍ തീരത്തടുത്തത്. പുലര്‍ച്ച 3.30ന് പുറംകടലിലെത്തിയ കപ്പലിനെ
മിത്രാ ടഗ്ഗ് തുറമുഖത്തേക്ക് പൈലറ്റ് ചെയ്യുകയായിരുന്നു. ക്രെയിനുകള്‍ ഉപയോഗിച്ച് പതിനൊന്നരയോടെ 40 കണ്ടെയ്നറുകള്‍ ബേപ്പൂരില്‍ ഇറക്കി. ശേഷിക്കുന്നവയുമായി ‘ഹോപ്പ് -7’ അഴീക്കലിലേക്ക് യാത്രയാകും.
പ്ലൈവുഡ്, ടൈല്‍സ്, സാനിറ്ററി ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് ചരക്കുകളില്‍ പ്രധാനമായുള്ളത്. കണ്ടെയ്നര്‍ കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതോടെ മലബാറിലെ ചരക്കുനീക്കം സുഗമമാവും.കൊച്ചി-ബേപ്പൂർ – അഴീക്കൽ
തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ഹരിത ചരക്ക് ഇടനാഴി പദ്ധതി നിലവിലുണ്ട്. കപ്പലുകളിൽ കൊച്ചിയിലെത്തുന്ന കണ്ടെയ്നറുകൾ ചെറിയതുറമുഖങ്ങളിലെത്തിക്കുന്നതിനുള്ള പദ്ധതിയാണിത്. ബേപ്പൂർ എം.എൽ.എ കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസ്, കളക്ടർ എസ്.സാംബശിവറാവു, കേരള മാരിടൈം ബോർഡ് ചെയർമാൻ വി.ജെ. മാത്യു, പോർട്ട് ഓഫീസർ ക്യാപ്റ്റൻ എബ്രഹാം വി. കുര്യാക്കോസ് തുടങ്ങിയവർ തുറമുഖത്ത് എത്തിയിരുന്നു.