കേരളം ഇടിമിന്നൽ ആക് ഷൻ പ്ലാൻ തയ്യാറാക്കുന്നു
ഇന്ത്യയിൽ ഇടിമിന്നലുകൾ ഏറ്റവും സജീവമായ ഭൂപ്രദേശങ്ങളിൽ ഒന്നാണ് കേരളം. എല്ലാ വർഷവും ധാരാളം മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും ഇടിമിന്നലേൽക്കുകയും ജീവഹാനിയുണ്ടാവുകയും ചെയ്യാറുണ്ട്. മറ്റ് കനത്ത നാശനഷ്ടങ്ങളും ഉണ്ടാകാറുണ്ട്. കേരളത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലുകളെ 2015 മുതൽ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നൽ ദുരന്ത ലഘൂകരണമെന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സാങ്കേതിക വിഭാഗമായ സ്റ്റേറ്റ് എമെർജൻസി ഓപ്പറേഷൻസ് സെന്റർ കേരള സംസ്ഥാന ഇടിമിന്നൽ ദുരന്തലഘൂകരണ പ്രവർത്തന മാർഗ്ഗരേഖ ഉണ്ടാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ ഇന്ത്യയിൽ ഒരു സംസ്ഥാനം പ്രസിദ്ധീകരിക്കാൻ പോകുന്ന ആദ്യത്തെ അക് ഷൻ പ്ലാനുകളിൽ ഒന്നായിരിക്കുമിതെന്ന് അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് തയ്യാറാക്കിയ ഇടിമിന്നൽ ആക് ഷൻ പ്ലാൻ മാതൃഭാഷയിലാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത്. കേരളത്തിൽ ഇടിമിന്നൽ ദുരന്ത ലഘൂകരണത്തിനായി സ്വീകരിക്കേണ്ട ഹൃസ്വകാല-ദീർഘകാല നടപടികൾ, ഇടിമിന്നലുമായി ബന്ധപ്പെട്ട ശാസ്ത്രീയ വസ്തുതകൾ, മുന്നറിയിപ്പ് സംവിധാനം, ഇടിമിന്നൽ മൂലമുണ്ടാകാൻ ഇടയുള്ള ആരോഗ്യ പ്രശ്നങ്ങൾ, വിവിധ മേഖലകളിൽ ഇടിമിന്നലുകൾ സൃഷ്ടിക്കുന്ന ആഘാതം, പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയവ പ്ലാനിന്റെ പ്രധാന ഘടകങ്ങളാണ്. ഇടിമിന്നൽ ആക് ഷൻ പ്ലാനിന് അംഗീകാരം
നൽകുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങളും സ്വീകരിക്കുന്നുണ്ട്. അതോടൊപ്പം പൊതുജനങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഒരുക്കുന്നുണ്ട്. ഇതിനായി ഇടിമിന്നൽ ദുരന്ത ലഘൂകരണ പ്രവർത്തന മാർഗ്ഗരേഖയുടെ കരട് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും 2021 ജൂലൈ 10 നുള്ളിൽ lightningactionplankerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നൽകാവുന്നതാണ്. ഇടിമിന്നൽ ആക് ഷൻ പ്ലാൻ കരട് വായിക്കാന്‍: https://sdma.kerala.gov.in/guidelines/